/sathyam/media/post_attachments/aqziP9Q2U82jy1PfPSk9.jpg)
നെന്മാറ : നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് വനമേഖലയിൽ സഞ്ചരിക്കുന്നതിനു ഏർപ്പെടുത്തിയ സമയക്രമം കർശനമാക്കി വനംവകുപ്പ്. നെല്ലിയാമ്പതി കാരപ്പാറ കരടി എസ്റ്റേറ്റിൽ വെച്ച് നവദമ്പതികൾ കാട്ടാനയുടെ ആക്രമണത്തിനിരയായി പരിക്കുപറ്റിയതിനെത്തുടർന്നാണ് വനം വകുപ്പ് നടപടികൾ കർശനമാക്കിയത്. നെല്ലിയാമ്പതിയിലേക്കുള്ള പോത്തുണ്ടി ചെക്ക് പോസ്റ്റിൽ നിന്നും രാവിലെ 7 മണിക്ക് ശേഷം മാത്രമേ വിനോദസഞ്ചാരികളെ കടത്തി വിടുകയുള്ളൂ.
ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം വിനോദസഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് പ്രവേശനാനുമതി നിഷേധിക്കും. തിരിച്ചിറങ്ങുന്ന വിനോദസഞ്ചാരികൾ 5 മണിക്ക് മുമ്പായി തിരിച്ച് ഇറങ്ങുന്നതും കർശനമായി പരിശോധിക്കുമെന്ന് പോത്തുണ്ടി ചെക്ക്പോസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ. ബി. സജയകുമാർ അറിയിച്ചു.
നെല്ലിയാമ്പതി ചുരം പാതയിൽ കാട്ടാനകളെയും, മാൻ, പന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികൾ റോഡിൽ കാണുന്നത് പതിവാണ്. വിനോദസഞ്ചാരികൾ വന്യമൃഗങ്ങളെ വാഹനങ്ങൾ ഹോണടിച്ചും ശബ്ദമുണ്ടാക്കിയും ആനക്കൂട്ടം ഉൾപ്പെടെയുള്ളവയുടെ സമീപത്തുകൂടി പ്രകോപനപരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ച് ശല്യപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്നതിനെ തുടർന്ന് കാട്ടുചോലകളിലും പുഴയിലും ഇറങ്ങരുതെന്നും കാട്ടിനുള്ളിൽ പ്രവേശിക്കരുതെന്നും, കുരങ്ങ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്നും, പ്ലാസ്റ്റിക് വസ്തുക്കൾ വനമേഖലയിൽ നിഷേപിക്കരുതെന്നും, ചെക്പോസ്റ്റിൽ നിന്ന് വിനോദസഞ്ചാരികൾക്ക് ലഘുലേഖകൾ മുഖേനയും അല്ലാതെയും നിർദ്ദേശം നൽകാറുണ്ട്.
എന്നാൽ വിനോദസഞ്ചാരികൾ വനം ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചുരം പാതയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കും തള്ള ആനയ്ക്കും ഇടയിലൂടെ ഇരുചക്രവാഹനങ്ങൾ പ്രകോപനം ഉണ്ടാക്കി സഞ്ചരിച്ചത് വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞ വർഷ കാലത്തും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വനം അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us