വരയും വര്‍ണ്ണവും, മണ്ണിന്റെ ചാരുതയിലും സിമെന്റിന്റെ ദൃഢതയിലും, കിണര്‍ ഭിത്തിയിലും, വാസുവിന്റെ കരവിരുത് സഫലമാകുന്നത്, പരമ്പരാഗത വസ്തുക്കളുടെ മാതൃകയില്‍

പ്ലാസ്റ്റിക് മലിനീകരണം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും നാശമുണ്ടാക്കുന്ന 'ഹാനികരമായ മലിനീകരണത്തിന്' കാരണമാകുമ്പോള്‍ രണ്ടു പതിറ്റാണ്ട് മുമ്പ് തന്നെ കലയിലൂടെ പോരാട്ടം നടത്തിയ കലാകാരനാണ് കാഞ്ഞിക്കുളം കാപ്പുകാട് വീട്ടില്‍ വാസു.

New Update
vasu

കോങ്ങാട് :  പ്ലാസ്റ്റിക് മലിനീകരണം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും നാശമുണ്ടാക്കുന്ന 'ഹാനികരമായ മലിനീകരണത്തിന്' കാരണമാകുമ്പോള്‍ രണ്ടു പതിറ്റാണ്ട് മുമ്പ് തന്നെ കലയിലൂടെ പോരാട്ടം നടത്തിയ കലാകാരനാണ് കാഞ്ഞിക്കുളം കാപ്പുകാട് വീട്ടില്‍ വാസു.

Advertisment

പ്ലാസ്റ്റിക്, പാഴ് വസ്തുക്കള്‍, മാലിന്യം മനോഹരവും ഉപയോഗപ്രദവുമായ വസ്തുക്കളായി മാറ്റാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്  നിരവധി നിര്‍മിതികള്‍ വാസു പൂര്‍ത്തിയാക്കി. കല്ലടിക്കോട് ജി എല്‍ പി സ്‌കൂളില്‍ നല്ലപാഠം പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ചാച്ചാജി ശില്പവും വേലിക്കാട് എ യു പി സ്‌കൂളില്‍ നിര്‍മിച്ച ഗാന്ധി ശില്പവും ശ്രദ്ധേയമായിരുന്നു.

ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ  പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമാക്കിയുള്ള ദൗത്യം, സ്‌കൂള്‍ മുറ്റത്ത് മനോഹര നെഹ്റു ശില്പമായി മാറിയപ്പോള്‍ കുട്ടികള്‍ക്കും അത് കൗതുകമായി. മലമ്പുഴ ജലാശയത്തില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചുള്ള പത്രവാര്‍ത്ത കണ്ടും പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടങ്ങളില്‍ വാസു മുന്നിട്ടിറങ്ങി. 

വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും അടിഞ്ഞുകൂടുന്ന ആര്‍ക്കും വേണ്ടാത്ത പ്ലാസ്റ്റിക് മാലിന്യം മനോഹര നിര്‍മിതികളാക്കി കൊടുക്കാന്‍ വാസു എവിടെയും സന്നദ്ധനാണ്. സമൂഹത്തിലെ വിവിധ ഭാവരൂപങ്ങളെ മനസ്സിന്റെ മൂശയിലിട്ട്, പ്ലാസ്റ്റിക് മാലിന്യങ്ങളെ കോണ്‍ക്രീറ്റ് കൊണ്ട് പൊതിഞ്ഞാണ് വാസുവിന്റെ പ്രതിമ നിര്‍മ്മാണം.

അനുദിനം വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ എന്ത് ചെയ്യാനാകും എന്ന് തദ്ദേശസ്ഥാപനങ്ങള്‍ ചിന്തിക്കുമ്പോഴാണ് കൂലിപ്പണിക്കാരനായ വാസുവിന്റെ ഇത്തരം പരീക്ഷണനിര്‍മ്മിതികള്‍ മനോഹരമാകുന്നത്. 

ചരിത്രപരവും സാംസ്‌കാരികവും പുരാണപരവുമായ ആശയങ്ങളെ അടിസ്ഥാനമാക്കി, മണ്ണിന്റെ ചാരുതയിലും സിമെന്റിന്റെ ദൃഢതയിലും, കിണര്‍ ഭിത്തിയിലും, മതിലിലും വാസു ഒരുക്കുന്ന നിര്‍മിതികള്‍ ആരിലും വിസ്മയം ഉണ്ടാക്കുന്നതാണ്.

ആധുനികവും സമകാലികവുമായ  ഡിസൈനുമായി യോജിക്കുന്ന മനോഹരമായ ഫിനിഷുകള്‍, രൂപകങ്ങള്‍ മലമ്പുഴ ഉദ്യാനത്തിലും, അഹല്യ ക്യാമ്പസിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപാരമായ കലാ വൈദഗ്ധ്യമുള്ള,
ആരോടും സൗമ്യമായി പെരുമാറുന്ന ഈ അതുല്യ കലാകാരന്‍ നിര്‍മിച്ച റിലീഫ് ശില്പങ്ങള്‍ നൈപുണ്യം പ്രകടമാക്കുന്നു. 

ചുവരിലോ മേല്‍ക്കൂരയിലോ നേരിട്ട് വരച്ചതോ, ഒട്ടിച്ചതോ ആയ ചിത്രങ്ങളാണ് മ്യൂറല്‍. ഇവ ഭൂരിഭാഗവും തീം അധിഷ്ഠിതമാണ്. വാസുവിനെ തേടി പലരും വരുന്നത് കിണര്‍ അലങ്കാര വര്‍ക്കിനാണ്. 

ഉരുളി, പറ, മരക്കുറ്റി, ആമാടപ്പെട്ടി മാതൃകയില്‍ സിമന്റില്‍ തീര്‍ത്ത കിണര്‍ ഡിസൈനുകളും മികച്ചതാണ്. പണ്ടുകാലത്ത് ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒരു പെട്ടിയാണ് ആമാടപ്പെട്ടി.

അതിന്റെ മാതൃകയില്‍ ഡിസൈന്‍ ചെയ്ത കിണര്‍ വര്‍ക്കുകള്‍ വാസുവിന്റെ കരവിരുത് വ്യക്തമാക്കുന്നവയാണ്. ആവശ്യക്കാരുടെ ആശയങ്ങളെ ചിത്രരൂപേണ ഏതു മാധ്യമത്തിലേക്കു പകര്‍ത്തുന്നതിനും തയ്യാറുള്ള ഈ കലാകാരന്‍, നല്ലൊരു നടനും കൂടിയാണ്.

നിരവധി ഹ്രസ്വ ചിത്രങ്ങളിലും സിനിമകളിലും വേഷമിട്ടു. സീ കേരളം ചാനലില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുവരുന്ന 'മധുരനൊമ്പരക്കാറ്റ്' എന്ന ടെലി സീരിയലിലെ ദുര്‍മന്ത്രവാദിയുടെ വേഷം വളരെ ശ്രദ്ധേയമാണ്.

Advertisment