/sathyam/media/media_files/2026/01/13/photo-1-2026-01-13-17-07-26.jpg)
കൊച്ചി: ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ വികസനത്തിന് എല്ലാ ദ്വീപുകളെയും ബന്ധിപ്പിക്കുന്ന വിധത്തിൽ സംയോജിത ഫിഷറീസ് ഹബ്ബ് സ്ഥാപിക്കണമെന്ന് നിർദ്ദേശം. മത്സ്യ വിപണനം സുഗമമാക്കുന്നതിനും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിനുമുള്ള ഏകജാലക സംവിധാനം യാഥാർത്ഥ്യമാക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് കവരത്തിൽ നടന്ന മത്സ്യമേളയുടെ സമാപന സംഗമം അഭിപ്രായപ്പെട്ടു.
സിഎംഎഫ്ആർഐക്ക് കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദ്വീപ് ഫിഷറീസ് വകുപ്പുമായി ചേർന്നാണ് മത്സ്യമേള സംഘടിപ്പിച്ചത്.
ശാസ്ത്രീയമായ വിപണനം, കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ, മൂല്യവർധിത യൂണിറ്റുകൾ, കയറ്റുമതി സൗകര്യങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ കൊണ്ട് വരാൻ ഫിഷറീസ് ഹബ് വഴി സാധിക്കും. ഇത് ലക്ഷദ്വീപിലെ ട്യൂണ (ചൂര) മത്സ്യബന്ധന മേഖലക്ക് കരുത്താകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
അനുയോജ്യമായ സ്ഥലങ്ങളിൽ കൂട് മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ശാസ്ത്രീയ സ്ഥലനിർണയം അനിവാര്യമാണ്്. പവിഴപ്പുറ്റുകളെയും മറ്റ് പ്രകൃതിദത്ത സ്രോതസ്സുകളെയും സംരക്ഷിച്ചുകൊണ്ട് തന്നെ കടൽപായൽ കൃഷി, അലങ്കാര മത്സ്യകൃഷി എന്നിവയിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും.
സുസ്ഥിരമായ മത്സ്യബന്ധനത്തിന് ശാസ്ത്രീയമായ രീതിയിലുള്ള ഡേറ്റ ശേഖരണം അത്യാവശ്യമാണ്. ഇതിനായി മത്സ്യത്തൊഴിലാളികളെയും ശാസ്ത്രജ്ഞരെയും കോർത്തിണക്കിക്കൊണ്ടുള്ള 'സിറ്റിസൺ സയൻസ്' പദ്ധതികൾക്ക് പ്രാധാന്യം നൽകണം. മത്സ്യത്തൊഴിലാളികൾ, ഗവേഷകർ, സഹകരണ സംഘങ്ങൾ, സംരംഭകർ എന്നിവരുടെ ഏകോപിത പ്രവർത്തനം ദ്വീപിന്റെ വികസനത്തിന് ആവശ്യമാണെന്ന് മത്സ്യമേളയിൽ നടന്ന ഗവേഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും സംഗമം വിലയിരുത്തി.
സമാപന ചടങ്ങിൽ ലക്ഷദ്വീപ് ഫിഷറീസ് ഡയറക്ടർ കെ. ബുസർ ജംഹർ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, ലക്ഷദ്വീപ് കെവികെ മേധാവി ഡോ പി എൻ ആനന്ദ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us