ആറ്റിങ്ങൽ: ചിറയിൻകീഴ് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്നു യാത്രക്കാരെ അസഭ്യവർഷത്തിലൂടെ അധിക്ഷേപിച്ച് ഇറക്കിവിട്ട വനിതാ കണ്ടക്ടർക്കെതിരേ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ വർക്കല നെല്ലിക്കോട് സ്വദേശിനി ഷീബയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ചിറയിൻകീഴിൽ പാർക്ക് ചെയ്ത ബസിൽനിന്നു യാത്രക്കാരെ അസഭ്യവർഷത്തിലൂടെ അധിക്ഷേപിച്ച് ഇറക്കിവിട്ടത്. വിഷയത്തിൽ കെഎസ്ആർടിസി പ്രാഥമികാന്വേഷണം നടത്തി ഉന്നതാധികൃതർക്ക് ശനിയാഴ്ചതന്നെ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ഇതുവരെയും യാതൊരു വിധത്തിലുള്ള നടപടിയും എടുത്തിട്ടില്ല . സംഭവത്തിനു ശേഷം ഒരുമണിയോടെ ചിറയിൻകീഴിൽനിന്ന് തിരുവനന്തപുരത്തേക്കു പോയ ബസ് തിരികെവരുമ്പോൾ ആറ്റിങ്ങലിലേക്കെത്താൻ ഡിപ്പോ അധികൃതർ കണ്ടക്ടർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, വിശദീകരണം നൽകാൻ തയ്യാറാകാതെ കണ്ടക്ടർ വീട്ടിലേക്കു മടങ്ങിയതായാണ് സൂചന. ബസ്സിൽ നേരത്തെ കയറിയിരുന്ന് യാത്രക്കാരുടെ തനിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞ കണ്ടക്ടർ കയർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്യുന്നത് ഒരാൾ ഫോണിലൂടെ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നതായി ഇൻസ്പെക്ടർ ജിബി മുകേഷ് പറഞ്ഞു.
ഇതനുസരിച്ച് പോലീസ് ബസിനെ പിന്തുടർന്ന് ഡ്രൈവറോട് വിവരങ്ങൾ അന്വേഷിച്ചു. യാത്രക്കാർക്കെങ്കിലും പരാതിയുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ, ആരും പരാതി നൽകാൻ തയ്യാറായില്ല. അതിനാൽ കേസെടുത്തിട്ടില്ലെന്നാണ് സൂചന.
കെഎസ്ആർടിസി അധികൃതർ പോലീസിൽനിന്ന് റിപ്പോർട്ട് തേടിയിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കെഎസ്ആർടിസിക്കാകെ നാണക്കേ ടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. തിരുവനന്തപുരത്തുനിന്നു ചിറയിൻകീഴിലെത്തിയ ബസ് മുരുക്കുംപുഴ-മെഡിക്കൽകോളേജ്-തിരുവനന്തപുരം ബോർഡ് വച്ചശേഷം പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടു. ഈ സമയം ഈ റൂട്ടിലേയ്ക്കു പോകാനുള്ള യാത്രക്കാർ ബസിൽ സീറ്റ് പിടിക്കാൻ കയറിയിരുന്നു. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും വയോധികരും കൂട്ടത്തിലുണ്ടായിരുന്നു. ഇവരെയാണ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യവർഷത്തിലൂടെ അധിക്ഷേപിച്ച് കണ്ടക്ടർ പുറത്തിറക്കിവിട്ടത്. തനിക്ക് ബസിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കണമെന്നു പറഞ്ഞായിരുന്നു കണ്ടക്ടറുടെ പരാക്രമങ്ങൾ.