ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടുചോർച്ച ബിജെപിക്ക് ഇനിവരുന്ന തിരഞ്ഞെടുപ്പുകളിലെ ആയുധം. തമിഴനെ തോൽപ്പിക്കാൻ ഡി.എം.കെ ശ്രമിച്ചത് പ്രചാരണവിഷയമാക്കും. ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ചയ്ക്കും പാർലമെന്റിലെ ചെങ്കോലിനും പിന്നാലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും തമിഴക തിരഞ്ഞെടുപ്പിൽ കത്തിക്കാളും. ബി.ജെ.പി പക്ഷത്തേക്ക് മറിഞ്ഞത് അധികം ലഭിച്ച 19ഉം അസാധുവായ 15ഉം ചേർത്ത് 34 വോട്ടുകൾ. തമിഴകത്ത് ഭരണം പിടിക്കാനും അരയും തലയും മുറുക്കി ബി.ജെ.പി

സി.പി. രാധാകൃഷ്‌ണന് കിട്ടിയ അധിക വോട്ടുകൾ ഭാവിയിലെ ദേശീയ രാഷ്ട്രീയത്തിന്റെ ദിശാസൂചിക

New Update
bjp radhakrish

ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന സി.പി. രാധാകൃഷ്‌ണന് കിട്ടിയ അധിക വോട്ടുകൾ ഭാവിയിലെ ദേശീയ രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി മാറും. എൻ.ഡി.എയുടെ 422 എം.പിമാരുടെയും, വൈ.എസ്.ആർ കോൺഗ്രസിന്റെ 11 എം.പിമാരുടെയും ചേർത്ത് കുറഞ്ഞത് 433 വോട്ട് രാധാകൃഷ്‌ണന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് അപ്പുറം 19 വോട്ടുകൾ അധികമായി ലഭിച്ചു. മാത്രമല്ല 15 വോട്ടുകൾ അസാധുവായതും നിർണായകമാണ്. 'ഇന്ത്യ' മുന്നണി വോട്ടുകൾ ചോരുക മാത്രമല്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പല കക്ഷികളുടെയും മുന്നണി മാറ്റത്തിന്റെ സൂചനകളുമാണ് ഈ ഫലം നൽകുന്നത്.

Advertisment

തമിഴ്നാട്ടുകാരനായ രാധാകൃഷ്ണന് തമിഴ്നാട്ടിൽ നിന്ന് ‍ഡി.എം.കെയുടേതടക്കം വോട്ടുകൾ ലഭിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. അധികം ലഭിച്ച 19ഉം അസാധുവായ 15ഉം ചേർത്ത് 34 വോട്ടുകളാണ് എതിർപക്ഷത്തേക്ക് മറിഞ്ഞതായി അനുമാനിക്കുന്നത്. തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവും കറകളഞ്ഞ ആർ.എസ്.എസുകാരനുമാണ് രാധാകൃഷ്ണൻ.

Untitled

ഒ.ബി.സിയിൽ പെടുന്ന പ്രബല വിഭാഗമായ ഗൗണ്ടർ സമുദായാംഗമാണ്. രണ്ടുവട്ടം കോയമ്പത്തൂരിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‍ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ഗവർണറായിരുന്നു. തമിഴ്നാട്ടിൽ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു. ഈ നിലയ്ക്ക് രാധാകൃഷ്ണനെ എതിർക്കുന്ന ഡിഎംകെയുടെ നിലപാട് പരക്കെ വിമർശിക്കപ്പെട്ടിരുന്നു. എതിർസ്ഥാനാർത്ഥിയായി തമിഴ്നാട്ടുകാരനെ നിർത്തണമെന്ന് ആവശ്യമുയർന്നെങ്കിലും ഇന്ത്യ സഖ്യം സ്ഥാനാർത്ഥിയാക്കിയത് ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിയെയായിരുന്നു.


ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പോടെ പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കാനും വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കവുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. അത് ഏറെക്കുറേ വിജയിച്ചെന്നാണ് വിലയിരുത്തൽ. സമീപകാലത്ത് തമിഴ്‌നാട്ടിൽ നേട്ടമുണ്ടാക്കാനായി വലിയ ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ രാഷ്ട്രീയ സഖ്യങ്ങൾ പോലുമുണ്ടാക്കി. തമിഴ്‌നാട്ടിൽ നിന്നുള്ള തിരുവാടുതുറൈ അധീനത്തിന്റെ ചെങ്കോല്‍ പാര്‍ലമെന്റിൽ സ്ഥാപിച്ചതും മുരുക ഭക്തരുടെ സമ്മേളനം, കാശി തമിഴ് സംഗമം, ചോള രാജവംശവുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള നീക്കങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടിൽ മാത്രമല്ല, വരാനിരിക്കുന്ന നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

bjp

 രാധാകൃഷ്ണന്റെ വിജയം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നും എഐഡിഎംകെയുമായി സഖ്യമുണ്ടാക്കി ഭരണം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. തമിഴനെ ഉപരാഷ്ട്രപതിയാക്കിയെന്ന പ്രചാരണം ബിജെപിക്ക് അവിടെ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. ഉപരാഷ്ട്രപതി പോലെ നിർണായക തിരഞ്ഞെടുപ്പിൽ തമിഴനെ തോൽപ്പിക്കാൻ ഡിഎംകെ വോട്ടുചെയ്തെന്നും ആരോപിക്കാനാവും.

രാഷ്ട്രീയനേട്ടം ലക്ഷ്യംവച്ച് ബിജെപി കഴിഞ്ഞ ഏതാനും വർഷമായി  
ഏറ്റവും കൂടുതൽ പ്രത്യക്ഷ നടപടികളെടുത്തത് തമിഴ്നാട്ടിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി – ചൈന പ്രസിഡന്റ് ഷീ ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ച, ലോക്സഭയിൽ ചെങ്കോൽ സ്ഥാപിക്കൽ തുടങ്ങിയവ അതിലുൾപ്പെടുന്നു.

ഉപരാഷ്ട്രപതി സ്ഥാനമുൾപ്പെടെ ചില പദവികളുടെ കാര്യത്തിൽ സംസ്ഥാനത്ത ഗൗണ്ടർ വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ വ്യക്തം. ഇന്ത്യാ സഖ്യത്തിൽ നിന്ന് ഇത്രയും വോട്ടുകൾ ചോർന്നതോടെ പ്രതിപക്ഷ സഖ്യം ദുർബലമാണെന്ന വാദം ഉയർത്തിക്കാട്ടാൻ ബിജെപിക്ക് വഴിയൊരുങ്ങി.  എൻഡിഎ സ്ഥാനാർഥിക്കുള്ള പിന്തുണയുടെ തെളിവായി വിജയത്തെ വ്യാഖ്യാനിക്കാനാവും ബിജെപി താൽപര്യപ്പെടുക. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വ്യാഖ്യാനത്തിനു പ്രാധാന്യമുണ്ട്.

Advertisment