പ്രദേശവാദികളുടെ ശബ്ദമായി ദി ലെപേഡ്സ് ട്രൈബ്- ഡോക്യുമന്‍ററി പ്രദര്‍ശനം

New Update
KBF 1

കൊച്ചി: വികസന വിരോധമല്ല, മറിച്ച് സുസ്ഥിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന സന്ദേശം നല്‍കിയാണ് മിറിയം ചാണ്ടി മേനാച്ചേരി സംവിധാനം ചെയ്ത ദി ലെപേഡ് ട്രൈബ്(പുള്ളിപ്പുലിയുടെ ആദിവാസികള്‍) എന്ന ഡോക്യുമന്‍ററി പ്രദര്‍ശനം നടന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഇടപ്പള്ളി കേരള മ്യൂസിയത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം പങ്കാളിത്തം കൊണ്ടും വിഷയത്തിന്‍റെ പ്രസക്തി കൊണ്ടും ശ്രദ്ധേയമായി.

മുംബൈയിലെ ആരേ വനമേഖല മെട്രോ കാര്‍ ഷെഡിനായി ഏറ്റെടുക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മിറിയം ഈ ഡോക്യുമന്‍ററി ഒരുക്കിയിട്ടുള്ളത്. ആരേ വനമേഖലയിലെ ദൈവമാണ് പുള്ളിപ്പുലി. നിത്യവും പൂജ ചെയ്ത് ആരാധിക്കുന്ന ഈ വനമേഖലയാണ് വികസനത്തിനായി ഇല്ലാതാകുന്നത്. പുലിയെ ആരാധിക്കുന്ന ആദിവാസി സമൂഹത്തിന്‍റെ ജീവതത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ വലിയ പാഠം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് മിറിയം.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ മുഴുവന്‍ വികസന വിരോധികളെന്ന് മുദ്രകുത്തുന്ന കാലമാണിതെന്ന് ചിത്രപ്രദര്‍ശനത്തിന് ശേഷം മിറിയം സദസ്സുമായി നടത്തിയ സംവാദത്തില്‍ പറഞ്ഞു. വികസനം വേണ്ടെന്ന് ആര്‍ക്കും പറയാനാകില്ല. പക്ഷെ സുസ്ഥിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവേഷണമോ ചര്‍ച്ചയോ നടക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
 
കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഏറെ പണിപ്പെട്ടാണ് ഈ ഡോക്യുമന്‍ററി പൂര്‍ത്തിയാക്കിയതെന്ന് മിറിയം പറഞ്ഞു. തനത് ജനതയും സംസ്ക്കാരവും മാഞ്ഞു പോകുന്ന കാഴ്ചയാണ് മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആരേ വനമേഖലയ്ക്ക് പുറത്തുള്ള പ്രദേശവാസികള്‍ക്കും പുള്ളിപ്പുലികള്‍ ജീവിതചര്യയുടെയും സംസ്ക്കാരത്തിന്‍റെയും ഭാഗമാണെന്ന് അവര്‍ പറഞ്ഞു.

നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഡോക്യുമന്‍ററിയാണ് ദി ലെപേഡ്സ് ട്രൈബ്. 2023 ല്‍ ബ്രിട്ടനിലെ വണ്‍ വേള്‍ഡ് മീഡിയ അവാര്‍ഡ്, 2024 ലെ ആള്‍ ലിവിംഗ് തിംഗ് പരിസ്ഥിതി ചലച്ചിത്രമേളയിലെ പരമോന്നത പുരസ്ക്കാരം, 2022 ലെ കേരള അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ജൂറി പ്രത്യേക പുരസ്ക്കാരം എന്നിവയും ഈ ഡോക്യുമന്‍ററി കരസ്ഥമാക്കിയിട്ടുണ്ട്..

Advertisment