/sathyam/media/post_attachments/3PG1b3Jq9chXNssHMQG6.jpg)
കൊല്ലം: കല്ലുവാതുക്കൽ ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണത്തെക്കുറിച്ച് പാരിപ്പള്ളി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും പ്രതികൾ ഇപ്പോഴും ഇരുട്ടിൽ തന്നെ. പി പി ഇ കിറ്റും മുഖം മൂടിയും ധരിച്ചെത്തിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ജനൽ പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയത്. രാവിലെ
ബിവറേജസ് ഔട്ട്ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി അറിഞ്ഞത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 38440 രൂപയും ഒരു കേസ് വിദേശമദ്യവുമാണ് മോഷണം പോയതെന്ന് ജീവനക്കാർ പോലീസിന് മൊഴി നല്കിയിട്ടുണ്ട്.
പാരിപ്പള്ളി പോലീസ് എത്തി സി സി ടി വിയിൽ നടത്തിയ പരിശോധനയിൽ പുലർച്ചെ 1.05ന് കള്ളൻ കയറുകയും ഇരുപത് മിനിറ്റോളം അവിടെ ചിലവഴിച്ചതായും കാണുന്നുണ്ട്. മോഷ്ടാവ് പി.പി.ഇ കിറ്റും ഹാൻഡ് ഗ്ലൗസും ധരിച്ചിരുന്നുവെന്ന് ചിത്രങ്ങളിൽ കാണുന്നുണ്ട് എന്ന് പാരിപ്പള്ളി എസ് എച്ച് ഒ അൽ ജബ്ബാർ പറഞ്ഞു.
ഫോറൻസിക് വിദഗ്ദരും സ്ഥലതെത്തി പരിശോധന നടത്തിയെങ്കിലും ഹാൻഡ് ഗ്ലൗസ് ധരിച്ചിരുന്നത് കൊണ്ട് വിരലടയാളം ഒന്നും തന്നെ കിട്ടിയില്ല. പോലിസ് നായ റോഡ് വരെ പോയി നിന്നു വാഹനത്തിൽ കയറി പോയതാകും എന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. പാരിപ്പള്ളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.