വാഷിംഗ്ടണ്‍: യുക്രെയ്ന്‍ പ്രതിസന്ധി റഷ്യയ്ക്കും യുക്രെയ്നും ഇടയിലുള്ള ശത്രുതയിലേക്ക് നീങ്ങാന്‍ അനുവദിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് ഉത്തരവാദിയാണെന്ന ആരോപണവുമായി ഡോണള്‍ഡ് ട്രംപ്.
2020 ലെ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചിരുന്നെങ്കില്‍, യുക്രെയ്ന്‍ സംഘര്‍ഷവും മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയും അമേരിക്ക കൈകാര്യം ചെയ്യുമായിരുന്നില്ലെന്നും, അഫ്ഗാനിസ്ഥാനില്‍ നിന്ന് 'ലജ്ജാകരമായ' പിന്‍വാങ്ങല്‍ ഒഴിവാക്കുമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷത്തെ ട്രംപ് വിശേഷിപ്പിച്ചത് ബൈഡന്റെ യുദ്ധം എന്നാണ്. ഇത് തന്റെ കാലത്തെ യുദ്ധമല്ലെന്നും ട്രംപ് പറയുന്നു. റഷ്യയ്ക്കെതിരെ പോരാടാന്‍ ബൈഡന്‍ യുക്രെയ്ന് കോടിക്കണക്കിന് ഡോളര്‍ നല്‍കിയെന്നും അദ്ദേഹം ഇത് ഒരിക്കലും അനുവദിക്കരുതായിരുന്നുവെന്നും ട്രംപ് പറയുന്നു.
'സത്യം പറഞ്ഞാല്‍, ബൈഡന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് വലിയ ബഹുമാനമൊന്നുമില്ലായിരുന്നു, അതുകൊണ്ടാണ് അദ്ദേഹം യുദ്ധത്തിന് പച്ചക്കൊടി കാണിച്ചതെന്നും ട്രംപ് ആരോപിക്കുന്നു. സംഘര്‍ഷം പരിഹരിക്കുന്നത് ഒരു മുന്‍ഗണനയായി തുടരുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു, എന്നാല്‍ അതിലെ വെല്ലുവിളികളെ അംഗീകരിക്കുന്നുവെന്നും ട്രംപ് സമ്മതിച്ചു.
ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍, നൂതന ആയുധ സംവിധാനങ്ങള്‍, വെടിമരുന്ന്, നേരിട്ടുള്ള സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടെ ഏകദേശം 175 ബില്യണ്‍ ഡോളര്‍ സഹായം അമേരിക്ക യുക്രെയ്‌ന് വാഗ്ദാനം ചെയ്തു. എന്നാല്‍ 2025 ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ട്രംപ് റഷ്യയുമായി സംഭാഷണം പുനരാരംഭിച്ചു.
യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനും ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുമായി റഷ്യന്‍, അമേരിക്കന്‍ പ്രതിനിധികള്‍ നിരവധി ഉന്നതതല ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ട്രംപിന്റെ നയത്തെ റഷ്യ സ്വാഗതം ചെയ്യുകയും ഇടപെടലിനെ ഫലപ്രദമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അമേരിക്ക - റഷ്യ ബന്ധങ്ങളിലെ ദീര്‍ഘകാല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ചൂണ്ടിക്കാണിച്ചു.