/sathyam/media/media_files/2025/12/31/puthucaharithjram-2025-12-31-17-02-43.jpg)
ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കോണ്‍സല്‍ സ്ഥാനത്ത് സദഫ് ചൗധരി ഔദ്യോഗികമായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതാ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥയായി സദഫ് ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ഫ്രാന്‍സിലെ മാഴ്‌സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹെഡ് ഓഫ് ചാന്‍സലറിയായി സേവനം അനുഷ്ഠിച്ചിരിക്കെ ലഭിച്ച നിയമനത്തിന്റെ അടിസ്ഥാനത്തിലാണ് ജിദ്ദയിലെ പുതിയ ഉത്തരവാദിത്തം. ഉത്തരാഖണ്ഡിലെ റൂര്‍ക്കി സ്വദേശിനിയാണ് അവര്‍.
2020-ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 23-ാം റാങ്ക് നേടി രാജ്യശ്രദ്ധ നേടിയ സദഫ് ചൗധരി, അന്ന് മുസ്ലിം ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും മുന്നിലെത്തിയ റാങ്കുകാരിയായിരുന്നു. ഗ്രാമീണ ബാങ്ക് ദിയോബന്ദ് ശാഖയിലെ മുന്‍ മാനേജര്‍ ഇസ്റാര്‍ അഹമ്മദ്–ഷഹബാസ് ബാനു ദമ്പതികളുടെ മൂത്ത മകളായ സദഫ്, 31 വയസ്സില്‍ തന്നെ മികച്ച ഭരണപരിചയം സ്വന്തമാക്കിയ ഉദ്യോഗസ്ഥയാണ്.
ഹജ്ജ് കോണ്‍സല്‍ എന്ന നിലയില്‍ ഇന്ത്യന്‍ അംബാസഡറും കോണ്‍സല്‍ ജനറലും ചേര്‍ന്ന് ലക്ഷക്കണക്കിന് ഇന്ത്യന്‍ തീര്‍ഥാടകരുടെ സുരക്ഷ, ക്ഷേമം, താമസം, യാത്രാസൗകര്യം എന്നിവ ക്രമീകരിക്കുന്നതില്‍ സദഫ് നിര്‍ണായക പങ്ക് വഹിക്കും. ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി സൗദി അധികൃതരോടും വിവിധ സര്‍ക്കാര്‍–സ്വകാര്യ ഏജന്‍സികളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും അവരുടെ ചുമതലയിലുണ്ട്.
ഹജ്ജ് വിഭാഗത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം കോണ്‍സുലേറ്റിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ ചുമതലയും സദഫ് ചൗധരി കൈകാര്യം ചെയ്യും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജലീലിന്റെ ഒഴിവിലാണ് പുതിയ നിയമനം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us