/sathyam/media/media_files/cxyyRfsbjp7jDlOAkd8O.png)
തിരുവനന്തപുരം: പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്ത പ്രതി പിടിയിലായിൽ. ബാലരാമപുരം സ്വദേശി സതീഷ് ആണ് പിടിയിലായത്. ഭാര്യയെയും മകനെയും ആക്രമിച്ച സതീഷിനെ പിടികൂടാൻ വീട്ടിലെത്തിയപ്പോൾ ആണ് ആക്രമണമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ സതീഷ് ഭാര്യ വിജിതയെ മുറിക്കുള്ളിൽ അടച്ചിട്ട് ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച മകൻ അജീഷിന്റെ നേർക്കും പ്രതിയുടെ ആക്രമണം ഉണ്ടായി.
അവശനിലയിലായ വിജിതയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും സതീഷ് സമ്മതിച്ചില്ല. തുടർന്ന് മകൻ പൊലിസ് സ്റ്റേഷനിൽ എത്തി വിവരമറിയിച്ചു. പൊലീസ് സംഘം വീട്ടിലെത്തുമ്പോഴും സതീഷ് വിജിതയെ മർദ്ദിക്കുകയായിരുന്നു. ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കത്തി കാണിച്ചും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടും ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ ബലംപ്രയോഗിച്ചാണ് പൊലീസ് പ്രതിയെ കീഴടക്കിയത്.
ജീപ്പിലേക്ക് കയറ്റിയപ്പോൾ വീണ്ടും അക്രമാസക്തനായ പ്രതി പൊലീസ് ജീപ്പിന്റെ പിന്നിലെ ഗ്ലാസ് അടിച്ചു തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും വാഹനം നശിപ്പിച്ചതിനും വീട്ടിൽ അക്രമം നടത്തിയതിനുമാണ് കേസെടുത്തത്.