ശിവഗിരി: ശ്രീനാരായണഗുരു മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ശിവഗിരി മഠത്തില്‍ വിപുലമായ ക്രമീകരണങ്ങളാണുള്ളത്.
മഹാത്മജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കുന്നു എന്ന പ്രത്യേകതയും ചടങ്ങുകളുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു.
ഗുരുദേവനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയ ശേഷം ഹരിജനോദ്ധാരണം, മതവിശ്വാസം, അയിത്തോച്ചാടനം ഭാരത സ്വാതന്ത്ര്യസമരം, തുടങ്ങിയുള്ള കാര്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുവാന്‍ മഹാത്മജിക്കായി എന്നു നേരത്തെതന്നെ പരക്കെ ചര്‍ച്ചയായിട്ടുണ്ട്.
ഗാന്ധിജിയാകട്ടെ 'ശ്രീനാരായണ ഗുരുവിന്‍റെ സാര്‍വ്വലൗകി കമായ മനോഭാവത്തില്‍ ഞാന്‍ ആകൃഷ്ടനായിയെന്നും ശിവഗിരിയില്‍ നിന്നും ഞാന്‍ പലതും കൊണ്ടുപോകുന്നു എന്നും പിന്നാലെ തുറന്നു പ്രഖ്യാപിച്ചിരുന്നു.
ശിവഗിരി മഠത്തിന്‍റെയും ഗുരുദേവ പ്രസ്ഥാനങ്ങളുടെയും ഭക്തരുടെയും ഒപ്പം സാമൂഹിക, സാംസ്കാരിക മേഖലകളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഈ സമാഗമ ശതാബ്ദിയില്‍ നാടാകെയുള്ള ഗുരുദേവ പ്രസ്ഥാനങ്ങളും മറ്റു സംഘടനകളും അവയുടെ പ്രവര്‍ത്തകരും മാർച്ച് 12ന് നടക്കുന്ന ശതാബ്ദി ചടങ്ങില്‍ സംബന്ധിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഏവരേയും ശിവഗിരിയിലേക്ക് ക്ഷണിക്കുന്നതായി ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു.