വീണാ ജോര്‍ജിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് പിന്നീട് ചര്‍ച്ച ചെയ്യാം. പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം, കുടുംബങ്ങളെ എത്ര സഹായിച്ചാലും മതിയാകില്ല: മുഖ്യമന്ത്രി

കുവൈറ്റ് അപകടത്തില്‍ മരിച്ച പ്രവാസികളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചിയിലെത്തിയതാണ് മുഖ്യമന്ത്രി.

New Update
cm ministers.jpg

കൊച്ചി: പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങള്‍ക്കുണ്ടായത് തീരാ നഷ്ടമാണ്.സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണ്. ഈ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈറ്റ് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരും ഇതിന്റെ വേഗം കൂട്ടാന്‍ ശ്രമിക്കണം. 

Advertisment

കുവൈറ്റ് സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. തുടര്‍നടപടികള്‍ കുറ്റമറ്റ രീതിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരും വേണ്ട രീതിയില്‍ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് നേരിട്ട് പോകുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കുടുംബങ്ങളെ എത്ര കണ്ട് സഹായിച്ചാലും മതിവരില്ല. ഞെട്ടലോടെയാണ് നാടാകെ ഈ വാര്‍ത്ത കേട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് അപകടത്തില്‍ മരിച്ച പ്രവാസികളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചിയിലെത്തിയതാണ് മുഖ്യമന്ത്രി. തന്റെ അഭിപ്രായത്തില്‍ ഒരു കാര്യത്തില്‍ ശരിയല്ലാത്ത സമീപനം ഉണ്ടായെന്ന് മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാല്‍ വിവാദത്തിനുള്ള സമയമല്ലെന്നും ഇതില്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ശ്രമം ഉണ്ടാവണം. കുവൈറ്റുമായി നിരന്തര ഇടപെടല്‍ വേണമെന്നും ഏകോപിതമായ ശ്രമങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

23 മലയാളികളാണ് കുവൈറ്റില്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചു. ഇതുവരെ 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളി കെ ജി എബ്രഹാമിന്റെ എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചിരിക്കുന്നത്.

kuwait pinarayi vijayan
Advertisment