ലൊക്കേഷനുകളിലും ഡയലോഗുകളിലും ക്രിസ്ത്യന്‍ വിരുദ്ധത. എമ്പുരാന്‍ വിമര്‍ശനം തുടര്‍ന്ന് ആര്‍എസ്എസ് മുഖപത്രം. ഇത്തരം വിമര്‍ശനങ്ങള്‍ ഇസ്ലാമിനെതിരെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നും വിമര്‍ശനം

മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ വിമര്‍ശിച്ചുകൊണ്ടുള്ള തുടര്‍ ലേഖനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ ഓര്‍ഗനൈസറിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. 

author-image
മൂവി ഡസ്ക്
New Update
empuran222

മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ വിമര്‍ശിച്ചുകൊണ്ടുള്ള തുടര്‍ ലേഖനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ ഓര്‍ഗനൈസറിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. 

Advertisment

ചിത്രത്തിലേത് ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങള്‍ ആണെന്നാണ് പുതിയ ലേഖനത്തിന്റെ കാതല്‍. സിനിമയിലെ സീനുകള്‍ ചിത്രീകരിച്ച സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പില്‍ പോലും ദുരൂഹതയുണ്ടെന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഇസ്ലാമിനെതിരെ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നുമാണ് ലേഖകന്‍ പറയുന്നത്. ക്രിസ്തുമതത്തിനെതിരായതുകൊണ്ട് ആരും പ്രതികരിക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. 



ചിത്രത്തിലെ ബിബ്ലിക്കല്‍ റെഫറന്‍സുകളുള്ള സംഭാഷണങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പ്രസ്തുത ലേഖനം ആരംഭിക്കുന്നത്. പിന്നീടാണ് ചിത്രത്തിലെ ലൊക്കേഷനുകളും ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന വാദം ഉയര്‍ത്തുന്നത്. ചിത്രത്തിലെ വിദേശ ലൊക്കേഷനുകളിലൊന്നായി ഇറാഖിലെ ക്വറഗോഷ് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്നും ലേഖകന്‍ ആരോപിക്കുന്നു. ഇതിനെതിരെ ക്രിസ്ത്യാനികള്‍ ഉണര്‍ന്നെണീക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. സംഘപരിവാര്‍ അനുകൂല നിലപാട് സ്ഥിരമായി കൈക്കൊള്ളുന്ന ഒരു വ്യക്തിയുടെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിനിമ ക്രിസ്തുമതത്തിനും എതിരാണെന്ന വിമര്‍ശനം ഉയര്‍ത്തുന്നത്.


ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിനെ ഒഴിവാക്കിനിര്‍ത്തിക്കൊണ്ട് സംവിധായകനായ പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ഓര്‍ഗനൈസറിന്റെ മുന്‍ ലേഖനങ്ങള്‍. സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ ഹിന്ദു വിരുദ്ധ നിലപാട് വിമര്‍ശിക്കപ്പെടുന്നുവെന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ വക്താവാണെന്നും  സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്നില്‍ പൃഥിരാജാണെന്നും ഈ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. 


സിഎഎയ്‌ക്കെതിരെ കള്ളം പ്രചരിപ്പിച്ചതില്‍ പ്രഥ്വിരാജിനും ഇന്ദ്രജിത്തിനും പങ്കുണ്ടെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.  മുനമ്പം വിഷയത്തിലും ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണത്തിലും മിണ്ടാത്ത പൃഥ്വിരാജിന് ഇരട്ടത്താപ്പാണെന്നും ഓര്‍ഗനൈസര്‍ ആക്ഷേപിച്ചിരുന്നു.  അതേസമയം സിനിമയെപ്പറ്റി ബിജെപി ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല

Advertisment