/sathyam/media/media_files/2025/09/14/rini-2025-09-14-17-22-51.jpg)
കൊച്ചി: നടി റിനി ആൻ ജോർജിനെ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ കര്‍ശന നടപടി എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാനാണ് പൊലീസിന്റെ നീക്കം. നടി പരാതിയില്‍ പറയുന്ന വ്യക്തികൾക്കെതിരെ പ്രത്യേകമായിട്ടായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.
രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, ക്രൈം നന്ദകുമാർ അടക്കമുളളവര്‍ക്ക് എതിരെയാണ് പരാതി. ജാമ്യമില്ലാ വകുപ്പ് അടക്കം ചുമത്താവുന്ന കുറ്റം പരാതിയില്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എവിടെ എന്നതില്‍ തീരുമാനമായില്ല. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ആയിരുന്നു റിനിയ്ക്ക് നേരെ സൈബർ ആക്രമണം ശക്തമായത്.
യുവ നേതാവിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് റിനി ആൻ ജോർജ് പരാതി നൽകിയിരുന്നു. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയത്. അപകീര്‍ത്തികരമായ പ്രചാരണം നടത്തി മോശക്കാരിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.