ഇന്ന് നവംബര്‍ 8: ലോക നഗരാസൂത്രണ ദിനവും ഈറ്റ് ഹെല്‍ത്തി ഫുഡ് ഡേയും ഇന്ന്; ലാല്‍ കൃഷ്ണ അഡ്വാനിയുടെയും ഉഷാ ഉതുപ്പിന്റെയും ബോണി റൈറ്റിന്റെയും ജന്മദിനം; ഇളംകുളം കുഞ്ഞന്‍പിള്ളയും പി. വേണു മരിച്ചതും ഹിറ്റ്‌ലര്‍ക്കെതിരെ വധശ്രമമുണ്ടായതും ഇതേ ദിനം: ചരിത്രത്തില്‍ ഇന്ന്

പെര്‍ട്ടുസിസ് എന്നറിപ്പെടുന്ന വില്ലന്‍ ചുമയെക്കുറിച്ചറിയാന്‍ ഒരു ദിവസം.

New Update
4242424

കൊല്ലവര്‍ഷം 1200 
തുലാം 23
ഇതാടം/സപ്തമി
2024 നവംബര്‍ 8, 
വെള്ളി

ഇന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്‍പശി ഉത്സവത്തിനോട് അനുബന്ധിച്ചുള്ള പള്ളിവേട്ട.

Advertisment

ലോക നഗരാസൂത്രണ ദിനം

ലോക നഗരാസൂത്രണ ദിനത്തിന്റെ പ്രാധാന്യം കേവലം ആഘോഷത്തിനപ്പുറമാണ്. കാലാവസ്ഥാവ്യതിയാനം, ഭവനപ്രതിസന്ധികള്‍ തുടങ്ങിയ സമ്മര്‍ദ്ദകരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആസൂത്രണത്തിന്റെ നിര്‍ണായകമായ പങ്ക് വ്യക്തമാക്കുന്ന ദിവസമാണിന്ന്. നഗരസംവിധാനത്തില്‍ നൂതനമായ ആശയങ്ങളും തന്ത്രങ്ങളും ആസൂത്രണം ചെയ്ത് വളരെ ദൂരക്കാഴ്ചയോടെ എന്തും നിര്‍മ്മിക്കുമ്പോള്‍ അത് എല്ലാവരുടെയും ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നു സുസ്ഥിരവും തുല്യവുമായ അന്തരീക്ഷം രൂപപ്പെടുത്താന്‍ സഹായിക്കുന്നു. 

ലോക പിയാനിസ്റ്റ് ദിനം

പിയാനിസ്റ്റുകളെയും സംഗീതത്തിലെ അവരുടെ സംഭാവനകളെയും ആദരിക്കുന്ന ഒരു പ്രത്യേക ദിവസമാണ് ഇന്ന്.

ലോക റേഡിയോഗ്രാഫി ദിനം

ശാസ്ത്രത്തിന്റെ കണ്ണടയിലൂടെ പ്രപഞ്ചത്തില്‍ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തുന്ന വിദ്യയാണ് റേഡിയോഗ്രാഫി, മനുഷ്യരൂപത്തിനുള്ളിലെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന ഒരു മഹത്തായ സാങ്കേതികവിദ്യ. 1895-ല്‍ അവിശ്വസനീയമായ ഈ കണ്ടുപിടിത്തം മനുഷ്യശരീരത്തെ അക്ഷരാര്‍ത്ഥത്തില്‍ ആലങ്കാരികമായും സൗന്ദര്യത്മകമായും നോക്കികാണുന്ന രീതിയെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. ഈ കണ്ടെത്തലിന്റെ പിന്‍ബലത്തില്‍, വൈദ്യശാസ്ത്രം, സുരക്ഷ, കൂടാതെ മറ്റു പല മേഖലകളിലും ഒരു ദശലക്ഷം പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു. ഇതിനെല്ലാം കാരണക്കാരനായ  വില്‍ഹെം റോണ്ട്ജെന്‍ എന്ന മനുഷ്യനെ അനുസ്മരിയ്ക്കുന്ന ദിനം കൂടിയാണിന്ന്.

4242

നാഷണല്‍ പേരന്റ്‌സ് ആസ് ടീച്ചേഴ്‌സ് ഡേ

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും വഹിക്കുന്ന പങ്കിനെക്കുറിച്ച് രക്ഷിതാക്കളെയും അദ്ധ്യാപകരെയും കുട്ടികളെയും ബോധവല്‍ക്കരിക്കാന്‍ ഒരു ദിവസം. മാതാപിതാക്കളാണ് പ്രഥമവും പ്രധാനവുമായ അധ്യാപകരെന്നും അദ്ധ്യാപകരാണ് മാതാപിതാക്കള്‍ക്കു ശേഷം ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അവരവരറിയാതെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികള്‍ എന്നും ഈ ദിവസം എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.
ദൈനംദിന ഇടപെടലുകളിലൂടെ, മാതാപിതാക്കളും അദ്ധ്യാപകരും ഓരോ വ്യക്തിയുടെയും വ്യത്യസ്ഥമായ കഴിവുകള്‍ കണ്ടെത്തുവാനും, അവരിലുള്ള ജിജ്ഞാസ വളര്‍ത്തുവാനും, അതോടൊപ്പം അവരുടെ അക്കാദമിക് വളര്‍ച്ചയെ പിന്തുണയ്ക്കുവാന്‍ കൂടി കഴിയും എന്നുള്ള എന്ന കാര്യം ഓര്‍മ്മിപ്പിയ്ക്കുന്ന ദിവസം.

ദേശീയ സ്‌റ്റെം ദിനം 

ശാസ്ത്രം, സാങ്കേതികവിദ്യ, കല, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നിവയെ കുറിച്ച് എല്ലാവര്‍ക്കും അവബോധമുണ്ടാക്കാനും എല്ലാവരും ഇത് മനസ്സിലാക്കുവാനും കഴിയുമെങ്കില്‍ ആഴത്തില്‍ പഠിയ്ക്കുന്നതിനും വേണ്ട പ്രോത്സാഹനം കൊടുക്കുന്നതിനായി ഒരു ദിനം. 

ദേശീയ ആംപിള്‍ ടൈം ഡേ 

ഒന്നിനും സമയമില്ലാത്ത ഈ ലോകത്ത് ഓരോരുത്തര്‍ക്കും എല്ലാ ദിവസവും അവരവര്‍ക്ക് ആവശ്യമായ സമയം മുന്‍ഗണനാക്രമത്തില്‍ എങ്ങനെ സ്വയം കണ്ടെത്താം എന്ന് ലളിതമായി പഠിപ്പിയ്ക്കുവാന്‍ ഒരു ദിവസം.

ഈറ്റ് ഹെല്‍ത്തി ഫുഡ് ഡേ

ആരോഗ്യകരമായ ഭക്ഷണത്തിന് മോശം രുചിയാണെന്നാണ് ഒരു പൊതുധാരണ. ഇത് തെറ്റിദ്ധാരണയാണ്. ആരോഗ്യകരമായ ഭക്ഷണം എന്നത് നിങ്ങള്‍ക്ക്  ഏറ്റവും രുചികരമായ ഒന്നാണ് എന്ന് പഠിപ്പിയ്ക്കാനാണ് ഈ ദിവസം ആചരിയ്ക്കുന്നത്. ധാതുസമ്പന്നമായ പഴങ്ങള്‍, കൊഴുപ്പ് കുറഞ്ഞ ചിക്കന്‍, രുചിയുള്ള സലാഡുകള്‍, കൂടാതെ എണ്ണമറ്റ പരിപ്പ് വര്‍ഗ്ഗങ്ങള്‍, വിത്തുകള്‍, സരസഫലങ്ങള്‍ എന്നിവയെല്ലാം രുചിച്ചു നോക്കു അങ്ങനെ ആ തെറ്റിദ്ധാരണ നീക്കു എന്ന് ഓരോരുത്തരും സ്വയം മനസ്സിലാക്കുവാന്‍ ഒരു ദിവസം.

24242

ദേശീയ കപ്പൂച്ചിനോ ദിനം

നുരയും ആവി പറക്കുന്നതും ചൂടുള്ളതുമായ ഒരു പാനീയം അതാണ് കാപ്പി വര്‍ഗ്ഗത്തില്‍പ്പെട്ട കാപ്പുച്ചിനോ നഷ്ടപ്പെട്ടുവെന്ന് വിചാരിച്ചിരുന്ന ഇഷ്ടപ്പെട്ടവരുടെ ഊഷ്മളമായ ഒരു ആലിംഗനം പോലെ ലോകത്ത് എല്ലായിടത്തുമുള്ള കാപ്പി പ്രണയികളുടെ ഇഷ്ട പാനീയം! ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭയിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരുടെ ഒരു മൈനര്‍ ഓര്‍ഡറായ കപ്പൂച്ചിന്‍ ഫ്രിയേഴ്‌സില്‍ നിന്നാണ് 'കപ്പൂച്ചിനോ' എന്ന പേര് ആദ്യം വന്നത്. പതിനാറാം നൂറ്റാണ്ടിലെ ഈ സന്യാസിമാര്‍ ദരിദ്രരെ സഹായിക്കുന്നതിനുള്ള അവരുടെ മിഷനറി പ്രവര്‍ത്തനത്തിന് പേരുകേട്ടവരായിരുന്നു, കൂടാതെ കടുത്ത ചെലവുചുരുക്കല്‍, ദാരിദ്ര്യം, ലാളിത്യം എന്നിവയ്ക്കായി ഇവര്‍ സ്വയം സമര്‍പ്പിച്ചിരുന്നു. ഇവരെ കൂടി ഓര്‍മ്മിയ്ക്കാന്‍ ഈ ദിനം ആചരിയ്ക്കുന്നു. 

പെര്‍ട്ടുസിസ് അവബോധ ദിനം

പെര്‍ട്ടുസിസ് എന്നറിപ്പെടുന്ന വില്ലന്‍ ചുമയെക്കുറിച്ചറിയാന്‍ ഒരു ദിവസം. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്. എന്നാല്‍ ഈ രോഗം ബാധിക്കുന്ന ശിശുക്കള്‍ക്ക് ഇത് അപകടകരമോ മാരകമോ ആയേക്കാം. ഹാക്കിംഗ്, ശ്വാസംമുട്ടല്‍ ചുമ, ചിലപ്പോള്‍ ശ്വസനത്തെ തന്നെ ഇത് തടസ്സപ്പെടുത്തുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത.  

ദേശീയ ഹാര്‍വി വാള്‍ബാംഗര്‍ ദിനം 

എല്ലാ വര്‍ഷവും നവംബര്‍ 8ന് അമേരിയ്ക്കയില്‍ ഈ ദിനം ആഘോഷിക്കുന്നു. വോഡ്ക, ഗാലിയാനോമദ്യം, ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത് ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു തരം മദ്യമാണ് ഹാര്‍വി വാള്‍ ബംഗര്‍, ഈ മദ്യത്തെ അറിഞ്ഞ് ആസ്വദിച്ച് ആഘോഷിക്കുന്നതിന് ഒരു ദിവസം. 1970 കളില്‍ ഈ പാനീയം അമേരിയ്ക്കയില്‍ വളരെ ജനപ്രിയമായിരുന്നു. അതിന്റെ ഓര്‍മ്മ പുതുക്കുന്നതിനാണ് ഇന്നേ ദിവസം ഇത് ആചരിയ്ക്കുന്നത്.

ഇന്നത്തെ മൊഴിമുത്ത് 

''നല്ല മനുഷ്യര്‍ക്കല്ലാതെ ആര്‍ക്കും സ്വാതന്ത്ര്യത്തെ ഹൃദയപൂര്‍വ്വം സ്‌നേഹിക്കാന്‍ കഴിയില്ല. ബാക്കിയുള്ളവര്‍ സ്വാതന്ത്ര്യത്തെയല്ല, ലൈസന്‍സിനെയാണ് ഇഷ്ടപ്പെടുന്നത്''

  • ജോണ്‍ മില്‍ട്ടണ്‍

ജന്മദിനം

ബി.ജെ.പിയുടെ മുന്‍ പ്രസിഡന്റും മുന്‍ ഉപപ്രധാനമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന ലാല്‍ കൃഷ്ണ അഡ്വാനിയുടെയും (1927)

16 ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ഡച്ച്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സിംഹളീസ്, സ്വഹിലി, റഷ്യന്‍, നേപ്പാളീസ്, അറബിക്, ക്രേയോള്‍, സുളു, സ്പാനീഷ് എന്നീ വിദേശഭാഷകളിലും പാട്ടുകള്‍ പാടിയിട്ടുള്ള  പോപ്പ്  ഗായിക ഉഷ ഉതുപ്പിന്റെയും (ഉഷ അയ്യര്‍)(1947),

രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള
പ്രശസ്ത കഥാകൃത്തും ബാലസാഹിത്യകാരനും തിരക്കഥാകൃത്തും വിവര്‍ത്തകനും അദ്ധ്യാപകനും അക്കാദമിക് വിദഗ്ധനുമായ വി.ആര്‍. സുധീഷിന്റേയും 

അമ്മ എന്ന ചലച്ചിത്ര സംഘടനയുടെ മുന്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു എന്നറിയപ്പെടുന്ന അമ്മനത്ത് ബാബു ചന്ദ്രന്റെയും (1963)

മലയാളം, തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍നടനും മുന്‍ ഫിസിഷ്യനുമായ അജ്മല്‍ അമീറിന്റേയും (1985 )

പ്രധാനമായും തമിഴ് സിനിമയില്‍ അഭിനയിക്കുന്ന, സമീപകാല ചിത്രമായ പോര്‍ തൊഴില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2023ലെ നിരൂപക പ്രശംസ നേടിയ  നടന്‍ അശോക് സെല്‍വന്റേയും (1989),

അമേരിക്കന്‍ ഗായകന്‍, ഗാനരചയിതാവ്, ഗിറ്റാറിസ്റ്റ് എന്നിങ്ങനെ പ്രശസ്തനായ ബോണി റൈറ്റിന്റേയും (1949)

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളുമായ ബ്രെറ്റ് ലീയുടെയും (1976) ജന്മദിനം

2

സ്മരണാഞ്ജലി 

കെ.എ. ബാലന്‍  (1921-2001)
വി.പി. രാമകൃഷ്ണപിള്ള  (1931-2016)
പി.സി. സനല്‍കുമാര്‍ (1949-2014)
ബി. ഹൃദയകുമാരി (1930-2014)
വി.ഒ. ചിദംബരം പിള്ള (1872 -1936 )
ജോണ്‍ മില്‍ട്ടന്‍ (1608-1674)
ഇവാന്‍ ബുനിന്‍ (1870-1953)  
നെപ്പോളിയന്‍ ഹില്‍ (1883-1970)
ജോണ്‍ ഡണ്‍സ് സ്‌കോട്ടസ് (1265-1308)

ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും വടക്കേക്കര നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ്കാരനും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമായ കെ.എ. ബാലന്‍ (01 മാര്‍ച്ച് 1921-08 നവംബര്‍ 2001)

ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറിയുമായിരുന്ന എട്ടും പത്തും കേരള നിയമസഭകളിലെ അംഗവും മുന്‍ ജലസേചന-തൊഴില്‍ വകുപ്പ് മന്ത്രിയുമായിരുന്ന വി.പി. രാമകൃഷ്ണപിള്ള ( 12 നവംബര്‍ 1931-08 നവംബര്‍ 2016)

വേനല്‍പൂക്കള്‍, ഒരു സൈക്കിള്‍ തരുമോ, ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ, പാരഡീയം തുടങ്ങിയ കൃതികള്‍ രചിക്കുകയും 'കളക്ടര്‍ കഥയെഴുതുകയാണ്' എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയും ചെയ്ത, പത്തനംതിട്ടയിലും കാസര്‍കോട്ടും കളക്ടറായിരുന്ന മലയാള ഹാസ്യ സാഹിത്യകാരന്‍ പി.സി. സനല്‍കുമാര്‍
(19 ജൂണ്‍ 1949-08 നവംബര്‍ 2014)

മലയാളത്തിലെ ഒരു നിരൂപകയും പ്രഭാഷകയും അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയും ബോധേശ്വരന്റെ മകളും സുഗതകുമാരിയുടെ സഹോദരിയുമായിരുന്ന ബി. ഹൃദയകുമാരി  (1 സെപ്റ്റംബര്‍ 1930-8 2014)

സ്വദേശി പ്രചാര്‍ സഭ, ധര്‍മ്മ സംഘ നേസാവൂ സാലൈ, മദ്രാസ് അഗ ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി തുടങ്ങിയ കെട്ടിപ്പടുക്കുവാന്‍  നേതൃത്വം വഹിക്കുകയും ജല ഗതാഗത സേവനത്തില്‍ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ കുത്തക. തകര്‍ക്കാന്‍  അതേ മാതൃകയില്‍ തദ്ദേശീയമായി ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന  വി.ഒ.സി. എന്നറിയപ്പെട്ടിരുന്ന വി.ഒ. ചിദംബരം പിള്ള (1872 സെപ്റ്റംബര്‍ 5-1936 നവംബര്‍ 8)

ഇതിഹാസ കാവ്യമായ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവും, എക്കാലത്തെയും മികച്ച ഇംഗ്ലീഷ് കവിയും സാഹിത്യ സംവാദകനും ഇംഗ്ലീഷ് കോമണ്‍വെല്‍ത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന ജോണ്‍ മില്‍ട്ടണ്‍ (ഡിസംബര്‍ 9, 1608  നവംബര്‍ 8, 1674)

നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, വിവര്‍ത്തനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങിയ എല്ലാ വിഭാഗങളിലും റഷ്യന്‍ സാഹിത്യത്തിനു നല്ല കൃതികള്‍ സമ്മാനിച്ച  സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ ആദ്യ റഷ്യന്‍ സാഹിത്യകാരന്‍ ഇവാന്‍ അലെക്‌സിയേവിച്ച് ബുനിന്‍ (22 ഒക്ടോബര്‍ 1870,  8 നവംബര്‍ 1953),

1970 ല്‍ രണ്ട് കോടിയിലധികം വിറ്റഴിഞ്ഞ 'Think and Grow Rich' എന്ന പുസ്തകം അടക്കം വളരെ ഏറെ വ്യക്തി വികാസവും ജീവിത വിജയവും ലക്ഷ്യമാക്കി പുസ്തകങ്ങള്‍ എഴുതുകയും രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഉപദേഷ്ഠാവായിരുന്ന നെപ്പോളിയന്‍ ഹില്‍  (ഒക്‌റ്റോബര്‍ 26,1883 നവംബര്‍ 8, 1970),

വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവെളിപാടും സഭയുടെ പ്രബോധനവുമാണെന്നും വിശ്വാസത്തെ യുക്തിയിലൂടെ സ്ഥാപിക്കാനുള്ള അക്വീനാസിനെപ്പോലുള്ളവരുടെ ശ്രമം വ്യര്‍ത്ഥവും അപകടകരവുമാണെന്നും കരുതി യുക്തിക്കും  വിശ്വാസത്തിനുമിടയില്‍ മദ്ധ്യകാല ക്രിസ്തീയത  വികസിപ്പിച്ചെടുത്തിരുന്ന സമന്വയത്തിന്റെ തകര്‍ച്ചയ്ക്കു വഴിതുറന്നവരില്‍ പ്രധാനിയായായ  സ്‌കോട്ടിഷ് ദൈവശാസ്ത്രജ്ഞനും തത്ത്വ ചിന്തകനുമായിരുന്ന ജോണ്‍ ഡണ്‍സ് സ്‌കോട്ടസ് (സി 1265 -8 നവംബര്‍ 1308)

2

ഇന്ന് ജന്മദിനമാചരിക്കേണ്ട നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ മുന്‍ഗാമികളില്‍ ചിലര്‍

ഇളംകുളം കുഞ്ഞന്‍പിള്ള (1904-1973)
പി. വേണു (1940-2011)
എസ്. ബാലകൃഷ്ണന്‍  (1948-2019) 
അക്ബര്‍ ഹൈദരി (1869-1941)
പി.എല്‍. ദേശ്പാണ്ഡെ(1919-2000 )
രാജാ റാവു (1908-2006)
നന്ദ് കുമാര്‍ പട്ടേല്‍ (1953-2013)
സിത്താര ദേവി (1920-2014 )
ബെഞ്ചമിന്‍ വില്യം ബോവ (1932-2020) 
മാര്‍ഗരറ്റ് മുന്നര്‍ലിന്‍ മിച്ചല്‍ (1900-1949)
ബ്രാം സ്റ്റോക്കര്‍ (1847-1912)
ചാള്‍സ് ഡെമൂത് (1883-1935 )
എഡ്മണ്ട് ഹാലി (1656-174)

മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനും ഗവേഷകനുമായിരുന്ന ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള എന്ന ഇളംകുളം കുഞ്ഞന്‍പിള്ള  (1904 നവംബര്‍ 8-1973 മാര്‍ച്ച് 4)

ഉദ്യോഗസ്ത, വിരുതന്‍ ശങ്കു, വിരുന്നുകാരി, വീട്ടുമൃഗം, സി.ഐ.ഡി നസീര്‍, ടാക്‌സികാര്‍, പ്രേതങ്ങളുടെ താഴ്വര, ബോയ്ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത പി. വേണു  എന്നറിയപ്പെട്ടിരുന്ന പാട്ടത്തില്‍ വേണുഗോപാലമേനോന്‍  (1940 നവംബര്‍ 8- മെയ് 25, 2011)

പത്തിലധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച ഒരു സംഗീതജ്ഞനായിരുന്ന എസ്. ബാലകൃഷ്ണന്‍ (1948 നവംബര്‍ 8-2019 ജനുവരി 17)

മദിരാശി സംസ്ഥാനത്തിലെ ആദ്യത്തെ ഇന്ത്യക്കാരന്‍ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറല്‍, ഹൈദരാബാദില്‍ അക്കൌണ്ടന്റ് ജനറല്‍, ധനകാര്യസെക്രട്ടറി, ആഭ്യന്തര വകുപ്പുസെക്രട്ടറി എന്നീ നിലകളിലും സേവിക്കുകയും ഒസ്മാനിയ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ മുന്‍ കൈ എടുക്കുകയും ചെയ്ത ഭരണതന്ത്രജ്ഞനും, ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ നവീന ശില്പിയെന്നറിയപ്പെടുന്ന സര്‍ അക്ബര്‍ ഹൈദര (1869 നവംബര്‍ 8-1941),

ഒരു നല്ല ജീവിതം കാംക്ഷിക്കുന്ന അറുപത് വയസ്സുള്ള അവിവാഹിതനായ കാകാ സാഹേബ്  ചെന്നുപ്പെടുന്ന ചില ഊരാക്കുടുക്കുകള്‍ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന തുജാ ആഹെ തുജാ പാശി എന്ന നാടകം എഴുതി സംവിധാനം ചെയ്ത് പ്രശസ്തനാകുകയും അമ്പതോളം കൃതികള്‍ രചിക്കുകയും നാടകസിനിമ രംഗത്ത് തിളങ്ങുകയും ചെയ്ത കാളിദാസ് സമ്മാനാര്‍ഹനായ മറാഠി നാടകകൃത്തും ഹാസ്യസാഹിത്യ കാരനുമായിരുന്ന മറാത്തികള്‍ സ്‌നേഹത്തോടെ പല എന്ന് വിളിക്കുന്ന പുരുഷോത്തം ലക്ഷ്മണ്‍ ദേശ്പാണ്ഡെ എന്ന പി.എല്‍. ദേശ്പാണ്ഡെ (1919 നവംബര്‍ 8-2000 ജൂണ്‍ 12)

സര്‍പന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്സ്, ക്യാറ്റ് ആന്റ് ഷേക്സ്പിയര്‍, ചെസ്മാസ്റ്റര്‍, ഹിസ് മൂവ്സ് തുടങ്ങിയ കൃതികള്‍ രചിച്ച പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയന്‍ നോവലിസ്റ്റ് രാജാ റാവു  (നവംബര്‍ 8, 1908  ജൂലൈ 8, 2006),

ഛത്തിസ്ഗഢിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഞ്ചു പ്രാവിശം ഖാര്‍സിയ യില്‍ നിന്നും അസംബ്ലിയിലേക്ക് ജയിച്ച നേതാവും, മദ്ധ്യപ്രദേശിലും ഛത്തിസ്ഗഢിലും കാബിനറ്റ് മിനിസ്റ്റര്‍ ആയിരുന്ന വ്യക്തിയും, നക്‌സലേറ്റു കള്‍ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ നന്ദ് കുമാര്‍ പട്ടേല്‍ (8 നവംബര്‍ 1953  25 മെയ് 2013)

സ്വദേശത്തും വിദേശത്തുമായി നിരവധി കഥക് അവതരണങ്ങള്‍ നടത്തുകയും 'നൃത്ത സാമ്രാജിനി' എന്ന് ടാഗോര്‍ വിശേഷിപ്പിക്കുകയും ചെയ്ത ധനലക്ഷ്മി എന്ന സിത്താര ദേവി (1920 നവംബര്‍ 08-2014 നവംബര്‍ 25)

പ്രസിദ്ധ നോവലിസ്റ്റായ ഹെന്‍ട്രി ഫില്‍ഡിങിന്റെ സഹോദരിയും 1749ല്‍   കുട്ടികള്‍ക്കുവേണ്ടി ഇംഗ്ലിഷ് ഭാഷയില്‍ എഴുതിയ ആദ്യ നോവല്‍ ദ ഗവര്‍ണ്ണസ്, ഓര്‍ ദ ലിറ്റില്‍ ഫീമെയില്‍ അക്കാദമി എന്ന പുസ്തകം രചിക്കുകയും ചെയ്ത സാറാ ഫീല്‍ഡിങ് (8 നവംബര്‍ 1710- 9 ഏപ്രില്‍ 1768)

ഡ്രാക്കുള എന്നഎപ്പിസ്റ്റോളറി ശൈലിയില്‍ 1897-ല്‍ രചിക്കപ്പെട്ട നോവല്‍ എഴുതിയ ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന അബ്രഹാം എന്ന ബ്രാം സ്റ്റോക്കര്‍
(1847 നവംബര്‍ 8-1912 ഏപ്രില്‍ 20)

വിഖ്യാതമായ ഐ സാ ദ് ഫിഗര്‍ ഫൈവ് ഇന്‍ ഗോള്‍ഡ് എന്ന ചിത്രമുള്‍പ്പടെ പല ചിത്രങ്ങളും രചിച്ച്, അമേരിക്കയില്‍ ക്യൂബിസ്റ്റ് ശൈലി അവതരിപ്പിച്ച ചാള്‍സ് ഡെമൂത് എന്ന അമേരിക്കന്‍ ചിത്രകാരന്‍ (1883 നവംബര്‍ 8-1935 ഒക്ടോബര്‍ 23)

ഹാലിയുടെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥവും കൃത്യമായ ഇടവേളകളില്‍ ഇത് പ്രത്യക്ഷപ്പെടുന്നുവെന്നും കണക്കാക്കുകയും ധൂമകേതുക്കള്‍ക്ക് നിയതമായ സഞ്ചാരപഥമുണ്ടെന്ന് ആദ്യമായി സമര്‍ത്ഥിക്കുകയും ചെയ്ത പ്രശസ്തനായ ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞന്‍ എഡ്മണ്ട് ഹാലി (8 നവംബര്‍ 1656 -14 ജനുവരി 1742)

ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ പ്രകൃതി ശാസ്ത്രജ്ഞന്‍, ഗണിത ശാസ്ത്രജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞന്‍, പഞ്ചഭൂതം രചയിതാവ് എന്നി നിലകളിലും സര്‍വേയറായും കര്‍ഷകനായും പ്രവര്‍ത്തിച്ച് ശാസ്ത്രം, എഞ്ചിനീയറിംഗ്, അറിവിനോടുള്ള അചഞ്ചലമായ സമര്‍പ്പണം എന്നിവയിലൂടെ ശ്രദ്ധേയനായ ബെഞ്ചമിന്‍ ബന്നേക്കര്‍ (നവംബര്‍ 9, 1731 - ഒക്ടോബര്‍ 19, 1806)  

ഒരു അമേരിക്കന്‍ എഴുത്തുകാരനും എഡിറ്ററുമായിരുന്നു . 60 വര്‍ഷത്തെ എഴുത്തുജീവിതത്തിനിടയില്‍, 120ലധികം  സയന്‍സ് ഫാക്ട് ആന്‍ഡ് ഫിക്ഷന്‍ കൃതികളുടെ രചയിതാവും അനലോഗ് സയന്‍സ് ഫിക്ഷന്‍ ആന്‍ഡ് ഫാക്റ്റിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും (അതിനായി ആറ് തവണ ഹ്യൂഗോ അവാര്‍ഡ് നേടി)  ഓമ്നി; നാഷണല്‍ സ്‌പേസ് സൊസൈറ്റിയുടെയും സയന്‍സ് ഫിക്ഷന്‍ റൈറ്റേഴ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റുമായിരുന്ന ബെഞ്ചമിന്‍ വില്യം ബോവ
(നവംബര്‍ 8, 1932- നവംബര്‍ 29, 2020),

1936ലെ ഏറ്റവും വിശിഷ്ട ഫിക്ഷനുള്ള നാഷണല്‍ ബുക്ക് അവാര്‍ഡും 1937-ല്‍ ഫിക്ഷനുള്ള പുലിറ്റ്‌സര്‍ സമ്മാനവും നേടിയ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍ 'ഗോണ്‍ വിത്ത് ദി വിന്‍ഡ്'ന്റെ രചയിതാവുമായ അമേരിക്കന്‍ നോവലിസ്റ്റും പത്രപ്രവര്‍ത്തകയുമായിരുന്ന മാര്‍ഗരറ്റ് മുന്നര്‍ലിന്‍ മിച്ചല്‍ (നവംബര്‍ 8, 1900-ഓഗസ്റ്റ് 16, 1949)

4242444

ചരിത്രത്തില്‍ ഇന്ന്

1793 - പാരീസിലെ ലൂവര്‍ മ്യൂസിയം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കന്‍ സംസ്ഥാനമായി.

1895 - റോണ്ട്ജന്‍ എക്‌സ്-റേ കണ്ടുപിടിച്ചു.

1917 - റഷ്യയില്‍ ബോള്‍ഷവിക് അധികാരം പിടിച്ചതിനെ തുടര്‍ന്ന് പെട്രോഗാര്‍ഡ് മേഖലയില്‍ ലിയോണ്‍ ട്രോസ്‌കി അധികാരമേറ്റു.

1923 - ജര്‍മനിയില്‍ നാസി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പരാജയപ്പെട്ട അട്ടിമറി ശ്രമം. ഹിറ്റ്‌ലറെ രണ്ട് വര്‍ഷം തടവിലാക്കി.

1927 - സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ പ്രധാന സംഭവമായ സൈമണ്‍ കമ്മിഷന്‍ നിലവില്‍ വന്നു.

1939 -ഹിറ്റ്‌ലര്‍ക്കെതിരെ വധശ്രമം.

1949 - ഗാന്ധിജി വധക്കേസില്‍ ജസ്റ്റിസ് ആത്മാറാം ചരണ്‍ അഗര്‍വാള്‍ വിധി പ്രഖ്യാപിച്ചു.

1960 - ജോണ്‍ എഫ്. കെന്നഡി അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

1962 - വി.കെ. കൃഷ്ണമേനോന്‍ പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ചു.

1971- തായ്‌ലന്‍ഡില്‍ സൈനിക വിപ്ലവം

1972 - എച്ച്.ബി.ഒ. ചാനല്‍ നിലവില്‍ വന്നു.

1987 - ഇന്ത്യയില്‍ നടന്ന പ്രഥമ ക്രിക്കറ്റ് ലോകകപ്പായ റിലയന്‍സ് കപ്പ് സമാപിച്ചു. 

1993 - സ്വീഡനിലെ സ്റ്റോക്ക്‌ഹോം മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തിന്റെ മേല്‍ക്കൂര വഴി കയറി മോഷ്ടാക്കള്‍ 60 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വിലപിടിപ്പുള്ള പെയിന്റിങ്ങുകള്‍ മോഷ്ടിച്ചു.

2004 - ഇറാക്ക് യുദ്ധം; സഖ്യകക്ഷികള്‍ ഫലൂജ പിടിച്ചെടുത്തു.

2008 - ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.

2008 - കൊച്ചിയെ ശിശു സൗഹൃദ നഗരമായി പ്രഖ്യാപിച്ചു.

2016 - പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ 1000 രൂപ കറന്‍സി നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു.

Advertisment