/sathyam/media/media_files/IGVEWs4hCuiLnvXh4avp.jpg)
ഡൽഹി: ഉത്തരേന്ത്യയിൽ മഴ തുടരുന്നു. യമുനയിൽ ജലനിരപ്പുയർന്നു. ഡൽഹിയിൽ യമുനയിലെ ജലനിരപ്പ് 205.75 മീറ്ററാണ്. ഇവിടെ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഗുജറാത്തിന്റെ തെക്കൻ, സൗരാഷ്ട്ര മേഖലകളിലെ നിരവധി ജില്ലകളിൽ അതിശക്തമായ മഴ പെയ്തു. നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.
ജുനഗഡ് നഗരത്തിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. കർതാർപൂർ തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു. കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 110 ഓളം പേരെ രക്ഷപ്പെടുത്തി. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സിർസ, ഫത്തേഹാബാദ് ജില്ലകളിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി.
ജൂലൈ 25 മുതൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ മഴ കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസങ്ങളിൽ മധ്യപ്രദേശിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇൻഡോർ, രത്‌ലം, ചിന്ദ്വാര, മന്ദ്‌സൗർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ്. ഇന്ന് കർണാടക, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ന്യൂനമര്‍ദ്ദ സാധ്യതയും ചക്രവാതചുഴികള്‍ രൂപപ്പെട്ടതുമാണ് മഴ ശക്തമാകാന്‍ കാരണം. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.