വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കണമെന്നാവശ്യപെട്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനമയച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

ഷാര്‍ജ: യെമന്‍കാരനായ പങ്കാളിയെ കൊലപ്പെടുത്തിയതിനെ തുടർന്ന് വധശിക്ഷയ്ക്ക് വിധേയയായി സനയിലെ ജയിലിൽ മരണവും കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ചിപ്പിക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി, പ്രസിഡന്റ് അഡ്വ. ശങ്കർ നാരായണൻ, സെക്രട്ടറി മുഹമ്മദ് യഹിയ, ട്രഷറർ ഫർസാന അബ്ദുൽ ജബ്ബാർ എന്നിവർ ചേർന്ന് നിവേദനം നൽകി.

Advertisment

publive-image

യെമനില്‍ ഒന്നിച്ചു താമസിച്ചിരുന്ന തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷയ്ക്ക് യെമൻ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിന്റെ മരണത്തിനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്.

2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെ സാമ്പത്തിക
ബുദ്ധിമുട്ടുകളെ തുടർന്ന് 2008ലാണ് നിമിഷ പ്രിയ നഴ്‌സായി യെമനിലെത്തുന്നത്. അവിടെ സനയിലെ ഒരു ക്ലിനിക്കിൽ ജോലിക്ക് പ്രവേശിച്ച നിമിഷ മൂന്ന് വർഷങ്ങൾക്ക് ശേഷം 2011 ൽ നാട്ടിൽ തിരികെയെത്തി വിവാഹം കഴിക്കുകയും തുടർന്ന് 2012ൽ ഭർത്താവിനൊപ്പം വീണ്ടും സനയിലെത്തുകയുമുണ്ടായി.

തുടർന്ന് നിമിഷ ക്ലിനിക്കിലും നിമിഷയുടെ ഭർത്താവായ ടോമി വെൽഡറായും ജോലിയിൽ പ്രവേശിച്ചു. എന്നാൽ കാര്യമായ സാമ്പത്തിക നേട്ടമില്ലാത്തതിനെ തുടർന്ന് ഇരുവരും സ്വന്തമായി ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയുണ്ടായി.

ഈ സമയത്താണ് ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തുമായിരുന്ന തലാൽ അബ്ദു മഹ്ദി എന്ന യെമൻ പൗരനുമായി നിമിഷ പരിചയത്തിലാകുന്നത്. ശേഷം അദ്ദേഹത്തോട് ക്ലിനിക്ക് തുടങ്ങുന്ന കാര്യം സംസാരിക്കുകയും സ്പോൺസർമാർ വഴി ക്ലിനിക്കുകൾ തുടങ്ങുന്നത് സാധാരണമായതിനാൽ പദ്ധതിയുമായി മുന്നോട്ടു പോവുകയും ചെയ്തു.

പിന്നീട് പുതിയ ക്ലിനിക്ക് തുടങ്ങുന്നതിന് വേണ്ടി പണം സംഘടിപ്പിക്കുന്നതിനായി 2014 -ൽ നിമിഷയും ഭർത്താവും നാട്ടിൽ തിരികെ എത്തുകയും ശേഷം നിമിഷ തനിയെ യെമനിലേക്ക് പോവുകയുമാണ് ഉണ്ടായത്. അവിടെയെത്തി ക്ലിനിക്ക് തുടങ്ങിയതിന് ശേഷം തലാൽ അബ്ദുവും നിമിഷയും തമ്മിൽ ബിസിനസിന്റെ ലാഭവിഹിതത്തെ ചൊല്ലി  തർക്കമുടലെടുത്തു തുടങ്ങി.

ക്ലിനിക്കിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ തലാൽ എടുക്കാൻ തുടങ്ങിയതോടെ ബിസിനസ് തർക്കം രൂക്ഷമായി. തുടർന്ന് ബിസിനസിന്റെ കാര്യത്തിൽ ഒരു തീർപ്പ് കൽപ്പിക്കുന്നതിന് വേണ്ടി യെമനിലെ ഒരു ജയിൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരം ഇയാളെ ബോധംകെടുത്തി കൈമാറ്റം ചെയ്യുന്നതിനായി 2017 ജൂലൈയിൽ യൂറിൻ ഇൻഫെക്‌ഷനുള്ള മരുന്നാണെന്ന് പറഞ്ഞു തലാലിന് നിമിഷ മയങ്ങുന്നതിനുള്ള മരുന്നു കുത്തി വെക്കുകയായിരുന്നു.

എന്നാൽ കുത്തിവെച്ച മരുന്നിന്റെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഇയാൾക്ക് മരണം സംഭവിക്കുകയാണ് ഉണ്ടായത്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018 ൽ യെമനിലെ കീഴ്കോടതി വധശിക്ഷയ്ക്കുവിധിക്കുകയുണ്ടായി.

തുടർന്ന് അപ്പീൽ നൽകിയെങ്കിലും ഈ കഴിഞ്ഞ ഓഗസ്റ്റ് 18 ന് യെമന്‍ കോടതി കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയാണ് ഉണ്ടായത്. ഇതിനിടയിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് ചോരപ്പണമായി 70 ലക്ഷം നൽകിയാൽ വധശിക്ഷ റദ്ധാക്കാമെന്നറിയിച്ചുകൊണ്ട് മരണപ്പെട്ട തലാലിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിമിഷയുടെ കുടുംബത്തിന് ഇത്ര വലിയൊരു തുക സംഘടിപ്പിക്കാൻ സാധ്യമല്ലെന്നും ഒരു സ്ത്രീയെന്ന മാനുഷികപരിഗണന നൽകി അബദ്ധത്തിൽ സംഭവിച്ചു പോയ ഒരു തെറ്റിന് മാപ്പ് നൽകുകയും യെമൻ സർക്കാരുമായി ബന്ധപ്പെട്ട് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഇത്തരത്തിലൊരു നിവേദനം സമർപ്പിച്ചിരിക്കുന്നത്.

nimisha priya
Advertisment