കോട്ടയം : തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മീന്‍ പിടിക്കാന്‍ എത്തുന്നവര്‍ക്കു ചാകര.. കൊഞ്ചും കരിമീനുമൊക്കെയാണ് ഇപ്പോള്‍ സുലഭമായി കിട്ടുന്നത്. മീന്‍ സുലഭമായതോടെ ചൂണ്ടയിടാനും ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. അവധിക്കാലമായതിനാല്‍ പലരും കുട്ടികളോടൊപ്പമാണ് എത്തുന്നത്.
നാടന്‍ മുഷി, കോല, വാളക്കൂരി, ആറ്റുവാള, വരാല്‍, ആറ്റുകൊഞ്ച്, ചെമ്മീന്‍, പൂമീന്‍, നങ്ക്, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനം ഏപ്രില്‍, മേയ് മാസങ്ങളിലാണ് നടക്കുന്നത്. ബണ്ട് അടഞ്ഞു കിടന്നതു മൂലം ഉപ്പുവെള്ളം ഇതുവരെ കായലിലേക്ക് കയറാത്തതിനാല്‍ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചിരുന്നു.
കുട്ടനാട്ടില്‍ ചില സ്ഥലങ്ങളില്‍ കൊയ്ത്ത് പൂര്‍ത്തിയായില്ലെങ്കിലും ബണ്ട് തുറക്കണമെന്ന ആവശ്യം ശക്തമാക്കി മത്സ്യതൊഴിലാളികള്‍ രംഗത്തുവന്നത് ഇക്കാരണത്താലാണ്. ഷട്ടര്‍ തുറന്നത് മത്സ്യ സമ്പത്തിന്റെ വര്‍ധനയ്ക്കു കാരണമാകുമെങ്കിലും ആശങ്കകള്‍ ഏറെയാണ്.
വേലിയേറ്റത്തില്‍ കടലില്‍ നിന്ന് ഒഴുകിയെത്തുന്ന ഉപ്പുവെള്ളം ആറുകളിലും തോടുകളിലും എത്തി കുടിവെള്ള വിതരണം തടസപ്പെടുമെന്ന ആശങ്ക ഉയരുന്നു. മുന്‍ വര്‍ഷങ്ങളില്‍ മീനച്ചിലാറ്റില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ച് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞിരുന്നു. ഇത്തണ തടയണ നിര്‍മ്മാണത്തിന്റെ പ്രാരംഭ ടെന്‍ഡര്‍ പോലും ആരംഭിച്ചിട്ടില്ല. ഇതിന് ഒരു മാസമെങ്കിലും എടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതലായതിനാല്‍ മോട്ടോര്‍ തകരാറിലാകും, പമ്പിംഗിനെയും ബാധിക്കും. കുടിവെള്ളത്തില്‍ ഉപ്പ് കലരുന്നത് ജലജന്യരോഗങ്ങള്‍ക്കും പകര്‍ച്ചവാധികള്‍ക്കും കാരണമാകും. ഡിസംബര്‍ 15 ന് ബണ്ടിന്റെ ഷട്ടറുകള്‍ താഴ്ത്തി മാര്‍ച്ച് 15 ന് തുറക്കുകയാണ് പതിവ്. കൃഷി പൂര്‍ത്തിയാകാത്തതിനാല്‍ ഒരു മാസം വൈകിയാണ് ബണ്ട് തുറന്നത്.