/sathyam/media/media_files/2025/02/18/iluaOYJONLHn8wpq4fi3.jpg)
തിരുവനന്തപുരം: എന്‍ഡിഎഫ്ഡിസി പദ്ധതിയില്‍ വായ്പയെടുത്ത ഭിന്നശേഷിക്കാരില്‍ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു.
ഇതിനു പുറമേ പലിശത്തുകയില്‍ അമ്പത് ശതമാനം ഇളവനുവദിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കാന്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും അനുമതിയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്‍ഡിഎഫ്ഡിസി പദ്ധതി പ്രകാരം വിവിധ സ്വയംതൊഴില്‍, വാഹന, ഭവന, വിദ്യാഭ്യാസ വായ്പയെടുത്ത ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേരും തീവ്ര ഭിന്നശേഷിത്വമുള്ളവരോ ബിപിഎല്‍ വിഭാഗത്തില്‍ പെടുന്നവരോ ആണ്. പ്രളയം, കൊവിഡ് മഹാമാരി എന്നിവയില്‍ നിരവധി ഗുണഭോക്താക്കളുടെ സംരംഭങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പല സ്വയംതൊഴില്‍ പദ്ധതികളും നിലച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഗുണഭോക്താക്കളില്‍ നിന്നുള്ള തിരിച്ചടവ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. വായ്പാ കാലാവധിക്ക് അകത്ത് മരണമടയുന്ന ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ലോണ്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുന്ന പദ്ധതി നിലവില്‍ ഉണ്ട്.
എന്നാല്‍ വായ്പക്കാലാവധിക്കു ശേഷം മരണമടയുന്ന ഗുണഭോക്താക്കള്‍ക്കും വായ്പക്കാലാവധി പൂര്‍ത്തിയായി ദീര്‍ഘകാലമായി പലിശ കുടിശ്ശികയായിരിക്കുന്ന ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കാന്‍ നിലവില്‍ പദ്ധതികളില്ല.
അതിനാലാണ് വായ്പക്കാലാവധി കഴിഞ്ഞ ഗുണഭോക്താക്കളുടെ വായ്പക്കുടിശ്ശികയില്‍ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി, പലിശത്തുകയില്‍ അമ്പതു ശതമാനം ഇളവ് അനുവദിച്ചുകൊണ്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നുള്ള വായ്പാതിരിച്ചടവ് ദീര്‍ഘകാലമായി കുടിശ്ശികയായി നില്‍ക്കുന്ന ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ ഉചിതമായി പരിശോധിച്ചാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.