തൃശൂര്‍ തലോരില്‍ മൊബൈല്‍ ഷോപ്പില്‍ കാല്‍ കോടി രൂപയുടെ കവര്‍ച്ച

തൃശൂര്‍ തലോരില്‍ മൊബൈല്‍ ഷോപ്പില്‍ കാല്‍ കോടി രൂപയുടെ കവര്‍ച്ച

New Update
2344444

തൃശൂര്‍: തൃശൂര്‍ തലോരില്‍ മൊബൈല്‍ ഷോപ്പില്‍ കാല്‍ കോടി രൂപയുടെ കവര്‍ച്ച. തലോര്‍ അഫാത്ത് മൊബൈല്‍ ഷോപ്പിലെ സ്മാര്‍ട്ട് ഫോണുകളും ടിവികളും ലാപ്പ്ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവുമാണ് കവര്‍ന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാവിലെ ജീവനക്കാര്‍ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

Advertisment

മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ച നടന്നത്. വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്റെ മുന്‍വശത്തെ സിസിടിവി ക്യാമറ നശിപ്പിച്ചശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയത്. 


മുഖം മറച്ച രണ്ടുപേര്‍ അകത്ത് കയറി ഷെല്‍ഫില്‍ വെച്ചിരുന്ന വിലപിടിപ്പുള്ള സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പുകളും ടാബ്ലെറ്റുകളും രണ്ട് ചാക്കുകളിലാക്കി കൊണ്ടുപോകുന്നത് ഷോപ്പിനുള്ളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

മേശയില്‍ സൂക്ഷിച്ച പണവും ഇവര്‍ കവര്‍ന്നു. സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ മുന്‍പിലേക്ക് ഇവരുടെ കാര്‍ കയറ്റിയിടുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കടയുടെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. 


ഏകദേശം ഒന്നര മണിക്കൂറോളം ഷോപ്പിന്റെ ഷട്ടര്‍ ഉയര്‍ത്തി നിര്‍ത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. ഈ സമയത്ത് മൊബൈല്‍ ഷോപ്പിന് സമീപത്തെ കടയിലേക്ക് പച്ചക്കറിയുമായി പിക്കപ്പ് വാഹനം എത്തുന്നത് കണ്ട് മോഷ്ടാക്കള്‍ കാറെടുത്ത് പോകുകയായിരുന്നു.


തൈക്കാട്ടുശ്ശേരി റോഡിലേക്ക് തിരിഞ്ഞുപോകുന്ന കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതുക്കാട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമായുണ്ടായതാണ് കടയുടമയുടെ പരാതി.

Advertisment