പരിഷ്കരണ നടപടികൾ പാതിവഴിയിൽ ഉപേക്ഷിക്കുമോ ലിയോ പതിനാലാമൻ പാപ്പ ! അസാധാരണ കൺസിസ്റ്ററി പാരമ്പര്യത്തിലേക്ക് മടങ്ങാൻ തന്നെയെന്ന് സൂചന. കാർഡിനൽ കോളേജിൽ എണ്ണം കൂടിയതോടെ സിറോ മലബാർ സഭയ്ക്കും ഉക്രൈൻ സഭയ്ക്കും ഇനി കർദിനാൾമാരെ കിട്ടിയേക്കില്ല

New Update
Pope Leo XIV 1

വത്തിക്കാൻ: കത്തോലിക്കാ സഭയെ അസാധാരണ പരിഷ്കരണ നടപടികളിലേക്ക് നയിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പരിഷ്കരണ നടപടികൾ പാതി വഴിയിൽ അവസാനിക്കുന്നു. പരിഷ്കരണ  വിഷയങ്ങളിൽ സിനഡ് കൗൺസിൽ 2026 ജനുവരിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ  അതിനു മുന്നോടിയായി  കർദിനാൾ മാരുടെ അസാധാരണയോഗം വിളിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. 

Advertisment

2022നു ശേഷം നടക്കുന്ന ആദ്യ അസാധാരണ കാർഡിനൽ കൺസിസ്റ്ററിയാണ് 2026 ജനുവരി 7 8 തീയതികളിൽ നടക്കുക. ഇതോടെ പരിഷ്കരണ നടപടികൾ അവസാനിപ്പിച്ച് യാഥാസ്ഥിതിക വാദികൾക്കൊപ്പം പുതിയ പാപ്പ തുടരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 

സഭയുടെ പ്രത്യേക ആവശ്യങ്ങൾ  അതല്ലെങ്കിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള കർദ്ദിനാൾമാർക്കിടയിൽ വിശാലമായ കൂടിയാലോചന ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവ  ചർച്ച ചെയ്യുന്നതിനായി മാർപ്പാപ്പമാർ വിളിച്ചുകൂട്ടുന്ന എല്ലാ കർദ്ദിനാൾമാരും പങ്കെടുക്കുന്ന പ്രത്യേക സമ്മേളനങ്ങളാണ്  അസാധാരണ കൺസിസ്റ്ററികൾ. വത്തിക്കാനിൽ അവസാനത്തെ അസാധാരണ കൺസിസ്റ്ററി, 2022 ഓഗസ്റ്റ് 29-30 തീയതികളിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്താണ് നടന്നത്.

 റോമൻ കൂരിയയ്‌ക്കായുള്ള പുതിയ അപ്പസ്‌തോലിക ഭരണഘടനയുടെ നടപ്പാക്കലും അർത്ഥവും ചർച്ച ചെയ്യുന്നതിന് എല്ലാ കർദ്ദിനാൾമാരെയും ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. സഭാ ഭരണത്തിന്റെയും റോമൻ കൂരിയയുടെയും പരിഷ്കാരങ്ങളിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. 

ഈ അസാധാരണ കൺസിറ്ററിക്ക് മുന്നോടിയായി  ഫ്രാൻസിസ് മാർപാപ്പ സിനഡ് ഒൺ സിനഡാലിറ്റി പ്രഖ്യാപിക്കുകയും
സ്വവർഗ്ഗ വിവാഹ ആശിർവാദം, കൂടി താമസം അംഗീകരിക്കൽ, വനിതാ പൗരോഹിത്യം, ബൈബിളിന്റെ കാലോചിതമായ പരിഷ്കരണം തുടങ്ങിയവ ചർച്ചയ്ക്ക് വയ്ക്കുകയും ചെയ്തു.

 ഏറെ വിവാദം ഉണ്ടാക്കിയ തുടർ സമ്മേളനങ്ങൾ വനിതാ ഡീക്കൻ പദവി, കൂടിതാമസം അംഗീകരിക്കൽ സ്വവർഗപങ്കാളികൾക്ക് കൂദാശ ലഭ്യമാക്കൽ  എന്നിവ നൽകാൻ കത്തോലിക്കാ സഭയെ നിർബന്ധിതമാക്കി. പരിഷ്കരണം പാതിവഴിയിൽ നിൽക്കുമ്പോഴാണ് ഫ്രാൻസിസ് മാർപാപ്പ മരിച്ചത്. 

മാർപാപ്പ അംഗീകരിച്ച ഒപ്പിടേണ്ട അവസാന റിപ്പോർട്ട് 2026 ജനുവരിയിൽ പുറത്തിറങ്ങണം. എന്നാൽ ഇതിനു മുന്നേ ലിയോ പതിനാലാമൻ വിളിച്ചിറക്കുന്ന അസാധാരണ കൺസിസ്റ്ററി ഈ റിപ്പോർട്ടിനെ പൂർണമായും നിരാകരിച്ചേക്കും.

 കത്തോലിക്കാ സഭ കുറച്ചുകൂടി പാരമ്പര്യ വാദത്തിലേക്ക് മടങ്ങും എന്നാണ് ലിയോ പതിനാലാമൻ നൽകുന്ന സൂചന. മെത്രാന്മാരും, അൽമായരും, വൈദികരും, സന്യാസിനികളും, എല്ലാം ഉൾപ്പെടുന്ന അസാധാരണ സിനഡി നേക്കാൾ കർദിനാൾ മാരുടെ ആലോചനായോഗത്തിന് മാത്രമാകും ഇനി പ്രസക്തി ഉണ്ടാവുക.

ഫ്രാൻസിസ് മാർപാപ്പയ്ക്ക്  മുമ്പ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആറ് അസാധാരണ കൺസിസ്റ്ററികൾ വിളിച്ചുകൂട്ടിയിരുന്നു.  അതിൽ മൂന്നെണ്ണം കൂരിയ പരിഷ്കരണവും വത്തിക്കാന്റെ സാമ്പത്തിക സ്ഥിതിയും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു.

മറ്റ് മൂന്ന് സമ്മേളനങ്ങൾ വർത്തമാനകാല ജീവന് ഭീഷണികൾ, ക്രിസ്തുവിനെ ഏക രക്ഷകനായി പ്രഖ്യാപിക്കൽ,  ജൂബിലിക്കുള്ള തയ്യാറെടുപ്പ്  എന്നിവ ചർച്ച ചെയ്തു. എന്നാൽ ജോൺപോൾ രണ്ടാമന്റെ പിൻഗാമിയായ ബെനഡിക്ട് പതിനാറാമൻ,
തന്റെ പൊന്തിഫിക്കേറ്റ് കാലത്ത്  ഔപചാരികമായ അസാധാരണമായ കൺസിസ്റ്ററികളൊന്നും നടത്തിയിരുന്നില്ല.

നീണ്ട ഇടവേളയ്ക്കുശേഷം വിളിച്ചു ചേർക്കുന്ന അസാധാരണ കൺസിസ്റ്ററി സഭയെ പുരോഗമനത്തിന്റെ പാതയിലേക്കോ അതോ കടുത്ത പാരമ്പര്യ വാദത്തിലേക്കോ നയിക്കുക എന്ന കാര്യത്തിൽ  ആകാംക്ഷയുണ്ട്. 

പുതിയ കർദിനാൾ മാരുടെ പ്രഖ്യാപനത്തിനും അസാധാരണ കൺസിസ്റ്ററി വേദിയാകാറുണ്ട്. എന്നാൽ ഇത്തവണ ലിയോ പതിനാലാമന് അത്തരം ഒരു ചിന്ത ഉണ്ടാവില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
 കാർഡിനൽ  കോളേജിൽ ഇതിനകം 128 വോട്ടവകാശം ഉള്ള കർദിനാൾമാരുണ്ട്.

 ഇത് നിർദ്ദേശിക്കപ്പെട്ട പരിധിയായ 120-ൽ കൂടുതലാണ്. അതിനാൽ സിറോ മലബാർ സഭയുടെ തലവനും ഉക്രൈനിയൻ സഭയുടെ തലവനും കർദിനാൾ പദവിക്കായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.

Advertisment