Advertisment

കാറുകളും ഇനി ഓണ്‍ലൈനായി വാങ്ങാം; പുതിയ പദ്ധതി അവതരിപ്പിച്ച് ആമസോണ്‍

ഇഷ്ട മോഡലുകളും ഫീച്ചറുകളും ആമസോൺ വഴി തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

New Update
1398283-3.webp

മൊബൈൽ ഫോണും കമ്പ്യൂട്ടറും പോലെ ഇനി കാറുകളും ഓൺലൈനായി വാങ്ങാം. ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയുടെ കാറുകളാണ് ആദ്യഘട്ടത്തിൽ ആമസോണിൽ വിൽക്കുക. ഇഷ്ട മോഡലുകളും ഫീച്ചറുകളും ആമസോൺ വഴി തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. പക്ഷേ ഈ സൗകര്യം ഇന്ത്യയിലല്ലെന്നുള്ളതാണ് നിരാശാജനകമായ കാര്യം. അമേരിക്കയിലാണ് ഓൺലൈൻ സൈറ്റുകൾവഴി കാറുകൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുക. അടുത്ത വർഷം മുതൽ സൗകര്യം ലഭ്യമായിത്തുടങ്ങും. പടിപടിയായാണ് ആമസോൺ കാർ വിപണന രംഗത്തെത്തിയത്.

നേരത്തേ കാറുകളുടെ വിലയും സൗകര്യങ്ങളും താരതമ്യം ചെയ്യാനുള്ള സംവിധാനം ആമസോൺ ഒരുക്കിയിരുന്നു. ഏതാനും ചില രാജ്യങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. ആമസോണിൽ നിന്നും മറ്റു ഉത്പ്പന്നങ്ങൾ വാങ്ങുന്നതുപോലെ തന്നെ വ്യത്യസ്തമായ പെയ്‌മെന്റ് ഓപ്ഷനുകൾ കാറുകൾക്കും ലഭിക്കും. പണമിടപാടുകൾ അവസാനിച്ച ശേഷം അടുത്തുള്ള ഷോറൂമിൽ പോയി വാഹനം കൈപ്പറ്റാം.

അതല്ലെങ്കിൽ വാഹനഡീലർ വാഹനം വീട്ടിലേക്ക് നേരിട്ട് എത്തിച്ചുനൽകുകയും ചെയ്യും. കാർ വിൽപനയിലും മറ്റു ഉത്പന്നങ്ങളിലെന്ന പോലെ തന്നെ ഒരു ഇടനിലക്കാരന്റെ വേഷമാണ് ആമസോണിനുണ്ടാവുക. കാർ കമ്പനികളുടെ ഔദ്യോഗിക വിതരണക്കാർ വഴി തന്നെയാണ് ഉപഭോക്താക്കൾക്ക് വാഹനങ്ങൾ ലഭിക്കുക. ഡീലർമാർക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിക്കാൻ തങ്ങളുടെ പുതിയ പദ്ധതി ഗുണംചെയ്യുമെന്നുമാണ് ടെസ്‌ലയുടെ അവകാശവാദം. ഹ്യുണ്ടേയ്ക്കു പിന്നാലെ മറ്റു കാർ കമ്പനികളും ആമസോണുമായി സഹകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.

#Amazon
Advertisment