/sathyam/media/media_files/7YN4HQl5hzqeo4B2xRKB.jpg)
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍ പാമ്പിനെ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സംശയാസ്പദമായ പാഴ്‌സല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് പൊലീസിന് കൈമാറി. പരിശോധനയില്‍ വീടുകളില്‍ വളര്‍ത്തുന്ന ഇനത്തില്‍പെട്ട പാമ്പാണെന്ന് ബോധ്യപ്പെട്ടതോടെയാണ് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന സ്‌കാനിയ സര്‍വീസില്‍ ഇത്തരത്തിലുള്ള അനധികൃത പാഴ്‌സലുകള്‍ പതിവായി എത്തിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കിയാണ് ഇത്തരത്തില്‍പ്പെട്ട പാഴ്‌സലുകള്‍ കടത്തുന്നതെന്നാണ് ആക്ഷേപം.
തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റിന് സമീപം ബസ് തടഞ്ഞ് നടത്തിയ പരിശോധനയില്‍ പാഴ്‌സല്‍ കണ്ടെത്തി. പക്ഷി ആണെന്ന് പറഞ്ഞാണ് പാഴ്‌സല്‍ ഏല്‍പിച്ചതെന്ന് ബസ് ജീവനക്കാര്‍ വിജിലന്‍സിന് മൊഴി നല്‍കി. പാഴ്‌സല്‍ വാങ്ങാനെത്തിയ ആളെയും ചോദ്യം ചെയ്ത് വിട്ടയച്ചു. കേസില്‍ പൊലീസ് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.