/sathyam/media/media_files/2025/01/15/NxOzu80WVe1NDy6ooR9b.jpg)
കോട്ടയം: വിദേശരാജ്യങ്ങളിൽ വിവിധ തൊഴിൽ തേടി എത്തുന്നവർക്ക് ദുരിതം ഇരട്ടിക്കുന്നു . കൂടുതലും ഏജന്റിന്റെയോ സ്പോൺസർമാരുടെയോ ചതിയിൽപ്പെട്ടവരാണ്.
ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവരാണ് ചതിയിൽ പെട്ട് നരകയാതന അനുഭവിക്കുന്നത്.
എജന്റുമാർ വാഗ്ദാനം ചെയ്യുന്ന ശമ്പളമോ താമസസൗകര്യമോ ഉണ്ടാവില്ല ജോലി സ്ഥലത്ത് എത്തുമ്പോൾ. എട്ട് മണിക്കൂർ ജോലി എന്നത് പതിനെട്ട് മണിക്കൂർ മുതൽ മുകളിലേക്ക്. ഓവർടൈം കൂലിയും ഇല്ല.
നാട്ടിലെ ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ നിർവാഹമില്ലാത്ത അവസ്ഥയിൽ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്.
വീട്ട് ജോലി, മാളുകളിലെ സെക്യൂരിറ്റി ജോലി അങ്ങനെയുള്ളവയ്ക്കായി എത്തിയവരാണ് തട്ടിപ്പിൽ ഇരയായിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ ജോലിയ്ക്കായി സങ്കേതിക പരിജ്ഞാനം നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
എന്നാൽ കുറുക്ക് വഴികളിലൂടെ രേഖകൾ സംഘടിപ്പിച്ച് ഏജൻസികൾക്ക് ലക്ഷങ്ങൾ നൽകി പോയവരാണ് അകപ്പെട്ടിരിക്കുന്നത്, ഇതിൽ മുപ്പതിനും നാൽപത്തി അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് ഉള്ളത്. പുരുഷൻമാരെക്കാൾ സ്ത്രീകളാണ് തട്ടിപ്പിന് ഇരയാകുന്നത്.
കേരളത്തിലെ എയർപോർട്ടുകളിൽ എമിഗ്രേഷൻ വിഭാഗം ജാഗ്രതയോടെ പ്രവർത്തിക്കുന്നതുകൊണ്ട് അന്യസംസ്ഥാന എയർപോർട്ട് വഴിയാണ് പലരും വിദേശ രാജ്യങ്ങളിൽ ജോലിയ്ക്കായി പോകുന്നത്. സർക്കാരുകൾ ജോലി തേടി പോകുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും മലയാളികളുൾപ്പടെ അത് മുഖവിലക്കെടുക്കാതെ പോകുന്നത് കൊണ്ടാണ് ചതിയിൽ പെടുന്നത് എന്നതാണ് സ്ഥിതി.
തങ്ങളുടെ ഉറ്റവർ ജോലി തേടി ഗൾഫ് രാജ്യങ്ങളിൽ പോയി യാതൊരു വിവരവുമില്ലാതെ വരുമ്പോഴാണ് ബന്ധുക്കൾ പരാതിയുമായി വിദേശ മന്ത്രാലയത്തെ സമീപിക്കുന്നത്. ചിലർ അപ്രതീക്ഷിതമായി മരണപ്പെടുമ്പോൾ ദുരൂഹത ആരോപിച്ച് രംഗത്ത് വരുകയും ചെയ്യും.
ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കൊണ്ടുപോയ എജൻസികളോ, എജന്റുമാരോ മുങ്ങിയിരിക്കും.
വിദേശ രാജ്യങ്ങളിൽ സങ്കേതിക പരിജ്ഞാനം ഇല്ലാത്ത മേഖലയിൽ ജോലി ചെയ്യാൻ തയ്യാറായി പോകുന്നവരുടെ വിവരങ്ങൾ കേരള സർക്കാരിന്റെ കീഴിലുള്ള നോർക്കയും, കേന്ദ്രസർക്കാരും കർശനമായി ശേഖരിക്കണമെന്നാണ് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പറയുന്നത്.
ചതിയിൽ പെട്ട് ഷെൽട്ടർ ഹോമിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. ചതിയിൽ പെട്ടവർ തിരിച്ച് നാട്ടിലേക്ക് മടങ്ങണമെങ്കിൽ നിയമപ്രകാരമുള്ള പൊതുമാപ്പോ, സന്നദ്ധ സാമൂഹിക പ്രവർത്തകരുടെ നിരന്തര ഇടപെടലുകൾ ഉണ്ടാകേണ്ട അവസ്ഥയാണ് ഇന്ന് നിലവിലുള്ളത് എന്നാണ് വിവരം.
വിദേശ രാജ്യങ്ങളിൽ ജോലിയ്ക്കായി പോകുമ്പോൾ കിട്ടിയ ജോലി, ജോലി സ്ഥലം, സ്പോൺസർ എന്നിവരെ കുറിച്ച് വിശദമായി അന്വേഷണം നടത്തുവാൻ സർക്കാരിന്റെ കീഴിൽ ഒരു പൊതു അന്വേഷണ വിഭാഗം വിദേശ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സജീവമായി ഉണ്ടാവണം എന്നാണ് പൊതുവായ അഭിപ്രായം.