കണ്ണൂർ : റെയിൽവെ ഗേറ്റടക്കുന്നതിനിടെ ധൃതിയിൽ പുറത്തു കടക്കാനുള്ള ടിപ്പർ ലോറി ഡ്രൈവറുടെ ശ്രമം പരക്കെ അപകടങ്ങൾക്കിടയാക്കി. കണ്ണൂർ തലശ്ശേരി കൊടുവള്ളി റെയിൽവേ ഗേറ്റിലാണ് അപകടങ്ങൾ ഉണ്ടായത്. ഓട്ടോയിലിടിച്ച ടിപ്പർ ലോറി റെയിൽവേ ഗേറ്റും തകർത്തു. ഇതോടെ ഇത് വഴിയുള്ള വാഹനഗതാഗതം വഴിതിരിച്ച് വിട്ടു.
വെള്ളിയാഴ്ച രാവിലെ യശ്വന്ത്പൂർ എക്സ്പ്രസ് കടത്തിവിടുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ കടന്ന് പോകുന്നതിന്നായ് ഗേറ്റ് അടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ടിപ്പർലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് റെയിൽവേ ഗേറ്റിൽ ഇടിക്കുകയായിരുന്നു. തലശേരി ഭാഗത്തു നിന്നും വരികയായിരുന്ന KL 58 എജി. 2154 ടിപ്പർ ലോറിയാണ് അപകടങ്ങളുണ്ടാക്കിയത്.
അപകടത്തെ തുടർന്ന് ടിപ്പർ ലോറി ഡ്രൈവറും ഓട്ടോ ഡ്രൈവറും തമ്മിൽ ഏറെ നേരം വാക്ക് തർക്കവുമുണ്ടായി. തുടർന്ന് ഇരുവരെയും ഗേറ്റ് പരിസരത്ത് നിന്ന് മാറ്റിയ ശേഷം ഗേറ്റ് അടച്ചു. തർക്കം നടക്കുന്ന സമയത്ത് ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ട്രെയിൻ കടന്നു പോയതിന് ശേഷം ഗേറ്റ് തുറക്കാനായില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ബസുൾപ്പടെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത് വിദ്യാർത്ഥികൾക്കും ദുരിതമായി. ധർമ്മടം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പിണറായിയിലെ അഖിലിനെതിരെ റെയിൽവെ ആക്ട് 164 പ്രകാരം കേസെടുത്തു. റെയിൽവെ ഇൻസ്പെക്ടർ കെ.വി മനോജാണ് കേസ് അന്വേഷിക്കുന്നത്.