/sathyam/media/media_files/2025/01/24/Hi27atIT4Tbb0qmDiPMX.jpg)
മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുവയുടെ സാന്നിധ്യത്തെ തുടര്‍ന്നാണ് നടപടി.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് താത്കാലിക വനംവാച്ചറുടെ ഭാര്യയായ രാധയെ കടുവ ആക്രമിച്ചത്.
രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്.
പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമാകുകയാണ്. അതിനിടെയാണ് കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.