തിരുവനന്തപുരം: വിപഞ്ചികയുടെ മരണം ഏറ്റവും ദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആത്മഹത്യ നടന്നത് വിദേശത്താണെന്നും ഗാര്‍ഹിക, സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ആയിരിക്കും ഇവിടെ നടപടിയെടുക്കുകയെന്നും അവര്‍ അറിയിച്ചു.
ഇത്തരം സാഹചര്യങ്ങളില്‍, പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചല്ല പരിഹാരം കാണേണ്ടത്. ഏത് പ്രതിസന്ധികളെയും മറികടക്കാനും ആത്മവിശ്വാസത്തോടെ നേരിടാനും കഴിയുന്ന മനസ്സിന്റെ ഉടമകളായി പെണ്‍കുട്ടികള്‍ മാറണം. സ്ത്രീകളെ ബോധവത്കരിക്കുന്നതിനൊപ്പം സമൂഹത്തിന്റെ മനസ്സിലും മാറ്റം ഉണ്ടാവണമെന്നും പി സതീദേവി പറഞ്ഞു.
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയില്‍ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോപണം.
ഇത് തെളിയിക്കുന വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിരുന്നു. കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള പിതാവിന്റെ നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.
വൈഭവിയുടെ മൃതദേഹം യു എ ഇയില്‍ തന്നെ സംസ്‌കരിക്കണമെന്ന് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് ആവശ്യപ്പെടുകയായിരുന്നു.