കണ്ണൂര്‍: ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. പിണറായിക്കാലത്ത് എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓര്‍ക്കണമെന്ന് വിജില്‍ മോഹനന്‍ വിമര്‍ശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജില്‍ മോഹനന്‍ കുറ്റപ്പെടുത്തി.
കുറിപ്പിന്റെ പൂര്‍ണരൂപം
'ശ്രീ. കെ.കെ രാഗേഷിനായി സര്‍വീസ് ചട്ടങ്ങള്‍ മറന്ന് വാഴ്ത്ത് പാട്ട് പാടുന്ന ശ്രീമതി. ദിവ്യ മേഡം ഐ.എ.എസ്, കെ.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി തിരഞ്ഞെടുത്തതിനല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാക്കിതിനാണീ കസര്‍ത്തെല്ലാം. 'പാടുക നിരന്തരം തരവും ശബ്ദമൊപ്പിച്ച്,
കിട്ടുന്നതൊക്കെ വാങ്ങിയെടുക്കുക'...
പിണറായിക്കാലത്ത് എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓര്‍ക്കണം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരുടെ വിദൂഷകയായി മാറുകയാണ് ഇവര്‍. ഔദ്യോഗിക കൃത്യ നിര്‍വ്വഹണ രംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്...?
ഭരണചക്രം തിരിയുമ്പോള്‍ തരം പോലെ കളം മാറ്റി ചവിട്ടാമെന്നാണോ ധരിച്ചിരിക്കുന്നത്. അപ്പോള്‍ സംരക്ഷണം കിട്ടുമെന്നാണോ കരുതുന്നത്....അത്യന്തം ഗൗരവമുള്ള പദവികളില്‍ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങള്‍ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണ്.
ദിവ്യ എസ് അയ്യരുടെ സര്‍ക്കാര്‍ സ്തുതികളില്‍ മുമ്പും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമായ പലതും മുമ്പും ഇവര്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഏത് രാഷ്ട്രീയ കക്ഷികളുടേതാണെങ്കിലും സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നുള്ള ബോധം പോലുമില്ലാതെയുള്ള ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോണ്‍ഗ്രസ് ബോധപൂര്‍വ്വം മൗനം പാലിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തികളുടെ നാള്‍ വഴികള്‍ പോലും പഠിക്കാതെ യജമാനന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങള്‍ വേണ്ടിയുള്ള ആശ്ലേഷങ്ങള്‍ ഇവര്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.