ഡബ്ലിന്‍ : കഴിഞ്ഞ വര്‍ഷം ആറായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിനായി അയര്‍ലണ്ടിനെ തിരഞ്ഞെടുത്തെന്ന് ഐറിഷ് എംബസിയുടെ കണക്കുകള്‍. വിദ്യാഭ്യാസത്തിലെ വൈവിധ്യതയും തൊഴില്‍ സാധ്യതകളും അയര്‍ലണ്ട് സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുമാണ് വിദ്യാര്‍ഥികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുന്നതെന്നാണ് നിരീക്ഷണം.യൂറോപ്പിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് അയര്‍ലണ്ടിന്റേത്.
ഇന്റേണ്‍ഷിപ്പുകള്‍, പ്ലെയ്‌സ്‌മെന്റുകള്‍, ഗവേഷണ അവസരങ്ങള്‍…
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ ഒട്ടേറെ തൊഴില്‍ അവസരങ്ങളും അയര്‍ലണ്ട് ഓഫര്‍ ചെയ്യുന്നു.ടെക്‌നോളജി, ഐടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലൈഫ് സയന്‍സ്, ഫിനാന്‍സ്, എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത് കെയര്‍, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ മേഖലകളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ തൊഴില്‍ സാധ്യതകളുള്ളത്.അയര്‍ലണ്ട് വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളാണ് വിദ്യാര്‍ഥികള്‍ക്ക് ഓഫര്‍ ചെയ്യുന്നത്.ഇന്റേണ്‍ഷിപ്പുകള്‍, പ്ലെയ്‌സ്‌മെന്റുകള്‍, ഗവേഷണ അവസരങ്ങള്‍ എന്നിവയൊക്കെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
പഠനാനന്തരം ജോലി അവസരങ്ങള്‍
അയര്‍ലണ്ടിന്റെ ക്രിട്ടിക്കല്‍ സ്‌കില്‍സ് ഒക്യുപേഷന്‍ ലിസ്റ്റുമായി പഠനത്തെ ഭാവിയില്‍ ബന്ധപ്പെടുത്തുന്നതിനും അവസരം ലഭിക്കും. അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ക്ക് പഠനാനന്തരം ജോലി അവസരങ്ങളും സര്‍ക്കാര്‍ നല്‍കുന്നു.അതിലൂടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും രാജ്യത്ത് തുടരാനും ജോലി ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകും.
വര്‍ക്ക് പെര്‍മിറ്റില്ലാതെ രണ്ടു വര്‍ഷം അയര്‍ലണ്ടില്‍ തുടരാം
തേര്‍ഡ് ലെവല്‍ ഗ്രാജുവേറ്റ് സ്‌കീമിലൂടെ, അയര്‍ലണ്ടില്‍ താമസിക്കുന്ന നോണ്‍ യൂറോപ്യന്‍ (ഇ ഇ എ) ബിരുദധാരികള്‍ക്ക് തൊഴില്‍ തേടുന്നതിന് രണ്ടു വര്‍ഷം വരെ അയര്‍ലണ്ടില്‍ സ്റ്റേ ബാക്കിലൂടെ തുടരാനാകും.ബിരുദധാരികള്‍ മുതല്‍ പി എച്ച് ഡിക്കാര്‍ക്ക് വരെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ ഏത് മേഖലയിലും ജോലി നേടാന്‍ ഇതിലൂടെ സാധിക്കുമെന്നും ഇന്ത്യയിലെ ഐറിഷ് അംബാസഡര്‍ ബ്രണ്ടന്‍ വാര്‍ഡ് വിശദീകരിച്ചു.
ഇംഗ്ലീഷ് ഭാഷ
അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം
മറ്റൊരു നേട്ടമാണെന്ന് ഇന്ത്യയിലെ ഐറിഷ് അംബാസഡര്‍ ബ്രണ്ടന്‍ വാര്‍ഡ് പറഞ്ഞു.
പഠനത്തിന്റെ പ്രാഥമിക മാധ്യമം ഇംഗ്ലീഷായതിനാല്‍ ഭാഷയില്‍ പ്രാവീണ്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനായാസം അക്കാദമിക് മികവുണ്ടാക്കാനാകും. സമശീര്‍ഷരും അധ്യാപകരുമായി എളുപ്പം ബന്ധം സ്ഥാപിക്കാനുമാകും.ഐറിഷ് സര്‍വ്വകലാശാലകളുടെ അക്കാദമിക് മികവും പേരുകേട്ടതാണ്.ലോകത്തിലെ മികച്ച അഞ്ച് ശതമാനം സര്‍വ്വകലാശാലകള്‍ സ്ഥിരമായി അയര്‍ലണ്ടിന്റേതാണെന്നും ബ്രണ്ടന്‍ വാര്‍ഡ് പറയുന്നു.