/sathyam/media/media_files/2024/12/06/Rkj0RV4LePaaZKcjeU0d.jpeg)
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ച് വരുന്ന റേഷന്‍കടകള്‍ അടച്ചുപൂട്ടുവാന്‍ തീരുമാനിച്ചതായി വന്നിട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാരഹിതമാണെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍. റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു.
പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടു പോവുക എന്നതാണ് സര്‍ക്കാര്‍ നയം. റേഷന്‍ വ്യാപാരികള്‍ നേരിടുന്ന സാമ്പത്തികവും നിയമപരവും തൊഴില്‍പരവുമായ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനു വേണ്ടി വകുപ്പുതലത്തില്‍ സമിതി രൂപീകരിച്ചിരുന്നു.
സമിതിയുടെ റിപ്പോര്‍ട്ടിന്മേലുള്ള, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനും, റേഷന്‍കടകളെ വൈവിധ്യവത്ക്കരിച്ച് കൂടുതല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കെ - സ്റ്റോര്‍ പദ്ധതിയില്‍ പരമാവധി റേഷന്‍കടകളെ ഉള്‍പ്പെടുത്താനും, ഇവ വഴി സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍-പൊതുമേഖലാ-സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ ഉല്പന്നങ്ങള്‍ വില്ക്കുന്നതിനുമുള്ള അനുമതി നല്കുന്നത് പരിഗണിയ്ക്കുവാനും യോഗം തീരുമാനിച്ചു.
റേഷന്‍ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തും. റേഷന്‍ വ്യാപാരികള്‍, സെയില്‍സ്മാന്‍മാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിയ്ക്കാനും യോഗത്തില്‍ തീരുമാനമായി.