/sathyam/media/media_files/ZyFkO0SbTCmj1iQ7htUk.jpg)
മുംബൈ: രാജ്യത്തെ മൂന്ന് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ നിർദേശിച്ച വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിഴ. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയ്ക്കാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 10.34 കോടി രൂപയാണ് പിഴ.
നിക്ഷേപകർക്ക് ബോധവൽക്കരണ ഫണ്ട് പദ്ധതി, സാമ്പത്തിക സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് പെരുമാറ്റച്ചട്ടം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന് സിറ്റി ബാങ്കിന് 5 കോടി രൂപ പിഴ ചുമത്തിയതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് കേസുകളിലും, പിഴചകൾ ചുമത്തിയിരിക്കുന്നത് റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു.
കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ നാല് സഹകരണ ബാങ്കുകള്‍ക്കും ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനും (എന്‍.ബി.എഫ്.സി) ആർബിഐ പിഴ ചുമത്തിയിരുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട നിയമപരമായ ചട്ടങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. നാസിക് മര്‍ച്ചന്റ്സ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മെഹ്‍സാന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സാംഗ്ലി സഹകാരി ബാങ്ക് ലിമിറ്റഡ്, പുതുക്കോട്ടൈ കോ ഓപ്പറേറ്റീവ് ഠൗണ്‍ ബാങ്ക് എന്നിവയ്ക്കും സാപ്പേഴ്സ് ഫിനാന്‍സ് ആന്റ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിനുമാണ് പിഴ ചുമത്തിയത്.