നേരിട്ടുള്ള മെസേജുകൾക്ക് പരിധിയുമായി ട്വിറ്റർ; ഇല്ലെങ്കിൽ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന് പണം മുടക്കണം

സ്‌പാമും ബോട്ടുകളും തടയുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ കാരണം എന്ന് ട്വിറ്റർ വക്താക്കൾ പറഞ്ഞു.

author-image
admin
New Update
twi.jpg

ഉപയോക്താക്കൾക്ക് ഒരു ദിവസം വായിക്കാന്‍ കഴിയുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ ട്വിറ്റര്‍ പരിധി നിശ്ചയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു നിയന്ത്രണത്തിനൊരുങ്ങുകയാണ് ട്വിറ്റർ. വേരിഫൈഡ് ബാഡ്‌ജോ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷനോ ഇല്ലാത്ത ഉപയോക്താൾക്ക് നേരിട്ട് അയക്കാൻ കഴിയുന്ന മെസ്സേജുകളുടെ (ഡിഎം) എണ്ണത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പരിധി കൊണ്ടുവരുന്നത്.

സ്‌പാമും ബോട്ടുകളും തടയുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ കാരണം എന്ന് ട്വിറ്റർ വക്താക്കൾ പറഞ്ഞു. മാറ്റങ്ങൾ അടുത്ത വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും പ്ലാറ്റ്‌ഫോം അറിയിച്ചു. എന്നാൽ ഈ പുതിയ നീക്കം ഉപയോക്താക്കളെ കൊണ്ട് ട്വിറ്റർ ബ്ലൂവിനായി പണം മുടക്കിപ്പിക്കാനുള്ള നീക്കമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

കൃത്യമായ ഡിഎം പരിധി എന്തായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ അൺലിമിറ്റഡ് ഡിഎമ്മുകൾ അയയ്‌ക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ട്വിറ്റർ ബ്ലൂ സൈൻ അപ്പ് ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇത് ഇന്ത്യയിൽ പ്രതിമാസം 900 രൂപ വിലയുള്ളതും വിവിധ ഫീച്ചറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതുമായ പെയ്ഡ് സേവനമാണ്. വർഷങ്ങളായി ട്വിറ്ററിനെ അലട്ടുന്ന സ്പാം, ബോട്ട് പ്രശ്‌നം പരിഹരിക്കാനുളള നീക്കങ്ങൾ നടക്കുന്നതായി മസ്ക് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഡി എം സെറ്റിങ്സിൽ കമ്പനി ചില മാറ്റങ്ങൾ കൊണ്ടു വന്നിരുന്നു. ഈ മാറ്റങ്ങൾ പ്രകാരം ഉപയോക്താക്കൾ ഫോളോ ചെയ്യുന്ന പ്രൊഫൈലുകളിൽ നിന്നുള്ള സന്ദേശങ്ങൾ പ്രാഥമിക ഇൻബോക്സിൽ ലഭിക്കും. എന്നാൽ ഫോളോ ചെയ്യാത്ത, പരിശോധിച്ചുറപ്പിച്ച പ്രൊഫൈലുകളിൽ നിന്നുള്ള സന്ദേശങ്ങൾ ഉപയോക്താക്കളുടെ മെസ്സേജ് റിക്വസ്റ്റ് ഇൻബോക്സിലേക്കാകും വരിക.

നേരത്തെ ട്വിറ്റർ, ട്വീറ്റ്‌ഡെക്ക്‌ ഫീച്ചർ വെരിഫൈഡ് ഉപഭോക്താക്കൾക്ക് മാത്രമാക്കി ചുരുക്കിയിരുന്നു. ഇതുവരെ എല്ലാ ഉപഭോക്താക്കൾക്കും ട്വീറ്റ്‌ഡെക്ക്‌ സൗജന്യമായിരുന്നു. ഫോളോ ചെയ്യുന്ന പ്രൊഫൈലുകളിൽ നിന്നുളള പോസ്റ്റുകൾ എളുപ്പത്തിൽ കാണാൻ ട്വീറ്റ്‌ഡെക്ക്‌ സഹായിക്കുന്നു. ട്വിറ്ററിൻ്റെ ഈ സേവനം നിരവധി കമ്പനികളാണ് ഉപയോ​ഗിച്ച് വരുന്നത്. ട്വീറ്റ്‌ഡെക്കിന് പണം ഈടാക്കാനുള്ള നീക്കം പരസ്യ വരുമാനം നിലനിർത്താൻ പാടുപെടുന്ന ട്വിറ്ററിന് സഹായമായേക്കും.

twitter
Advertisment