Advertisment

ഡോ.വന്ദനാ ദാസിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഇക്കഴിഞ്ഞ മെയ് 10 നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദന ദാസ് കുത്തേറ്റു മരിച്ചത്.

New Update
vandana case

കൊല്ലം: ഡ്യൂട്ടിയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ  ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക. പ്രതി സന്ദീപ് വന്ദന ദാസിനെ ബോധപൂർവ്വം കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതിനാൽ ഇത് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

Advertisment

ഇക്കഴിഞ്ഞ മെയ് 10 നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദന ദാസ് കുത്തേറ്റു മരിച്ചത്. ശാസ്ത്രീയ തെളിവുകളും മൊഴിയുടെ പകർപ്പും അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. സംഭവ ശേഷം സന്ദീപിന്റെ വസ്ത്രത്തിൽ വന്ദനയുടെ രക്തക്കറ കണ്ടിരുന്നു. ഇതാണ് കേസിലെ നിർണായക ശാസ്ത്രീയ തെളിവ്. സിസിടിവി ക്യാമറ ദൃശ്യങ്ങൾ, സംഭവത്തിന്റെ ദൃക്‌സാക്ഷികളായ പോലീസിന്റെ മൊഴി, സാഹചര്യത്തെളിവുകൾ, സന്ദീപിന്റെയും നാട്ടുകാരുടെയും ബന്ധുക്കളുടേയും മൊഴികൾ, സാഹചര്യ തെളിവുകൾ എന്നിവയുടെ എല്ലാം അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

നിലവിൽ പ്രതി സന്ദീപ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. നേരത്തെ സന്ദീപ് ജാമ്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വന്ദനാ ദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.  ഹർജി ഈ മാസം 17 ന് പരിഗണിക്കും.

 

Advertisment