/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല ബസില്‍ കയറി പൊട്ടിച്ചെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശിയായ തിരുവള്ളൂര്‍ പൊളിവാക്കം വിഘ്നേശ്വര്‍ നഗര്‍ സ്വദേശി ഇളയരാജ (46)യെയാണ് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്.
ആറ്റിങ്ങല്‍ ചിറയിന്‍കീഴ് സ്വദേശിനി ശോഭകുമാരിയുടെ 10 പവന്‍ വരുന്ന സ്വര്‍ണമാലയാണ് ആറ്റുകാല്‍ പൊങ്കാല ദിവസം മോഷണംപോയത്. തിരുവനന്തപുരം ആയുര്‍വേദ കോളേജിനു സമീപത്തു വെച്ചായിരുന്നു മോഷണം. പൊങ്കാല ദിവസം കാറിലെത്തിയ ഇയാള്‍ ഉള്‍പ്പെട്ട സംഘം ആക്കുളത്തെ ലുലു മാളിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി.
പൊങ്കാലയുടെ തിരക്കിനിടെ ബസില്‍ ഉള്‍പ്പടെ മോഷണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ പിടിയിലായ ഇളയരാജയുടെ പേരില്‍ പൊള്ളാച്ചിയിലും ചോറ്റാനിക്കര സ്റ്റേഷനിലുംകേസുകളുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.