യുഎസ്: യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പുനരാരംഭിച്ചാല്‍ അവരുടെ ആണവ കേന്ദ്രങ്ങള്‍ വീണ്ടും ബോംബാക്രമണത്തിന് വിധേയമാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമാണെന്ന് വാദിക്കുന്ന ഇറാന്‍, കഴിഞ്ഞ മാസത്തെ അമേരിക്ക-ഇസ്രയേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നതിന്റെ പൂര്‍ത്തീകരണത്തോടടുക്കുകയാണെന്ന് അവകാശപ്പെട്ട് ജൂണില്‍ ഇസ്രയേല്‍ ഇറാനെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. പതിറ്റാണ്ടുകളായി ഇസ്രയേലി ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന ആരോപണമാണിത്.
ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുണ്ടെന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ ഐഎഇഎയ്ക്കും അമേരിക്കന്‍ ഇന്റലിജന്‍സിനും കഴിഞ്ഞിട്ടില്ലെങ്കിലും, ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണത്തില്‍ പങ്കുചേര്‍ന്നു.
ഈ ആക്രമണങ്ങള്‍ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ചതായും, ആണവ ശാസ്ത്രജ്ഞരും സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.