സ്‌കൂളിലെ ഗണപതി ഹോമം; മാനേജരോട് റിപ്പോര്‍ട്ട് തേടി ഡിഡിഇ

സംഭവത്തില്‍ സ്‌കൂള്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

New Update
IMG-20240215-WA0058

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍ സ്‌കൂളില്‍ ഗണപതി ഹോമം സംഘടിപ്പിച്ച സംഭവത്തില്‍ മാനേജരോട് ഡിഡിഇ റിപ്പോര്‍ട്ട് തേടി. മാനേജരുടെ വിശദീകരണത്തിന് ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് ഡിഡിഇ പറഞ്ഞു. എഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. സംഭവത്തില്‍ വിമര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം സംഘടിപ്പിച്ചത് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയെന്ന് കാട്ടി എഇഒ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Advertisment

നെടുമണ്ണൂര്‍ സ്‌കൂളില്‍ ചൊവ്വാഴ്ച രാത്രിയാണ് പ്രധാനാധ്യാപികയുടെ മുറിയിലടക്കം രണ്ടിടങ്ങളില്‍ ഹോമം നടന്നത്. പൂജ നിര്‍ത്താന്‍ ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടിട്ടും മാനേജര്‍ കൂട്ടാക്കിയില്ലെന്ന് എഇഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹെഡ്മിസ്ട്രസ് വിലക്കിയിട്ടും മാനേജ്‌മെന്റ് പൂജ തുടര്‍ന്ന നടപടി അംഗീകരിക്കാനാവില്ല എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഡിഡിഇ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മാനേജ്‌മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കുക.

സംഭവത്തില്‍ സ്‌കൂള്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെയാണ് പൊലീസെത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്തത്. മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്.

kozhikkode
Advertisment