/sathyam/media/media_files/ASlqzIDV27dbU7n6VBkw.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
കന്നി 15
പൂരം / ചതുർദശി
2024/ ഒക്ടോബര്‍ 1,
ചൊവ്വ
ഇന്ന് ;
*അന്തഃദേശീയ വയോജനദിനം ! [ആയുസ്സ് വർദ്ധിക്കുന്നതിനനുസരിച്ച്, നമ്മുടെ ജീവിതത്തിലും സമൂഹത്തിലും പ്രായമായ വ്യക്തികളുടെ സ്ഥാനത്തെയും സംഭാവനകളെയും കുറിച്ച് ചിന്തിക്കുകയും അവരെ അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വ്യക്തികൾ കൂടുതൽ കാലം ജീവിക്കുകയും കൂടുതൽ കാലം ഒരു സമൂഹത്തിൽ ജോലി ചെയ്യുകയും ചെയ്യുമ്പോൾ, അത് വ്യക്തിപരമായി മാത്രമല്ല സാമൂഹികമായും സാംസ്കാരികമായും ആ ജനസമൂഹത്തിന് ഒരു പാട് ഉപകാരപ്രദമായിരിയ്ക്കും. അതിനാൽ തന്നെ സമൂഹത്തിനുള്ളിൽ മുതിർന്ന പൗരന്മാരെയും OAP കളെയും (ഓൾഡ് ഏജ് പെൻഷൻകാർ) പരിഗണിയ്ക്കുന്നതിൻ്റെ പ്രാധാന്യത്തെ തിരിച്ചറിയാൻ അതത് കമ്മ്യൂണിറ്റികളും അവിടത്തെ വ്യക്തികളും ശ്രമിയ്ക്കേണ്ടത് ഏതൊരു സമയത്തിനും അത്യന്താപേക്ഷിതമായ കാര്യമാണ്. പ്രായമായവരുടെ ദീർഘകാല അനുഭവവും, പ്രവർത്തന മേഖലയിലെ സംഭാവനകളും അർപ്പണബോധവും അംഗീകരിക്കാനും അവർക്ക് സമൂഹത്തിൻ്റെതായി എന്തെങ്കിലും തിരികെ നൽകാനും ആളുകൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ഒരു അവസരമാണ് അന്തർദേശീയ വയോജന ദിനം. ]
.* ദേശീയ സന്നദ്ധ രക്തദാന ദിനം! [ National Voluntary Blood Donation Day -ഒരു വ്യക്തിയുടെ ജീവിതത്തിൽ രക്തത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും പങ്കുവെക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 1-ന് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജി വഴി 1975 ഒക്ടോബർ 1-നാണ് ഇത് ആദ്യമായി ആചരിയ്ക്കാൻ തുടങ്ങിയത്. ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജി ആദ്യമായി 1971 ഒക്ടോബർ 22-ന് ശ്രീമതി കെ. സ്വരൂപ് കൃഷ്ണൻ്റെയും ഡോ. ജെ.ജി. ജോളിയുടെയും നേതൃത്വത്തിൽ സ്ഥാപിതമായി. ]
*അന്തഃദേശീയ കോഫി ദിനം ![കാപ്പി ഒരു പാനീയം മാത്രമല്ല. പലർക്കും കാപ്പി ഒരു ആവേശമാണ്. അതിന് അതിൻ്റേതായ ഉപസംസ്കാരവും ഭാഷയും ജീവിതരീതിയും ഉണ്ട്. അതുകൊണ്ടാണ് അന്താരാഷ്‌ട്ര കാപ്പി ദിനത്തെ കുറിച്ച് പഠിക്കുന്നതിനും ആഘോഷിക്കുന്നതിനും അനുയോജ്യമായ ഒരു ദിനം അത് ഇന്നാണ് !]
*അന്തഃദേശീയ സംഗീത ദിനം ![പലരുടെയും ജീവിതത്തിൻ്റെ വെളിച്ചമാണ് സംഗീതം. ഇത് ആളുകളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒരുമിപ്പിയ്ക്കുകയും ചെയ്യുന്നു. സംഗീതം ആരോഗ്യത്തിനും തലച്ചോറിനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു, ആളുകൾ ലളിതമായി സംഗീതം കേൾക്കുമ്പോഴും അതിൽ മുഴുകുമ്പോഴോ സ്വയം പാടുമ്പോഴോ ശാരീരികവും മാനസികവും വൈകാരികവുമായ ഉന്മേഷം ലഭിയ്ക്കുന്നു. ]
* ലോക സസ്യാഹാര ദിനം ![ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ ആരോഗ്യകരവും കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ജീവിതരീതിയിലേക്ക് നീങ്ങുവാൻ ആഗ്രഹിയ്ക്കുന്നു. ചില ആളുകൾ മൃഗങ്ങളുടെ ജീവിതത്തെക്കുറിച്ച് ശ്രദ്ധാലുക്കളാണ്, അവയോടുള്ള ക്രൂരതയ്ക്ക് അറുതി വരണമെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, സ്വയം ദീർഘായുസ്സോടെ ജീവിക്കാനും സ്വന്തം ഹൃദ്രോഗത്തിൻ്റെ അപകടസാധ്യതകൾ ഒഴിവാക്കാനും കൂടി അവർ ആഗ്രഹിക്കുന്നുണ്ട്, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിലൂടെ മനോഹരമായ തങ്ങളുടെ ശരീരം നിലനിർത്താനും അവർ ആഗ്രഹിക്കുന്നുണ്ട്. ഇവരാണ് സസ്യാഹാരികൾ. ഇവരുടെ ഭക്ഷണത്തിൽ നിന്ന് മാംസവും മൃഗ ഉൽപ്പന്നങ്ങളും ഒഴിവാക്കാനും കൂടുതൽ മനഃസാക്ഷിയുള്ള ജീവിതം നയിക്കാനുമുള്ള ആ തീരുമാനത്തെ ലോകം വെജിറ്റേറിയൻ ദിനമായി ആഘോഷിക്കുന്നു.]
*ലോക ബാലെ ദിനം![ലോകമെമ്പാടുമുള്ള ബാലെയുടെ ഭംഗിയും സൗന്ദര്യവും ആഘോഷിക്കാൻ ഒരു പ്രത്യേക ദിനം. തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും ഒരു നോക്ക് കാണാം നൃത്തനാടക കമ്പനികൾ ഫലത്തിൽ അവരുടെ വാതിലുകൾ തുറക്കുന്ന ഒരു ദിവസമാണിത്.]
*ലോക പോസ്റ്റ്കാർഡ് ദിനം! [മനുഷ്യ സമൂഹത്തിൻ്റെ ഭൂതകാലത്തിൽ പരസ്പരം ആശയവിനിമയത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന അതീവ പ്രാധാന്യമുള്ള ഒരു മാർഗ്ഗമാണ് താപാൽ സമ്പ്രദായവും അതിലെ പോസ്റ്റ് കാർഡുകളും, അവയെ ഉൾക്കൊള്ളാനും അവയുടെ ഗൃഹാതുരത വീണ്ടും അനുഭവിയ്ക്കാനുമായി online SMS കളുടെ ഇന്നത്തെ കാലത്തും വല്ലപ്പോഴും ഒന്നോ രണ്ടോ പോസ്റ്റ്കാർഡുകൾ അയയ്‌ക്കുന്നതിലൂടെയും അവ സ്വീകരിക്കുന്നതിലൂടെയും വർത്തമാനകാലത്തിലേയെക്ക് അവയെ കൂട്ടികൊണ്ടുവരാൻ കഴിയുന്നതിനുമായി മാത്രം ഒരു ദിവസം. ]
*അന്തഃദേശീയ മരപ്പട്ടി ദിനം ![International Raccoon Appreciation Day; അമേരിക്കയിൽ അമേരിക്കൻ കരടി എന്നും വിളിക്കുന്നു .ഈ മൃഗങ്ങൾക്ക് സാമൂഹിക പിന്തുണ നേടേണ്ടതിൻ്റെ ആവശ്യകത അനുഭവപ്പെട്ട അവസ്ഥയിൽ കാലിഫോർണിയയിലെ ഒരു യുവതിയുടെ സ്വപ്നമായിരുന്നു 2002-ൽ അന്താരാഷ്ട്ര റാക്കൂൺ ദിനമായി ആചരിയ്ക്കാൻ ആരംഭിച്ചത്. ഈ ദിവസം യഥാർത്ഥത്തിൽ റാക്കൂൺ അപ്രീസിയേഷൻ ഡേ എന്നാണ് വിളിച്ചിരുന്നത്, പക്ഷേ അത് വളരാൻ തുടങ്ങിയപ്പോൾ 'അന്താരാഷ്ട്ര' എന്ന പദം പിന്നീട് ചേർത്തു, പ്രത്യേകിച്ച് റാക്കൂണുകൾ താമസിക്കുന്ന കാനഡയിലൂടെ. ]
USA :* ദേശീയ മുടി ദിനം (National Hair Day)[ദേശീയ മുടി ദിനം, ഇന്നത്തെ കാലത്ത് ഇതൽപ്പം പുതിയതാണ്, എങ്കിലും അതിന് അതിൻ്റേതായ ഒരു ചരിത്രം വികസിപ്പിക്കാൻ ഇപ്പോൾ തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം. വ്യക്തികളുടെ മുടിയെ സംരക്ഷിയ്ക്കുന്നതിന് NuMe കമ്പനി 2017-ൽ സ്ഥാപിച്ചതാണ് ഈ ദിനം, ഓരോ വ്യക്തിയുടെയും മുടി കഴിയുന്നത്ര അഴകുള്ളതാക്കാൻ സഹായിക്കുന്ന സ്റ്റൈലിംഗ് ടൂളുകളും ഹെയർ കെയർ ഉൽപ്പന്നങ്ങളും ഉപയോഗിയ്ക്കുന്നതിൻ്റെ ആവശ്യകതയും സാധ്യതകളും ആഘോഷിക്കുന്നതിനാണ് ഈ ദിനം പ്രധാനമായും ആചരിയ്ക്കപ്പെടുന്നത്. ]
* National Homemade Cookies Day ![കുക്കികൾ നിർമ്മിക്കുന്നത് രസകരവും എളുപ്പവുമാണ്, അതിനാൽ തന്നെസ്വന്തം ഭവനങ്ങളിൽ സ്വന്തം കെെകൊണ്ട് നിർമ്മിച്ച കുക്കികൾ ഇന്നേ ദിവസത്തിൽ സ്വന്തം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആസ്വദിച്ച് കഴിയ്ക്കാനും ഒരുമിച്ച് പങ്കിടാനും ഒരു ദിവസം!]
* ചൈന : ദേശീയ ദിനം ![ചൈനയുടെ ദേശീയ ദിനം ഇന്ന് രാജ്യവ്യാപകമായി ഗംഭീരമായി ആഘോഷിയ്ക്കുന്നു. ഈ പ്രത്യേക ദിവസം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്ന രാജ്യത്തിൻ്റെ പിറവിയെ ആദരിക്കുന്നതിനായി ആചരിയ്ക്കപ്പെടുന്ന ഒരു ആഘോഷമാണ്.]
*National fruit at work day![1998-ൽ The FruitGuys-ാൽ സ്ഥാപിതമായതാണ്, നാഷണൽ ഫ്രൂട്ട് അറ്റ് വർക്ക് ഡേ.പഴങ്ങൾ ലഘുഭക്ഷണമായി ഉപയോഗിയ്ക്കുന്നതിൻ്റെ ആരോഗ്യപരമായ സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട് ഉദ്ദേശിച്ചുള്ളതാണ് ഈ ദിനം. മിഠായി ബാറുകൾക്കും ജങ്ക് ഫുഡിനും പകരമായി, ഒരു ദിവസം മുഴുവൻ കഴിക്കാൻ പഴങ്ങൾ കൊണ്ടുവരുന്നതാണ് നല്ലതെന്ന് ഫ്രൂട്ട് ഗൈസ് വിശ്വസിക്കുന്നു.]
*ദേശീയ ഹരിത നഗര ദിനം![നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, അവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതകൾക്കിടയിലും അവരവർ താമസിയ്ക്കുന്ന സ്ഥലങ്ങൾ കൂടുതൽ കൂടുതൽ ' ഹരിതാഭ'മാക്കി മാറ്റി, അതു വഴി പ്രകൃതിയെ മാലിന്യമുക്തമാക്കി തീർക്കേണ്ടതിൻ്റെ ആവശ്യകതയെ ഓർമ്മിപ്പിയ്ക്കാൻ ഒരു ദിനം.]
*സിഡി പ്ലെയർ ദിനം![നിങ്ങളുടെ പഴയ ഡിസ്‌ക്മാൻ അല്ലെങ്കിൽ ബൂംബോക്‌സ് കുഴിച്ചെടുത്ത് കാസറ്റുകൾക്കും ഡിജിറ്റൽ സംഗീതത്തിനും ഇടയിലുള്ള ആ ഗൃഹാതുരമായ കാലഘട്ടത്തിൽ നിന്ന് ഒരു സിഡിയിൽ പോപ്പ് ചെയ്യുവാൻ ഒരു ദിവസം ]
*ലിങ്കൺഷയർ ദിനം![1530-ൽ ഇംഗ്ലണ്ടിലെ ലിങ്കൺഷെയറിലെ ചെറിയ പട്ടണത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിനെതിരെ റോമൻ കത്തോലിക്കർ നടത്തിയ പ്രക്ഷോഭചരിത്രത്തെ ഓർക്കുന്നതിന് ഒരു ദിവസം.]
* ഉസ്ബക്കിസ്ഥാൻ : അദ്ധ്യാപക ദിനം !
* സൈപ്രസ്, നൈജീരിയ, പലാവു തുവാളു: സ്വാതന്ത്ര്യ ദിനം !
* സൌത്ത് കൊറിയ: സശസ്ത്രദളദിനം !
* കാമറൂൺ ഏകീകരണ ദിനം !
ഇന്നത്തെ മൊഴിമുത്ത്
‘‘ഞങ്ങൾ ഒരിക്കലും അധികാരി വർഗ്ഗത്തിനു മുന്നിൽ മുട്ടുമടക്കില്ല. ഞങ്ങൾ ഒരിക്കലും ജനങ്ങളെയും രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെയും ഒറ്റുകൊടുക്കില്ല. അതിനാൽ തന്നെ ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്നു വിധിക്കും’’ - [ എ കെ ജി ]
ജന്മദിനം
മുൻ ബിഹാർ ഗവർണറും കാൺപൂരിൽ നിന്നുള്ള ദലിത് നേതാവും ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയുമായ റാം നാഥ് കോവിന്ദിന്റെയും (1945),
സിനിമാല എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാവുകയും 2008 ല്‍ പുറത്തിറങ്ങിയ പോസറ്റീവ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയും ഏഷ്യാനെറ്റില്‍ 'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയുടെ അവതാരകനായും 2018ല്‍ ജയറാമിനെ നായകനാക്കി പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രവും 2019ല്‍ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രവും സംവിധാനം ചെയ്യുകയും ചെയ്ത അഭിനേതാവും മിമിക്രി കലാകാരനും സംവിധായകനുമായ രമേഷ് പിഷാരടിയുടേയും (1981),
2005ല്‍ മികച്ച ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്രശസ്ത മലയാള നടന്‍ സിദ്ദിഖിന്‍റെയും (1962),
ചലചിത്ര നടൻ ശ്രീനിവാസന്റെ മകനും മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെയും (1984),
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ത്രിപുരയിൽ നിന്നുള്ള സി.പി.ഐ.എം പ്രതിനിധി ജർനദാസ് ബൈദ്യയുടെയും (1962),
ഹിന്ദിചലച്ചിത്രങ്ങളിൽ ഹാസ്യതാരമായും, സഹനടനായും, സ്വഭാവനടനായും അഭിനയിക്കുന്ന ബൊമൻ ഇറാനിയുടെയും (1962),
ട്രാൻസ്ഫോമിങ് അവർ സീറ്റീസ്: പോസ്റ്റ്കാർഡ്സ് ഓഫ് ചെയ്ഞ്ച്, അർബനൈസേഷൻ ഇൻ ഇന്ത്യ: ചലഞ്ചസ്, ഓപ്പർച്ചുനിറ്റീസ് ആന്റ് ദി വേ ഫോർവേഡ് തുടങ്ങിയ കൃതികൾ രചിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ഡോ. ഇഷർ അലുവാലിയയുടെയും (1945),
രണ്ടു കാലാവധികൾ ജോർജ്ജിയ സംസ്ഥാനത്തെ സെനറ്റ് അംഗവും 1971 മുതൽ 1975 വരെ ആ സംസ്ഥാനത്തെ ഗവർണ്ണറും 1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമായിരുന്ന, 2002ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടുകയും ചെയ്ത ജിമ്മി കാർട്ടർ എന്നറിയപ്പെടുന്ന ജെയിംസ് ഏൾ കാർട്ടർ, ജൂനിയറിന്റേയും ( 1924)
കൗമാരപ്രായത്തിൽ കോമഡികഥാപാത്രങ്ങളിലൂടെ പ്രശസ്തയാകുകയും പിന്നീട് സ്വതന്ത്ര സിനിമകളിലെയും ബ്ലോക്ക് ബസ്റ്ററുകളിലെയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും അക്കാഡമി അവാർഡ് , ഗോൾഡൻ ഗ്ലോബ് അവാർഡ് , പ്രൈംടൈം എമ്മി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടുകയും 2019-ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുക്കുകയും ചെയ്ത അമേരിക്കൻ നടി ബ്രയാൻ സിഡോണി ഡെസോൾനിയേഴ്‌സ് എന്ന ബ്രീ ലാർസൺന്റേയും (1989),
ഓട്ടിസം എന്ന മാനസിക വൈകല്യമുള്ള ഒരു പ്രശസ്ത അമേരിക്കൻ ബാസ്ക്കറ്റ് ബോൾ കളിക്കാരൻ "ജേ-മാക്" എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജേസൺ മക്ല്വെയ്ൻനിന്റെയും (1987),
ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബോളറായി വിലയിരുത്തപ്പെടുന്ന ലൈബീരിയയിൽ നിന്നുള്ള മിലാൻ, ചെൽസിയ, മാൻചെസ്റ്റർ സിറ്റി തുടങ്ങിയ ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുള്ള ജോർജ് വിയയുടെയും ( 1966) ജന്മദിനം !
സ്മരണാഞ്ജലി !!!
കോടിയേരി ബാലകൃഷ്ണൻ മ. (1953-2022)
എ.ജെ. ജോൺ മ. (1893-1957)
പി സി വാസുദേവൻ ഇളയത് മ. (1910-1994)
ഹരിഹരന്‍ പൂഞ്ഞാർ മ. (1934-1996)
പി.കെ.എ റഹിം മ. (-2007)
അബ്ദുർ റഹ്മാൻ ഖാൻ മ. (1840-1901)
ഖാലിദ് മ. (1930 -1994)
എൻ രാമകൃഷ്ണൻ മ. (1941-2012)
ആദിത്യബിർള മ. (1943-1995)
പൂർണ്ണം വിശ്വനാഥൻ മ. (1921-2008)
എറിക് ഹോബ്സേ മ.(1917- 2012)
വില്യം കള്ളെൻ മ. (1785-1862)
വിൽഹെം ഡിൽഥെയ് മ. (1833-1911)
കേരളത്തിലെ മുൻ അഭ്യന്തരമന്ത്രിയുംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) നേതാവും 2015 മുതൽ 2022 വരെ സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററുമായി പ്രവർത്തിച്ചിരുന്ന കൊടിയേരി ബാലകൃഷ്ണൻ (16 നവംബർ 1953 - 1 ഒക്ടോബർ 2022)
പ്രസിദ്ധനായ ഒരു കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്ന എ.ജെ. ജോൺ.(18 ജൂലൈ 1893 -01 ഒക്ടോബർ 1957)
മലയാളത്തിലും സംസ്കൃതത്തിലും കൃതികൾ രചിക്കയും, ദേശീയ ബോധം, ദീനാനുകമ്പ, അനീതിയോടും അധർമ്മത്തോടുമുള്ള എതിർപ്പ് തുടങ്ങിയ വികാരങ്ങൾ പ്രകടമാക്കുന്ന അനവധി പ്രൌഢ ലേഖനങ്ങൾ രചിക്കുകയും ചെയ്ത സംസ്കൃത പണ്ഡിതൻ പ്രൊഫസർ പി സി വാസുദേവൻ ഇളയത് (മെയ് 15, 1910- ഒക്റ്റോബർ 1, 1994),
മുംബൈയിലെ മുതിര്‍ന്ന എഴുത്തുകാരനും ദാർശനികനും, മാർക്‌സിസ്‌റ്റ് ചിന്തകനും, സാഹിത്യനിരൂപകനുമായിരുന്ന ഹരിഹരന്‍ പൂഞ്ഞാർ (1934 ആഗസ്‌റ്റ് 16- 1996-ഒക്‌ടോബർ 1),
രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധാനന്തരം ഛിന്നഭിന്നമായ അഫ്ഗാനിസ്താനെ ഏകീകരിച്ച് ഭരണം പുനഃസ്ഥാപിച്ച ശക്തനായ ഭരണാധികാരിയും, ഭീകരമായ സൈനികനടപടികളും ഇസ്ലാം മതനിയമങ്ങളും ഉപയോഗിച്ച് അധികാരം രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയും വിവിധ വംശനേതാക്കളുടെ അധികാരത്തിന് കടിഞ്ഞാണിടുകയും , പരമ്പരാഗതരീതികളെ തച്ചുടച്ച് ഒരു കേന്ദ്രീകൃത സർക്കാർ രൂപീകരിക്കുകയും ചെയ്ത അഫ്ഗാനിസ്താൻ അമീറത്തിലെ ഇരുമ്പ് അമീർ (Iron Amir) എന്ന് അറിയപ്പെട്ടിരുന്ന അബ്ദുർറഹ്മാൻ ഖാൻ ( 1840– 1901 ഒക്ടോബർ 1),
1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഒരു മലയാള നോവലിസ്റ്റായ ഖാലിദ്.(10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994).
മുൻമന്ത്രിയും കോൺഗ്രസ് സേവാദൾ സംസ്ഥാന ചെയർമാനുമായിരുന്നു എൻ. രാമകൃഷ്ണൻ
(13 മാർച്ച് 1941 - 1 ഒക്ടോബർ 2012)
ഒരു ഇന്ത്യൻ വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് കുടുംബങ്ങളിലൊന്നിൽ ജനിച്ച ആദിത്യ വിക്രം ബിർള(14 നവംബർ 1943 - 1 ഒക്ടോബർ 1995)
18-ാം വയസ്സിൽ സ്റ്റേജിൽ പ്രകടനം ആരംഭിക്കുകയും പിന്നീട് ആകാശവാണിയുടെ വാർത്താ വായനക്കാരനായി പ്രവർത്തിക്കുകയും ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമാണെന്ന് ആദ്യമായി പ്രഖ്യാപിക്കുവാനുള്ള ഭാഗ്യംസിദ്ധിക്കുകയും ചെയ്ത വ്യക്തിയും, ചിത്രം, വരുഷം 16, തില്ലു മുള്ളു , കേളടി കൺമണി, മൂന്നാം പിറൈ , ആസൈ , മഹാനടി , വരുമൈയിൻ നിറം ശിവപ്പ് തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത പൂർണം വിശ്വനാഥൻ (4 ജൂലൈ 1921 - 1 ഒക്ടോബർ 2008) .
വിഖ്യാതനായ ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു എറിക് ഹോബ്സ്ബാം
(9 ജൂൺ 1917 – 1 ഒക്ടോബർ 2012)
1840 മുതൽ 1860 വരെ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും റെസിഡന്റായിരുന്ന ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജെനറൽ വില്യം കള്ളെൻ ( 1785 മേയ് 17 – 1862 ഒക്റ്റോബർ 1)
മാനവികശാസ്ത്രങ്ങളുടെ വിജ്ഞാനസിദ്ധാന്താധിഷ്ഠിത വിശകലനം നടത്തിയ തത്ത്വചിന്തകനായിരുന്ന വിൽഹെം ഡിൽഥെയ്. വിൽഹെം ഡിൽഥെയ്(19 നവംബർ 1833-1 ഒക്ടോബർ 1911)
ഇന്ന് പിറന്നാൾ ആചരിയ്ക്കേണ്ടഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ
എ.കെ.ജി ജ. (1904-1977)
പനമ്പിള്ളി ഗോവിന്ദ മേനോൻ ജ. (1906-1970)
സുബ്രഹ്മണ്യ അയ്യർ ജ. (1842 –1924)
ടി.സി. അച്യുതമേനോൻ ജ. (1864-1942)
ജോസഫ് വടക്കൻ ജ. (1919-2002)
ജെ കെ വി ജ. (1930 -1999)
ആനി ബസന്റ് ജ. (1847 -1933 )
കാട്ടുമാടം നാരായണൻ ജ. (1931-2005)
എ.പി. ഉദയഭാനു ജ. (1915-1999)
ഗോവിന്ദപ്പ വെങ്കടസ്വാമി ജ. (1918-2006)
പി.ബി. അബ്ദുൾ റസാക്ക് ജ. (1955-2018)
ലിയാഖത്ത് അലി ഖാൻ ജ. (1895 -1951)
മജ്റൂഹ് സുൽത്താൻപുരി ജ. (1919-2000)
ശിവാജി ഗണേശൻ ജ. (1927 - 2001)
സച്ചിൻ ദേവ് ബർമൻ ജ. (1906-1975 )
ജെറോം എസ്. ബ്രൂണർ ജ.(1915-2016)
പോൾ ഡ്യൂക്കാസ് ജ. (1865-1935)
ഇന്ത്യൻ ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവ്, സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ സർവ്വോപരി സഖാവ് എന്നി നിലകളിൽ പ്രവർത്തികുകയും അവശതയനുഭവിക്കുന്ന ഒരു ജനതക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് അനുയായികൾ ബഹുമാനപൂർവ്വം പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന സഖാവ്ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി.(ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ),
അനീബസൻ്റിനോടൊപ്പം ഹോം റുൾമൂവ്മെൻ്റ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനിയും വക്കീലും നിയമജ്ഞനും കോൺഗ്രസ്സ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും ആയിരുന്ന സർ സുബ്ബയ്യർ സുബ്രഹ്മണ്യ അയ്യരെയും (1 ഒക്ടോബർ 1842 – 5 ഡിസംബർ 1924) ,
മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കർത്താവും സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകൾ സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായി നടത്തുകയും ചെയ്ത ടി.സി. അച്യുതമേനോനെയും (1864ഒക്റ്റോബർ 1 - ജൂലൈ 8,1942),
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും ,1949 ൽ രൂപവത്കരിക്കപ്പെട്ട തിരുക്കൊച്ചിമന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും, 1955 ൽ രൂപവത്കരിക്കപ്പെട്ട കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രിയാവുകയും കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രിയും, ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും ആയിരുന്നപ്രഗല്ഭനായ അഭിഭാഷകനും രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോൻ ' (ഒക്ടോബർ 1, 1906 - മേയ് 23, 1970),
നാട്ടുചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാനവും അതുണ്ടാക്കിയ മാറ്റങ്ങളും അടയാളപ്പെടുത്തുന്ന ബൃഹദ്ഗ്രന്ഥമായ 'വന്നേരിനാട്' എന്ന അപൂർവ്വകൃതിയുടെ രചയിതാവും എം.എൻ റോയ് നേതൃത്വം നൽകിയ റാഡിക്കൽ ഹ്യൂമനിസം അടക്കമുള്ള സാംസ്കാരിക-നവോത്ഥാന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ പത്രാധിപത്യം വഹിച്ചിരുന്ന ' ജ്വാല' എന്ന മാസികയുടെ പ്രസാധകനും പ്രിന്ററും എഴുത്തുകാരനുമായിരുന്ന പി.കെ. റഹിം (1931-2007),
എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനായിരുന്നു കാട്ടുമാടം നാരായണൻ. (1931- 2005)
സ്‌റ്റേറ്റ്‌സ്‌മാൻ’ (കൽക്കത്ത) പത്രത്തിൽ ജോലി തുടങ്ങുകയും പിന്നിട് കേരളത്തിൽ ഫ്രീലാൻസ് ജേർണലിസ്‌റ്റും അദ്ധ്യാപകനുമായി ജോലി നോക്കുകയും ഇരുനൂറ്റിയൻപതോളം കഥകളും കുറെ നോവലുകളും ലേഖനങ്ങളും, ഇംഗ്ലീഷിൽ ഒരു പുസ്‌തകവും എഴുതുകയും ചെയ്ത ജെ കെ വി എന്ന കെ.വി. ജോസഫ് (1930 ഒക്‌ടോബർ 1-1999 ജൂൺ 10),
പ്രമുഖനായ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമായ എ.പി. ഉദയഭാനു
(1 ഒക്ടോബർ 1915 - 15 ഡിസംബർ 1999 )
സ്വാതന്ത്ര്യ സമര സേനാനിയും കർഷക തൊഴിലാളി പാർട്ടി (KTP) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥപകനും ക്രിസ്ത്യൻ പാതിരിയും ആയിരുന്ന ഫാദർ വടക്കൻ എന്ന ജോസഫ് വടക്കൻ (1 ഒക്ടോബർ 1919 – 28 ഡിസംബർ 2002),
നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത ആനിവുഡ് എന്ന ആനി ബസൻ്റ് ' ( 1847 ഒക്ടോബർ 1 -1933 സെപ്റ്റംബർ 20),
ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം വ്യത്യസ്ത മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച പ്രധാനികളിൽ ഒരാളും, സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയും, പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയും ആയിരുന്ന ലിയാഖത്ത് അലി ഖാൻ (1895 ഒക്ടോബർ 1-1951 ഒക്ടോബർ 16),
ഒരു ഇന്ത്യൻ സംഗീത സംവിധായകനും ഗായകനുമായിരുന്ന സച്ചിൻ ദേവ് ബർമൻ എന്ന SD ബർമൻ (1 ഒക്ടോബർ 1906 - 31 ഒക്ടോബർ 1975)
1950 കളിലും,1960 കളുടെ ആദ്യത്തിലും ഇന്ത്യൻ സിനിമാസംഗീതരംഗത്ത് ആധിപത്യം പുലർത്തുകയും, എഴുത്തുകാരുടെ പുരോഗമന പ്രസ്ഥാനത്തിലെ സുപ്രധാന വ്യക്തിത്വവും മനോഹരമായ നിരവധി കവിതകൾ രചിക്കുകയും ചെയ്ത പ്രസിദ്ധനായ ഉർദു കവിയും ഗാനരചയിതാവുമായിരുന്നമജ്റൂഹ് സുൽത്താൻപുരി(1 ഒക്ടോബർ 1919-24 മെയ് 2000),
1973-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുള്ള പ്രശസ്തനായ ഒരു നേത്രശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്ന ഡോ. വി. എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമി(ഒക്ടോബർ 1, 1918- ജൂലൈ 7,2006).
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്ത തമിഴ് ചലച്ചിത്ര രംഗത്തെ ഒരു ഐതിഹാസിക നടനായിരുന്ന ശിവാജി ഗണേശൻ (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001)
അധ്യാപകൻ, നിരൂപകൻ എന്നീ നിലകളിലും അറിയപ്പെടുന്നഫ്രഞ്ച് സംഗീത രചയിതാവായിരുന്നു പോൾ ഡ്യൂക്കാസ് .(1865 ഒക്ടോബർ 1-1935)
മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുള്ള അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ജെറോം സെയ്മോർ ബ്രൂണർ ( Jerome Seymour Bruner ) (ഒക്ടോബർ 1. 1915- 20016 ജൂൺ 5 )
ചരിത്രത്തിൽ ഇന്ന് …
331 BC - Gaugamela യുദ്ധത്തിൽ അലക്സാണ്ടർ പേർഷ്യൻ രാജാവ് ഡാരിയസിനെ തോൽപ്പിച്ചു.
1814- നെപ്പോളിയന്റെ പരാജയത്തിന് ശേഷം പുതിയ യൂറോപ്പിന്റെ രാഷ്ട്രീയ ചിത്രം വരക്കാൻ നേതാക്കൾ വിയന്നയിൽ ഒത്തു കൂടി.
1867- കാറൽ മാർക്സ് മൂലധനം (Das capital) പ്രസിദ്ധീകരിച്ചു.
1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.
1880 - തോമസ് ആൽവ എഡിസൺലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.
1888- നാഷനൽ ജ്യോഗ്രാഫിക്ക് മാഗസിൻ ആദ്യമായി പ്രസിദ്ധീകരിച്ചു
1891 - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.
1908 - ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.
1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.
1937 - സുപ്രിം കോടതി യുടെ ആദ്യകാല രൂപമായ Federal കോടതി നിലവിൽ വന്നു.
1939 - വിൻസ്റ്റൺ ചർച്ചിൽ റഷ്യയെ " A riddle wrapped in a misery "എന്ന് വിശേഷിപ്പിക്കുന്നു.
1949 - മാവോ സേതൂങ്ങ് ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.
1953 - ഭാഷാടിസ്ഥാനത്തി ലെ ആദ്യ സംസ്ഥാനം ആന്ധ്ര പ്രദേശ് നിലവിൽ വന്നു
1957 - താലിഡോ മൈഡ് (Anti- nausea drug & Sleeping aid) വിപണിയിലിറക്കി.
1958 - നാസ സ്ഥാപിതമായി.
1960 നൈജീരിയ, സൈപ്രസ് എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി
1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻകാൻസെൻ എന്ന അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു.
1969 - കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു
1975 - മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു
1988 - മിഖായാൽ ഗോർബച്ചേവ് USSR ഭരണ തലവനായി.
1991 - ക്രൊയേഷ്യൻ ആദ്യന്തര യുദ്ധം.. Dubrovink ദ്വീപ് യുഗോസ്ലേവ്യ പിടിച്ചു.
2000 - BSNL നിലവിൽ വന്നു
2003 - ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു.
2017 - സ്പെയിനിലെ വടക്കു കിഴക്കൻ പ്രദേശമായ കാറ്റലോണിയ സ്വതന്ത്രരാജ്യമായി തീരണമോ എന്ന് നിശ്ചയിക്കാൻ കാറ്റലോണിയൻ പക്ഷക്കാർ ഹിതപരിശോധന നടത്തി.
2017 - അമേരിക്കയിലെ ലാസ് വേഗസ് നഗരത്തിൽ സംഗീത ഉത്സവത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 58 പേർ മരിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya