തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനകാലത്ത് രാഷ്ട്രീയ ശക്തി സംഭരണത്തിനിറങ്ങിയ സി.പി.ഐക്കെതിരെ പോര്‍മുഖം തുറക്കാന്‍ സി.പി.എം. എക്സാലോജിക്ക് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് രാഷ്ട്രീയ പിന്തുണ നല്‍കാനാവില്ലെന്ന് നിലപാടെടുത്ത ബിനോയ് വിശ്വത്തിനെതിരെ മന്ത്രി വി.ശിവന്‍കുട്ടിയുടെ വിമര്‍ശനം സി.പി.എമ്മിന്റെ അറിവോടെയാണെന്ന വിലയിരുത്തലിലാണ് സി.പി.ഐ.
ബ്രൂവറി വിഷയത്തില്‍ സി.പി.ഐ കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടും പരിഷ്‌ക്കരിച്ച മദ്യനയം നടപ്പാക്കുമെന്ന സി.പി.എമ്മിന്റെ തീരുമാനം എല്‍.ഡി.എഫില്‍ പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടി വന്നു. സി.പി.ഐയുടെ നയം മുന്നണിയോഗത്തില്‍ കൃത്യമായി അവതരിപ്പിച്ചില്ലെന്നും സി.പി.എമ്മിന്റെ വാലായി പാര്‍ട്ടി മാറിയെന്നും മുന്നണി യോഗത്തില്‍ പങ്കെടുത്തവര്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയെന്നും പിന്നീട് നടന്ന സി.പി.ഐയുടെ സംസ്ഥാന നേതൃതയോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും കമ്മിറ്റിയിലെ ചിലര്‍ ആഞ്ഞടിച്ചിരുന്നു. മുമ്പ് തിരുത്തല്‍ ശക്തിയായ സി.പി.ഐ ഇപ്പോള്‍ തിലരുമ്മല്‍ ശക്തിയായി മാറിയെന്ന വിമര്‍ശനം ചില മാദ്ധ്യമങ്ങളും മുന്നോട്ട് വെച്ചിരുന്നു.
/sathyam/media/media_files/LAsppTJ1EHTdOMHodgMp.jpg)
ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി എത്തിയ ശേഷം എല്ലാ വിഷയങ്ങളിലും സി.പി.എമ്മിന് കീഴ്പ്പെട്ട് നില്‍ക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടത്തുന്നവര്‍ ഇക്കാര്യവും ഉപയോഗിച്ചുവെന്ന ചില റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിന് പുറമേ സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന സി.പി.എം അംഗം എം.എ ബേബി സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതും സി.പി.ഐയുടെ സ്വരമുയര്‍ന്നതിന് പിന്നിലുണ്ടെന്നും കരുതപ്പെടുന്നു. സര്‍വ്വവിധ പാര്‍ട്ടി നിയന്ത്രണങ്ങളും ഭേദിച്ച് മുന്നോട്ട് പോകുന്ന പിണറായിക്ക് മൂക്ക് കയറിടാനുള്ള രാഷ്ട്രീയ അവസരം സി.പി.ഐ വിനിയോഗിച്ചുവെന്ന വിലയിരുത്തലുകളുമുണ്ട്.

വിഷയത്തില്‍ കൃത്യമായ ഭിന്നത സി.പി.ഐ - സി.പി.എം പാര്‍ട്ടികള്‍ക്കിടയില്‍ ഉടലെടുത്തതിനാല്‍ തന്നെ ഇത് മുന്നണിയെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത ഘടകകക്ഷികളും പുലര്‍ത്തുന്നുണ്ട്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് ചില കക്ഷികള്‍ മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അങ്ങനെയൊരുനീക്കം ഉണ്ടായിട്ടില്ല. സര്‍ക്കാരിനെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സെക്രട്ടറി തല ചര്‍ച്ചകള്‍ നടക്കാറുണ്ട്. എക്സാലോജിക്ക് വിഷയത്തില്‍ അതുണ്ടായിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല.
/sathyam/media/media_files/2025/02/23/4fbYifY08LGt8Fvn8MMx.jpg)
തുറന്ന വിമര്‍ശനവുമായി രംഗത്തെത്തിയ ബിനോയ് വിശ്വത്തിന്റെ നടപടിയെ രാഷ്ട്രീയ വെല്ലുവിളിയായി സി.പി.എം ഇതുവരെ എടുത്തിട്ടില്ല. എന്നാല്‍ ചില രാഷ്ട്രീയ കരുനീക്കങ്ങള്‍ മുന്നണിക്കുള്ളില്‍ നടക്കുന്നുണ്ടെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. സി.പി.ഐയുടെ ധാര്‍ഷട്യം വെച്ച് പൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് പിണറായി പക്ഷം. അതുകൊണ്ട് തന്നെ സി.പി.ഐ ഭരിക്കുന്ന വകുപ്പുകളിലെ പിന്നാമ്പുറ കഥകള്‍ പൊതുസമൂഹത്തിലെത്തുക്കുമെന്ന പരോക്ഷ ഭീഷണിയും സി.പി.എം ശിവന്‍കുട്ടിയിലൂടെ മുഴക്കിയിട്ടുണ്ട്.