വീടിനുള്ളില്‍ 'തല കുനിച്ചിരിക്കുന്ന കുട്ടികളെ' ശ്രദ്ധിക്കണം. കുട്ടികള്‍ കൂടുതല്‍സമയവും മൊബൈലിനും കമ്പ്യൂട്ടറിനു മുന്നിലും ചെലവഴിക്കുന്നത് ഒഴിവാക്കാം. സാമൂഹികജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ശീലങ്ങളും കുട്ടികളെ പഠിപ്പിക്കാം

ഒരുവന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഏറ്റവുംപ്രധാനപ്പെട്ടതാണ് ബാല്യകാലത്ത് അവന്റെ മനസ്സില്‍ കയറിക്കൂട്ടുന്ന അറിവും അനുഭവങ്ങളും.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
School-students.jpg

കോട്ടയം: വേനല്‍ അവധിക്കാലം തുടങ്ങിയതോടെ വീടിനുള്ളല്‍ 'തലകുനിച്ചിരിക്കുന്ന കുട്ടികളുടെ' എണ്ണവും വര്‍ധിച്ചു. ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ അവന്‍ മണിക്കൂറുകള്‍ അങ്ങനെ ഇരുന്നോളും. ഇന്നത്തെ കാലമല്ലേ പുറത്ത് പോയി ചീത്തക്കൂട്ടുകെട്ടുകളില്‍ പെടുകയുമില്ല, മാതാപിതാക്കള്‍ക്കും സന്തോഷം. പക്ഷേ, ഈ മാനോഭാവം വലിയ അപകടത്തിലേക്കാകും കൊണ്ടു ചെന്ന് എത്തിക്കുക. ലഹരി പോലെ തന്നെ വില്ലനാണ് ഡിജിറ്റല്‍ അഡിക്ഷനും.

Advertisment

ഒരുവന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഏറ്റവുംപ്രധാനപ്പെട്ടതാണ് ബാല്യകാലത്ത് അവന്റെ മനസ്സില്‍ കയറിക്കൂട്ടുന്ന അറിവും അനുഭവങ്ങളും. ഇത് എല്ലാ വേനലവധിക്കാലത്തും ഒരുപരിധിവരെയെങ്കിലും എത്തിച്ചുനല്‍കാന്‍ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകേണ്ടിയിരിക്കുന്നു.


ഏറെ വൈകിയുള്ള ഉറക്കം, വൈകിയുള്ള ഉണരല്‍, ഇന്റര്‍നെറ്റ് കളികളിലൂടെയുള്ള യാത്ര, മാളുകളിലെ കറക്കം ഇവയിലൊക്കെ മാത്രമായി കുട്ടികള്‍ ഒതുങ്ങി കൂടുന്ന അവസ്ഥയാണ് ഉള്ളത്. ഇപ്പോള്‍ ലഹരിമാഫിയ സംഘങ്ങള്‍ പിടിമുറുക്കിയതിനാല്‍ കുട്ടികളെ പുറത്തേക്ക് വിടാന്‍ മാതാപിതാക്കള്‍ക്കും മടിയാണ്. മൊബൈല്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്നാല്‍ മറ്റു കുഴപ്പങ്ങള്‍ ഉണ്ടാകില്ലെന്നും മാതാപിതാക്കള്‍ വിശ്വസിക്കുന്നുണ്ട്. 


നമ്മള്‍ക്ക് ചുറ്റും നടക്കുന്ന ഒന്നിനെക്കുറിച്ചുമുള്ള വിചാരമില്ലാതെ ചിന്താശേഷിയില്ലാതെ എല്ലാം മൊബൈല്‍ ഫോണിനും ലാപ്ടോപ്പിനും മുന്നില്‍ അടിയറ വച്ചുള്ള ഈ ശീലവും ഒരു ദുശീലമാണ്. മനുഷ്യന്‍ ലഹരിക്കടിമയാകുന്നത് പോലുള്ള ഒരു തരം ആസക്തി. കുട്ടികളില്‍ മാത്രമല്ല, എല്ലാ പ്രായക്കാരിലുമിതുണ്ടെങ്കിലും വല്ലാതെ ബാധിക്കുന്നത് നമ്മുടെ ഭാവി തലമുറയെയാണ്. 


ഉറക്കമുണര്‍ന്നാലുടന്‍ മൊബൈല്‍ ഫോണ്‍ വേണം. ഊണിലും ഉറക്കത്തിലും കൈയില്‍ മൊബൈലില്ലാതെ പറ്റില്ലാത്ത അവസ്ഥ. സദാസമയവും മൊബൈല്‍ ഗെയിമും ചാറ്റും. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഉപയോഗം ഇതിന് പുറമേ. കേരളത്തിലെ കുട്ടികളില്‍ ഇന്ന് പരക്കെ കാണപ്പെടുന്നതുമായ അപകടകരമായ ഒരു പ്രവണതയാണിത്. 

ഡിജിറ്റല്‍ അഡിക്ഷന്‍ അഥവ ഡിജിറ്റല്‍ ആസക്തിയെന്ന് വിളിക്കുന്ന ഈ ദുശീലവും വെറുതെയങ്ങ് മാറ്റിയെടുക്കാനാകില്ല. ലഹരി മോചന ചികിത്സ പോലെ ഡിജിറ്റല്‍ ആസക്തിയില്‍ നിന്നും മോചനം നേടാനും ചികിത്സ ആവശ്യമാണ്. 


14 മുതല്‍ 17 വരെ പ്രായക്കാരാണ് ഇതില്‍ അകപ്പെടുന്നതില്‍ കൂടുതല്‍ പേരും. ആണ്‍കുട്ടികളാണ് കൂടുതല്‍. ആണ്‍കുട്ടികള്‍ വിനാശകരമായ ഗെയിമുകള്‍ക്കാണ് അടിമപ്പെടുന്നത്. അക്രമാസക്തരായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്ന ഘട്ടങ്ങളിലേക്കുവരെ കുട്ടികള്‍ എത്തുന്നു. പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയിലാണ് അടിമപ്പെടുന്നത്.


കേരള പോലീസിന്റെ ഡി - ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തിയത് ഒന്നും രണ്ടും കുട്ടികളെയല്ല, 775 പേരെയാണ്. കേരള പോലീസിന്റെ സോഷ്യല്‍ പോലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ് (ഡിജിറ്റല്‍-ഡിഅഡിക്ഷന്‍). സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ടത് 1739 പേര്‍. ഇതില്‍ 775 കുട്ടികള്‍ക്ക് പൂര്‍ണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കാന്‍ കഴിഞ്ഞു. ബാക്കി കുട്ടികളുടെ കൗണ്‍സിലിങ്ങും മറ്റും നടന്ന് വരുന്നു എന്നുള്ള വിവരം കേരളാ പോലീസ് പുറത്തു വിട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടുമില്ല. 'എമ്പുരാന്‍' വിവാദങ്ങള്‍ക്കിടെ ഇതു മുങ്ങി പോവുകയായിരുന്നു.


ലഹരി മോചന ചികിത്സ പോലെ ഡിജിറ്റല്‍ ആസക്തിയില്‍ നിന്നും മോചനം നേടാനും ചികിത്സ ആവശ്യമാണ്. ഇതിനായി കേരള പോലീസ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് ഡി-ഡാഡ് പദ്ധതി. ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പോലീസ് നടപ്പാക്കുന്നത്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. 


അതേ സമയം കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുന്നതിലൂടെ ഇത്തരം പ്രവണതകള്‍ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. സര്‍ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാഴ്ചയും ഉള്‍ക്കാഴ്ചയും വളര്‍ത്തിയെടുക്കാന്‍ പ്രാപ്തമാക്കുന്നതുകൂടിയാകണം വേനലവധിക്കാലം. പക്ഷേ, ഒരിക്കലും അടിച്ചമര്‍ത്തരുത് അവരുടെ ഇഷ്ടാനിഷ്ടവികാരങ്ങളെ. കുട്ടികള്‍ക്ക് നല്ലൊരു അവധിക്കാലം സമ്മാനിക്കുക എന്നത് മാതാപിതാക്കളുടെ കടമകൂടിയാണ്.