കര്‍ണാടക: ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഹിന്ദുപുരത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 11 കിലോഗ്രാമിലധികം സ്വര്‍ണ്ണാഭരണങ്ങളും 36 ലക്ഷം രൂപയും മോഷണം പോയതായി റിപ്പോര്‍ട്ട്. തുമുകുന്ന് ചെക്ക്പോസ്റ്റിനടുത്തുള്ള ശാഖയിലാണ് സംഭവം നടന്നത്.
ഇത് ഒരു ആസൂത്രിതമായി നടത്തിയ മോഷണമാണെന്ന് പോലീസ് സംശയിക്കുന്നു.ബാങ്കിന്റെ പിന്‍ഭാഗത്തെ ജനല്‍ ഗ്രില്ലുകള്‍ മുറിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
അകത്തുകടന്ന ശേഷം, സിസിടിവി സംവിധാനത്തിന്റെ വയറിംഗ് വിച്ഛേദിച്ച് സിസിടിവി പ്രവര്‍ത്തനരഹിതമാക്കുകയും, ലോക്കര്‍ ബലമായി തുറന്ന് സ്വര്‍ണ്ണവും , പണവും മോഷ്ടിക്കുകയും ആയിരുന്നു.
കവര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സംഭവസ്ഥലം വിശദമായി പരിശോധിക്കുകയും ഇവിടെ നിന്ന് വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുകയും ചെയ്തു.
അതേസമയം സംഭവസമയത്ത് ബാങ്കില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ സമീപമുള്ള കെട്ടിടങ്ങളില്‍ നിന്നും കടകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.
രക്ഷപ്പെടാനുള്ള സാധ്യതയുള്ള വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കേസ് രജിസ്റ്റര്‍ ചെയ്യുകയും, സൂചനകള്‍ കണ്ടെത്തുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.