'സന്ദീപ് ഡോ. വന്ദനയെ കൊലപ്പെടുത്തിയത് ബോധപൂർവ്വം'; 1050 പേജുളള കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

സ്ഥിരം മദ്യപാനിയായ പ്രതി സന്ദീപ് ആക്രമണം നടത്തിയത് ബോധപൂർവ്വമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 1050 പേജുളള കുറ്റപത്രമാണ് സമർപ്പിച്ചത്

New Update
vandana case

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയത്. സ്ഥിരം മദ്യപാനിയായ പ്രതി സന്ദീപ് ആക്രമണം നടത്തിയത് ബോധപൂർവ്വമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 1050 പേജുളള കുറ്റപത്രമാണ് സമർപ്പിച്ചത്. 136 സാക്ഷി മൊഴികൾ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്.

Advertisment

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനാ ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി 17ന് വാദം കേൾക്കും. പ്രതി സന്ദീപ് സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസിനെ 2023 മെയ്‌ 10ന് ആണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

സന്ദീപിന്‍റെ വസ്ത്രത്തിൽ നിന്ന് വന്ദനാ ദാസിന്‍റെ രക്തക്കറ കണ്ടെത്തിയിരുന്നു ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് നഴ്‌സുമാരുടെയും ശുചീകരണ തൊഴിലാളികളുടെയും വിശദമായി മൊഴി ഉണ്ട്. സന്ദീപ് ആശുപത്രിയിൽ എത്തിയത് മുതൽ അക്രമാസക്തനായി പെരുമാറിയതായി അവർ പറഞ്ഞിരുന്നു.

സിസിടിവി കാമറ ദൃശ്യങ്ങൾ, പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴികൾ, സന്ദീപിന്റെയും നാട്ടുകാരുടെയും ബന്ധുക്കളുടേയും മൊഴികൾ, സാഹചര്യ തെളിവുകൾ, ആശുപത്രിയിലെ നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ തുടങ്ങി നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് കുറ്റപത്രം. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള 11 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

vandana
Advertisment