/sathyam/media/media_files/r2nS6EF2igZ15XpRjxAN.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സർക്കാരിന്റെയും ജനപ്രതീയിൽ ഇടിവെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദനേഷൻ സർവ്വേ ഫലം. മോദിയുടെ ഭരണം നല്ലതെന്ന് ആറ് മാസം മുമ്പ് 62ശതമാനം പേർ പറഞ്ഞുവെങ്കിൽ നിലവിൽ അത് 58ശതമാനമായി താഴ്ന്നു. 34.2 ശതമാനം പേർ വളരെ മികച്ച ഭരണം എന്ന് വിലയിരുത്തിയപ്പോൾ മികച്ചതെന്ന് മാത്രം അഭിപ്രായമുള്ളവർ 23.8 ആണ്. വളരെ മികച്ചതെന്ന് ഫെബ്രുവരി മാസത്തിൽ അഭിപ്രായം പറഞ്ഞത് 36.1 ശതമാനം ആളുകളാണ്. ഇത്തവണ രണ്ട് ശതമാനത്തോളം കുറവുവന്നു. മോദിയുടെ ഭരണം ശരാശരി മാത്രമാണെന്ന് 12.7 ശതമാനം പേർ പറയുന്നു. മോശം എന്ന് പറഞ്ഞവർ 12.6 ശതമാനവും വളരെ മോശം എന്ന് പറഞ്ഞവർ 13.8 ശതമാനവുമാണ്.
കഴിഞ്ഞ സർവെ അപേക്ഷിച്ച് എൻഡിഎ സർക്കാരിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ഫെബ്രുവരി മാസത്തിൽ 62.1 ശതമാനമായിരുന്നത്. ഇത്തവണ 52.4 ശതമാനമായി. ഫെബ്രുവരി മാസത്തിൽ എൻഡിഎ ഭരണത്തിൽ 8.6 ശതമാനം പേർക്ക് നല്ലതെന്നോ മോശമെന്നോ അഭിപ്രായം ഇല്ലായിരുന്നുവെങ്കിൽ ഇത്തവണ അത് 15.3 ശതമാനം പേരായി വർദ്ധിച്ചിട്ടുണ്ട്. ജൂലായ് ഒന്നുമുതൽ ഓഗസ്റ്റ് 14വരെ വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ 54,?788 പേരിൽ പുതുതായി നടത്തിയ സർവെയിലും ഒപ്പം 1,52,038പേരിൽ നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലുമാണ് സർവ്വെ ഫലം തയ്യാറാക്കിയത്.
വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വോട്ട് ചോരി ആരോപണമുയർത്തി ബീഹാറിനെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി മുന്നേറുന്നതിനിടെയാണ് സർവ്വേ ഫലം പുറത്ത് വന്നിട്ടുള്ളത്. ബീഹാറിൽ പ്രതിരോധമുയർത്താൻ പല വിധത്തിൽ ബി.ജെ.പി ്രശമിക്കുന്നുണ്ടെങ്കിലും ഇതുവരെ അത് എങ്ങുമെത്തിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസം റാലിയുമായി എത്തിയ ബി.ജെ.പി പ്രവർത്തകൾ പാട്‌നയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് അടിസ്ഥാന വർഗങ്ങൾക്കിടയിൽ രാഹുൽ ഗാന്ധിയോടുള്ള പ്രതിപത്തി ഉയരുകയാണെന്ന നിരീക്ഷണമാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെയ്ക്കുന്നത്.