/sathyam/media/media_files/2025/10/20/sbi-malideve-2025-10-20-16-39-02.jpg)
കോട്ടയം: മാലിദ്വീപില്‍ നിന്നും ഇന്ത്യയിലേക്ക് എസ്.ബി.ഐ.വഴി അയയ്ക്കാവുന്ന പരമാവധി തുക 400 യുഎസ് ഡോളറില്‍ നിന്ന് 150 ഡോളറായി കുറച്ച നടപടി പിന്‍വലിക്കണമെന്നാവശ്യം. എസ്.ബി.ഐയുടെ നടപടി ഇന്ത്യന്‍ തൊഴിലാളികള്‍ക്കു തിരിച്ചടിയാണ്.
മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഏകദേശം 12,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍- അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, റിസോര്‍ട്ട് സ്റ്റാഫ്, വിവിധ സ്വകാര്യ മേഖല ഉദ്യോഗസ്ഥര്‍ എന്നിവര്‍ നാട്ടിലെ കുടുംബ ചെലവനും മക്കളുടെ വിദ്യാഭ്യാത്തിനും, മാതാപിതാക്കളുടെ ആശുപത്രി ചെലവുകള്‍ക്കും മറ്റു ചിലവഴിക്കാനുമൊക്കെയായാണു പണം നാട്ടിലേക്ക് അയക്കുന്നത്.
വിദേശ നാണ്യത്തിന്റ വരവ് കുറഞ്ഞതു കൊണ്ടാണു റെമിറ്റന്‍സ് ലിമിറ്റ് കുറക്കുന്നത് എന്ന കേവലമായ അറിയിപ്പിനപ്പുറം വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെയും, കൂടുതല്‍ സമയം നല്‍കാതെയുമാണ്, വ്യക്തമായ മുന്നൊരുക്കങ്ങള്‍ നടത്താതെയുമാണ് എസ്.ബി.ഐ. ഈ നയം നടപ്പാക്കിയതെന്നു തൊഴിലാളികള്‍ ആരോപിക്കുന്നു.
ഇതോടെ ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി രാജിവെച്ചു നാട്ടിലേക്കു മടങ്ങുന്ന കാര്യം ആലോചിക്കുകയാണ്. ഇന്ത്യയില്‍ ഉടന്‍ പുതിയ തൊഴില്‍ ലഭിക്കുക ദുഷ്‌കരമായതിനാല്‍, ഈ തീരുമാനം അവരുടെ ഭാവിയെ ഗുരുതരമായി ബാധിക്കാന്‍ ഇടയാകും.
മാലിദ്വീപിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രധാന ബാങ്കിങ് സേവന ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണു റെമിറ്റന്‍സ് നയം വീണ്ടും കടുപ്പിച്ചതോടെ തൊഴിലാളികള്‍ പെട്ട അവസ്ഥയിലാണ്. കൂടാതെ എസ്.ബി.ഐ. ഡെബിറ്റ് കാര്‍ഡ് വഴി ഇന്ത്യയില്‍ നിന്നു മാസം പിന്‍വലിക്കാവുന്ന 100 ഡോളര്‍ സൗകര്യങ്ങളും പുതിയ തീരുമാന പ്രകാരം ഇല്ലാതാക്കി.
ഈ നിയമം ഒക്‌ടോബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനു മുമ്പ് 2024 ഒക്‌ടോബറില്‍ ഉണ്ടായ പരിഷ്‌കരണ പ്രകാരം 500 ഡോളര്‍ ആയിരുന്ന പരിധി 400 ഡോളറായി കുറച്ചിരുന്നു. ആ തീരുമാനം തൊഴിലാളി സമൂഹത്തില്‍ ശക്തമായ ആശങ്കകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെ, ഇപ്പോഴത്തെ 150 ഡോളറിലേക്കുള്ള വെട്ടിക്കുറവു ഗുരുതര പ്രത്യാഘാതങ്ങള്‍ക്കു വഴിവെക്കുമെന്ന് ഇന്ത്യക്കാരായ പ്രവാസികള്‍ പറയുന്നു.