/sathyam/media/media_files/It0hhnKLRae8LALbajG1.jpg)
കോട്ടയം : സ്വകാര്യ ബസ് ജീവനക്കാരുടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി ജില്ലാതലത്തില്‍ പ്രത്യേക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. അമിതവേഗം, നിയമലംഘനം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരെ സീറോ ടോളറന്‍സ് പോളിസി പ്രഖ്യാപിച്ചു കര്‍ശനമായ ശിക്ഷാനടപടികള്‍ ഉറപ്പാക്കണം.
ബസ് ഉടമകള്‍ക്കും ഡ്രൈവര്‍ക്കും സുരക്ഷാ ബോധവത്ക്കരണ പരിപാടികള്‍ സംസ്ഥാന - ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കണം. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നിയമലംഘനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള ഓണ്‍ലൈന്‍, ഹെല്‍പ്പ് ലൈന്‍ സംവിധാനം ശക്തിപ്പെടുത്തണം. അപകടങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി വീഴ്ചയുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കണമെന്നും കെ. ബൈജുനാഥ് നിര്‍ദ്ദേശിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രണ്ടുമാസത്തിനകം ഉത്തരവ് നടപ്പിലാക്കി നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ ജൂലൈ 11 ന് വൈകിട്ട് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തിയ സ്വകാര്യബസിനെതിരെയാണു പരാതി. ബസ് ആനിത്തോട്ടത്ത് നിര്‍ത്തിയപ്പോള്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തു. യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണ് അപകടം സംഭവിച്ചിരുന്നു.
ബസ് ഡ്രൈവറുടെ ലൈസന്‍സും കണ്ടക്ടറുടെ കണ്ടക്ടര്‍ ലൈസന്‍സും ആറു മാസത്തേക്ക് അയോഗ്യമാക്കിയതായി കോട്ടയം ആര്‍.ടി.ഒ. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. രണ്ടു പേര്‍ക്കും ഐ.ഡി.ടി.ആര്‍. പരിശീലനം നല്‍കും. ബസില്‍ നിന്നും പെണ്‍കുട്ടി വീണതായി മനസിലാക്കിയിട്ടും ബസ് നിര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നിയമങ്ങളുടെ അഭാവമല്ല കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥതലത്തിലുള്ള കാര്യക്ഷമതയില്ലായ്മയാണ് കാരണം. പൊതുഗതാഗത രംഗത്ത് മൂല്യവത്തായ ട്രാഫിക് സംസ്‌ക്കാരം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ എ. അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണു നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us