അധികൃതരുടെ അനാസ്ഥയില്‍ വയനാട് മധ്യവയസ്‌കന് ദാരുണാന്ത്യം. വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്. ഈ ആന അതിര്‍ത്തി കടന്ന വിവരം വനം വകുപ്പ് അറിഞ്ഞില്ലേയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റ് നല്‍കിയില്ല. വനം വകുപ്പ് ഉന്നത് ഉദ്യോഗസ്ഥരും, കളക്ടറും എത്താതെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ആനയുടെ ആക്രണം നടന്ന വിവരം അറിയിച്ചിട്ടും വനം വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നും ആരോപണമുണ്ട്..
അതേ സമയം കാട്ടാനയുടെ റേഡിയോ കോളര്‍ സിഗ്‌നല്‍ നല്‍കാന്‍ കര്‍ണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് വ്യക്തമാക്കി. പലതവണ കത്തയച്ചിട്ടും ആന്റിനയും, റിസീവറും ലഭ്യമാക്കിയില്ല. എന്നാല്‍ ഏത് ആന ആണ് മാനന്തവാടിയില്‍ ഉള്ളതെന്ന് കര്‍ണാടക വനം വകുപ്പിന് വിവരമില്ല. കേരളത്തിലെ വനം വകുപ്പുമായി സംസാരിച്ചു വരികയാണെന്ന് കര്‍ണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡേ പറഞ്ഞു. അന്വേഷിച്ച ശേഷം മാത്രമേ വിവരം നല്‍കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
കാടിറങ്ങുന്ന കൊമ്പന്‍മാര്‍ വയനാട്ടിലും മൂന്നാറിലും പാലക്കാടും ഭീതി പരത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഒരിക്കല്‍ കാടിറങ്ങുന്ന കൊമ്പന്‍മാരെ കര്‍ണാടക-കേരള സര്‍ക്കാരുകള്‍ കാട്ടിലേക്ക് തിരിച്ചയച്ചാലും പിന്നീട് വീണ്ടും ഇത് അനകല്‍ ജനവാസ മേഖലകളില്‍ ഇറങ്ങുകയാണ്. ഇതിന് പിന്നാലെയാണ് കാട്ടാന ആക്രമണത്തില്‍ മരണങ്ങള്‍ സംഭവിക്കുന്നത്. ഇതിന് പരിഹാരമെന്നോണമാണ് കാടിറങ്ങുന്ന ആനകള്‍ക്ക് റേഡിയോ കോളറുകള്‍ ഘടിപ്പിച്ചത്. എന്നാല്‍ അതും ഉപകരാപ്പെടുന്നില്ല. കര്‍ണാടകയും കേരളവും പരസ്പരം പഴിചാരുമ്പോള്‍ ജീവന്‍ ബലി കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരാണ്.