പാലക്കാട്: വാളയാറില്‍ അമ്മയും മകനും ഉള്‍പ്പെട്ട രാസലഹരി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മ അശ്വതി (46) ബെംഗളൂരുവില്‍ നിന്ന് ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പാണെന്ന് എക്‌സൈസ് പറയുന്നു. കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലിന്റെ പ്രേരണയാലാണ് ലഹരി ഉപയോഗം തുടങ്ങിയത്. പിന്നീട് ലഹരിക്കടത്തിലേക്ക് കടക്കുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്ന് ലഹരി എറണാകുളത്തെത്തിച്ച് ചില്ലറവില്‍പന നടത്തുകയായിരുന്നു പതിവ്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ശേഷമാണ് ലഹരി വില്‍പന തുടങ്ങിയത്. കൂട്ടിന് 21കാരന്‍ മകനെയും ഒപ്പം കൂട്ടി. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും വരുമ്പോള്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്. പ്രതികളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉള്‍പ്പെടെയുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.
അശ്വതി, മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി മൃദുല്‍, അശ്വിന്‍ ലാല്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. അശ്വതിയും മകനും തൃശൂര്‍ സ്വദേശികളാണെങ്കിലും എറണാകുളത്താണ് താമസം. പ്രതികള്‍ സഞ്ചരിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.