ന്യൂസിലാൻഡ് , ആ രാജ്യത്തു നിന്നും കൊറോണയെ തുരത്തിയിട്ട് 100 ദിവസം കഴിഞ്ഞു !!

പ്രകാശ് നായര്‍ മേലില
Monday, August 10, 2020

വലിയൊരു മാതൃകയാണ് ആ രാജ്യത്തെ ഭരണകൂടവും ആരോഗ്യവകുപ്പും ഈ മഹാമാരിയെ ചെറുക്കാനുള്ള ഉരുക്കുകോട്ട നിർമ്മിച്ചതിൽ.ഇന്ന് ന്യൂസിലാൻഡിൽ വലിയ വിലക്കുകളൊന്നുമില്ല.തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ആളുകൾ റഗ്ബി കളി കാണുന്നതും റെസ്റ്റോറന്റുകളിലും മാളുകളിലുമൊക്കെ പോകുന്നതും ഇപ്പോൾ സാധാരണമാണ്.

കഴിഞ്ഞ മാർച്ച് അവസാനമായിരുന്നു ന്യൂസിലാൻഡിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.വളരെ കർശനമായാണ് അത് നടപ്പാക്കിയതും. സമൂഹ അകലവും ശുചിത്വവും പാലിക്കുന്നതിൽ ജനങ്ങൾ പൂർണ്ണമായും സഹകരിച്ചു. 1500 പേരായിരുന്നു അവിടെ കോവിഡ് ബാധിതരായത്.അതിൽ 22 പേർ രോഗം മൂർച്ഛിച്ചു മരിക്കുകയും ചെയ്തു. പിന്നീട് അന്യരാജ്യങ്ങളിൽ യാത്രചെയ്തുവന്ന ചിലർക്കും രോഗബാധയുണ്ടായെങ്കിലും അവർ ക്വാറന്റൈൻ വഴി സുഖം പ്രാപിക്കുകയും ചെയ്തു.

രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിക്കപ്പെട്ട സമയം താൻ അതിരറ്റ സന്തോഷം കൊണ്ട് അൽപ്പം ഡാൻസ് ചെയ്‌തെന്നാണ് ജസീന്ത ആർഡൻ പത്രക്കാരോട് വെളിപ്പെടുത്തിയത്.

ന്യൂസിലാൻഡിലെ ബിസ്സിനസ്സിനെയും വ്യവസായത്തെയും കൃഷിയെയും കോവിഡ് എഫക്ട് ബാധിച്ചില്ല. അതുകൊണ്ടുതന്നെ അവരുടെ സാമ്പത്തികമേഖലയും ശക്തമാണ്. മാത്രവുമല്ല അവിടുത്തെ തൊഴിലില്ലായ്മ ഇപ്പോഴും കേവലം 4 % മാത്രമായി നിലനിർത്താനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മയുടെ ഈ കണക്കിലും ഗണ്യമായ കുറവ് അടുത്തമാസം മുതലുണ്ടാകുമെന്നാണ് വിദഗ്ധർ കരുതുന്നത്. കാരണം ജോലിയിൽ പ്രവേശിക്കുന്നവരുടെ തൊഴിലില്ലായ്മാ വേതനം നിർത്തലാക്കപ്പെടുന്നതോടു കൂടി മാത്രമേ ആ സംഖ്യ കൃത്യമായി അറിയാൻ കഴിയുകയുള്ളു.

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന് (Jacinda Ardern) ലോകമെമ്പാടുനിന്നും അഭിനന്ദനപ്രവാഹമാണ്. നേത്രുനൈ പുണ്യവും ഇച്ഛാശക്തിയും വളരെ ലളിതവും മാതൃകാപരവുമായ ജീവിതശൈലിയും കൊണ്ട് അവർ ഏറെ പോപ്പുലറാണ്. അത് കൊറോണയായാലും ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയത്തിലായാലും.

മതമില്ലാത്തവർക്ക് ഭൂരിപക്ഷമുള്ള സമ്പന്നരാജ്യമായ ന്യൂസിലൻഡിലെ, മതമുപേക്ഷിച്ച ജസീന്ത ആർഡന്റെ ഹൃദയവിശാലതയയ്ക്കും നേതൃപാടവത്തിനും, 2019 മാർച്ച് 15 ന് ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ നടന്ന 51 പേരുടെ കൂട്ടക്കൊലയ്ക്കു ശേഷം ലോകമൊന്നാകെ കയ്യൊപ്പുചാർത്തിയതാണ്.സ്വദേശികളും വിദേശികളുമായ അനേകലക്ഷങ്ങളുടെ ഹൃദത്തിലാണ് അന്നവർ ചിരപ്രതിഷ്ഠ നേടിയത്.

×