ന്യൂഡല്‍ഹി: സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ഗാന്ധി രണ്ടാം പ്രതിയുമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നിര്‍ണ്ണായക വിധി ഇന്ന്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ദില്ലി റോസ് അവന്യൂ കോടതി ഇന്ന് വിധി പറയും. വിശാല്‍ ഗോഗ്‌നെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
2012 നവംബറില്‍ ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ച നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി കളളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ഏഴുപ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റ 2000 കോടിയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനിയുണ്ടാക്കി വെറും 50 ലക്ഷം രൂപയ്ക്ക് തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നാണ് ഇ ഡിയുടെ ആരോപണം.