ജീവിതത്തിലെ നഴ്‌സുമാർ…

Tuesday, October 8, 2019

ആരോഗ്യവകുപ്പിലായിരുന്ന അച്ഛനെയും അമ്മയെയും കാണാൻ വീട്ടിൽ വന്നിരുന്ന, അവരുടെ കൂടെ ജോലി ചെയ്തിരുന്ന പല നഴ്‌സുമാരെയും അറിയാം കുട്ടിക്കാലം മുതൽ. അവരിൽ ചിലർ പിൽക്കാലത്ത് അടുത്ത കുടുംബസുഹൃത്തുക്കളായി മാറി.

കൗസല്യ ആന്റി എന്ന നഴ്‌സ് ഞാൻ സ്‌കൂൾ കുട്ടിയായിരിക്കുന്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ ഇടപെടൽ നടത്തി. നടുക്കടലിൽ നിന്നും ഞങ്ങളുടെ ജീവിതം അവർ രക്ഷപെടുത്തി എന്ന് പറയുന്നതാവും കൂടുതൽ ശരി.

സംഭവം ഇങ്ങനെ. അച്ഛന് ഒരിക്കൽ കടുത്ത രോഗബാധയുണ്ടായി. അച്ഛൻറെ സുഹൃത്തായ ഡോക്ടർ പ്രവർത്തിക്കുന്ന സ്വകാര്യാശുപത്രിയിൽ അച്ഛനെ പ്രവേശിപ്പിച്ചു ചികിൽസിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ രോഗം ഗുരുതരമായി. അമ്മയും അച്ഛനൊപ്പം ആശുപത്രിയിലാണ്. അനിയത്തിയും ഞാനും സ്‌കൂൾ കുട്ടികൾ. കുഞ്ഞമ്മയും അമ്മാവനുമുണ്ട് ഞങ്ങളെ നോക്കാനെങ്കിലും ആശുപത്രിയിലെ വിവരങ്ങളൊന്നും ആരും ഞങ്ങളോട് പറഞ്ഞില്ല. എന്തെങ്കിലും ചോദിച്ചാൽ ‘അതൊന്നും കുട്ടികൾ അന്വേഷിക്കേണ്ട’ എന്ന മറുപടി.

അച്ഛൻറെ രോഗം ഗുരുതരമാണെന്ന് മറ്റുള്ളവരുടെ സംഭാഷണങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. അച്ഛൻ മരിച്ചാൽ തുടർന്നു ചെയ്യേണ്ട കാര്യങ്ങൾ അകത്തെ മുറിയിൽ ചില മുതിർന്നവർ ചർച്ച ചെയ്യുന്നത് ഞാനും അനിയത്തിയും കേട്ടു. ഞങ്ങൾ രണ്ടുപേരും മറ്റൊന്നും ചെയ്യാനാവാത്തതിനാൽ മാറിനിന്ന് കരഞ്ഞു. കരഞ്ഞതിനും ആരോ വഴക്കു പറഞ്ഞു. വീട്ടിൽ അച്ഛനും അമ്മയും ഇല്ലെങ്കിൽ ആർക്കും വഴക്കു പറയാമല്ലോ. ഞങ്ങളെ ആരും ഒരു പ്രാവശ്യം പോലും അവരുടെ ശരീരത്തോടെ ചേർത്തുപിടിച്ച്, ആശ്വസിപ്പിച്ചില്ല. അന്ന് ബന്ധുക്കളിൽ നിന്ന് കിട്ടാത്ത ആ ആലിംഗനവും ആശ്വാസവാക്കും തിരിഞ്ഞു നോക്കുന്പോൾ ഇന്നും ജീവിതവഴിയിലെ ശൂന്യമായ ഒരിടം തന്നെയാണ്. എല്ലാവരും സ്നേഹമുള്ള മനുഷ്യർ തന്നെയായിരുന്നു. പക്ഷേ, കുട്ടികളെ ആശ്വസിപ്പിക്കാൻ അറിയില്ലായിരുന്നു എന്നു മാത്രം.

ഇതിനിടയിൽ അച്ഛൻറെ സുഹൃത്തും സർക്കാരാശുപത്രി നഴ്‌സുമായ കൗസല്യ ആന്റി ചികിത്സയിൽ ഇടപെട്ടു. അവർ വാശിപിടിച്ച് അച്ഛനെ ഒരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സ്വകാര്യാശുപതിയിലെ അച്ഛൻറെ സുഹൃത്ത് ഡോക്ടറും പരാജയം സമ്മതിച്ച അവസ്ഥയിലായിരുന്നതിനാൽ ആന്റിക്കു മുന്നിൽ വഴങ്ങി. ശേഷം കൗസല്യ ആൻറി വീട്ടിൽ വന്ന് കുട്ടികളായ ഞങ്ങളെ ആശ്വസിപ്പിച്ച്, കയ്യിൽ കരുതിയ ഭക്ഷണവും നൽകി. ഞങ്ങൾ കരഞ്ഞപ്പോൾ ആൻറി ഞങ്ങളെ കെട്ടിപ്പിടിച്ച് ഞങ്ങളുടെ കണ്ണീർ തുടച്ചു. ഒരു പക്ഷേ, ഒരു നഴ്സിന് മാത്രം കിട്ടിയ പരിശീലനമായിരിക്കാം അത്. ജീവിതത്തിൽ ആരോ ബാക്കിയുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയ നിമിഷം..!

മെഡിക്കൽ കോളേജിലെത്തി ദിവസങ്ങൾക്കകം അച്ഛന് ബോധം തെളിഞ്ഞു. അച്ഛനെ ചികിൽസിച്ച പ്രൊഫസർ സി.കെ. ഗോപി എന്ന പ്രഗത്ഭ ഡോക്ടർ കൗസല്യ ആന്റിയുടെ സുഹൃത്തുമായിരുന്നു. ഒരു മാസത്തിലധികം അച്ഛൻ മെഡിക്കൽ കോളേജിൽ കിടന്നു. രോഗം ഭേദമായിത്തുടങ്ങിയപ്പോൾ അച്ഛനെ സന്ദർശിക്കാൻ ഞങ്ങളും പോയി. ശരീരം എല്ലുമാത്രമായി, താടി വളർന്ന്, കട്ടിലിൽ അവശനായി കിടന്ന മനുഷ്യൻ അച്ഛനാണെന്ന് വിശ്വസിക്കാൻ കുട്ടികളായ ഞങ്ങൾക്ക് പ്രയാസമായിരുന്നു. അച്ഛൻ ഞങ്ങളെ നോക്കി ചിരിച്ചപ്പോഴാണ് ആളെ മനസ്സിലായത്. 1972 -ൽ നഷ്ടപ്പെടേണ്ട ആ ചിരി 2012 വരെ നീട്ടിക്കിട്ടിയതിനു പ്രധാന കാരണമായത് കൗസല്യ ആൻറിയാണ്. നാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഞാൻ സമയമുണ്ടാക്കി കൗസല്യ ആന്റിയെ കണ്ടിരുന്നതിനു കാരണം ഇതാണ്. കരളിൽ ഒളിഞ്ഞിരുന്ന ആ പഴയ രോഗം തന്നെയാണ് നാൽപതു വർഷത്തിന് ശേഷം കാൻസറായി വന്ന് അച്ഛനെ വീഴ്‌ത്തിയത്. അടുത്തിടെ കൗസല്യ ആന്റി മരിച്ചപ്പോൾ അവരുടെ മക്കൾക്കൊപ്പം ഞാനും വേദനിച്ചു. ഡോ: സി.കെ. ഗോപി ചെറുപ്പത്തിൽ മരിച്ചുപോയി. പിൽക്കാലത്ത് അദ്ദേഹത്തിൻറെ മകൾ ഡോ: മീരയും മരുമകൻ ഡോ: കുര്യനും മരുമകൾ ലതാ കൃഷ്ണനും എന്റെ അടുത്ത സുഹൃത്തുക്കളായി മാറി.

1983 – ൽ പ്രവശന പരീക്ഷ ആരംഭിച്ച കാലത്ത് ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിക്കാൻ ചേർന്നു. ആ വർഷം കേരളത്തിൽ ബി.എസ്.സി. നഴ്സിങ്ങും ആരംഭിച്ചിരുന്നു. നഴ്സിങ് പഠനത്തിൽ കാതലായ മാറ്റം സൃഷ്ടിച്ച ഒരു തീരുമാനം. അന്ന് നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയ പല കുട്ടികളും പ്രീ ഡിഗ്രി പരീക്ഷയിൽ ഞങ്ങളെക്കാൾ മാർക്കുള്ളവരായിരുന്നു. പ്രവേശന പരീക്ഷയിൽ അല്പം പിറകിലായോ, പ്രവേശന പരീക്ഷാ കോച്ചിങ് കിട്ടാതെയോ പോയ ചിലർ.

ചില കുട്ടികൾ പഠനം പൂർത്തിയാക്കി അമേരിക്കയിലോ ഇംഗ്ലണ്ടിലോ പോകുകയെന്ന തീരുമാനവുമായി നഴ്സിങ് തന്നെ തെരഞ്ഞെടുത്ത് വന്നവരായിരുന്നു. ആ സുഹൃത്തുക്കളിൽ കലയും ഷെറിയും ഷഹിയും പഠനം കഴിഞ്ഞയുടൻ അമേരിക്കയിലെത്തി. ഇവർ പഠിത്തത്തിൽ മിടുക്കരായതിനാൽ അമേരിക്കയിൽ കുറെ വർഷങ്ങൾ കൂടി പഠിച്ച് നഴ്‌സ് പ്രാക്ടീഷണർമാരായി. പല മരുന്നുകളും കുറിക്കാനും ഫിസിക്കൽ തെറാപ്പി തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനും മരണ സർട്ടിഫിക്കറ്റ് കൊടുക്കാൻ പോലും അനുവാദമുള്ള പ്രാക്ടീഷണർമാർ. അമേരിക്കയിൽ വന്നതിനു ശേഷം പല നഴ്‌സ് പ്രാക്ടീഷണർമാരെയും പരിചയെപ്പെട്ടു. അടുത്തിടെ പരിചയപ്പെട്ട ശ്രീജ ഉൾപ്പെടെ സമർത്ഥരായ നിരവധി മലയാളികൾ. അന്ന് നഴ്സിങ് കോളേജിൽ പഠിച്ച റോയ്, ഭാസൻ, ജൂനിയറായ പ്രദീപ് തുടങ്ങിയവർ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ലോകത്തിൻറെ പല ഭാഗങ്ങളിലായി.

1999 – ൽ ലോകാരോഗ്യ സംഘടനയിൽ ജോലികിട്ടി ഡൽഹിയിൽ മൂന്നാഴ്ചത്തെ പരിശീലനം നടക്കുന്ന സമയം. പല ദിവസങ്ങളിലും ഫീൽഡ് വിസിറ്റുണ്ട്. ഒരു ദിവസം ഡൽഹിയിലെ സർക്കാർ ആശുപത്രികളായിരുന്നു സന്ദർശനം. എൻറെ ചെറിയ ഗ്രൂപ്പ് സന്ദർശിച്ചത് ഡൽഹി മുനിസിപ്പൽ കോർപറേഷൻറെ ഒരു വലിയ ആശുപത്രിയായിരുന്നു എന്നാണ് ഓർമ്മ.

രാവിലെ തന്നെ ഞങ്ങൾ ആ ആശുപത്രിക്കകത്ത് എത്തി. ആശുപത്രിയും രോഗികളും പതിയ സജീവമായി വരുന്നതേയുള്ളൂ. അതിനിടയിൽ എന്തോ കാര്യം അന്വേഷിക്കാനായി ഞാൻ ഒരു മുറിയിലേയ്ക്ക് കയറി. അവിടെ ഒരു വലിയ മേശയ്ക്കു ചുറ്റും മൂന്ന് നഴ്‌സുമാർ ചർച്ചയിലാണ്. സീനിയർ നഴ്‌സുമാരാണെന്ന് അവരുടെ യൂണിഫോം കണ്ടാലറിയാം.

അവർ ആശുപത്രിയിലെ അന്നത്തെ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് മനസ്സിലായി. ഞാൻ ഇംഗ്ളീഷിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു നഴ്‌സ് എന്നോട് മലയാളിയാണോ എന്ന് ചോദിച്ചു. അതിനിടെ മറ്റൊരാൾ എന്നെ ഏഷ്യാനെറ്റിലെ ‘പൾസ്’ പരിപാടിയിലെ ഡോക്ടർ എന്ന് തിരിച്ചറിഞ്ഞു. തീർത്തും അവിശ്വസനീയമായിരുന്നു ആ സംഭവം. എന്നെ തിരിച്ചറിഞ്ഞതിലല്ല, അവർ മൂന്നുപേരും മലയാളികളായിരുന്നു എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. അതും ഹെഡ് നഴ്‌സുമാർ. ഇത് ഡൽഹിയിൽ വലിയ അതിശയമല്ലെന്നാണ് അവർ അന്നെന്നോട് പറഞ്ഞത്. ഈ കഥ ഒരിക്കൽ ഞാൻ ഡൽഹി മനോരമയിൽ എഴുതിയിരുന്നു.

ഞാനും സന്ധ്യയും ഈ വർഷം തിരുവനന്തപുരത്തെ ഒരു മിടുക്കി പെൺകുട്ടിയെ നഴ്സിങ്ങിന് പഠിക്കാൻ പ്രേരിപ്പിച്ചു, സുഹൃത്ത് മീര നായരുടെ മകൾ മേഘ വത്സരാജ്. അവൾക്ക് അഡ്മിഷൻ കിട്ടി കഴിഞ്ഞയാഴ്ച ക്ലാസ് തുടങ്ങി. ജീവിതത്തിനു മുന്നിലെ താൽക്കാലിക വെല്ലുവിളികളെ നേരിടാൻ പെട്ടെന്ന് സജ്ജയാകാൻ ഇതിലും നല്ലൊരു കോഴ്സ് പറഞ്ഞുകൊടുക്കാൻ ഞങ്ങൾക്കറിയില്ലായിരുന്നു.

ലോകത്ത് നഴ്‌സുമാരുടെ ജോലിസാധ്യത ഒരിക്കലും അവസാനിക്കില്ല. ലോകമാകമാനം വൃദ്ധരുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്, പ്രത്യേകിച്ചും ധനിക രാഷ്ട്രങ്ങളിൽ. ഇവിടെയെല്ലാം നല്ല നഴ്‌സുമാരെ ആവശ്യമുണ്ട്.

പല സന്പന്നരാജ്യങ്ങളിലും നഴ്‌സുമാരുടെ തൊഴിൽസാധ്യത ആശുപത്രി നഴ്‌സ് ആയോ നഴ്‌സ് പ്രാക്ടീഷണറായോ മാത്രമല്ല. പല രാജ്യങ്ങളിലും നഴ്‌സുമാർ വീണ്ടും പല കോഴ്‌സുകളും പഠിക്കുന്നു. ഞാൻ തിമോറിൽ ലോകാരോഗ്യ സംഘടനയിൽ ജോലി ചെയ്യുന്പോൾ എൻറെയൊപ്പം ഇന്റേൺഷിപ്പിനു വന്ന ആസ്ട്രേലിയക്കാരി നഴ്‌സ് ലിസി നിജാം ഇപ്പോൾ ഡോക്ടർ ലിസി നിജാം ആണ്. അവർ നഴ്സിങ്ങിന് ശേഷം ആസ്‌ട്രേലിയയിൽ മെഡിസിൻ പഠിച്ചു. ഇവിടെ അമേരിക്കയിൽ ഉപരിപഠനത്തിലൂടെ പി.എച്ച്.ഡി. എടുക്കുന്ന നഴ്‌സുമാർ ധാരാളമുണ്ട്. ലോകാരോഗ്യ സംഘടനയിലെ ചില ആഗോള സമിതികളിൽ എന്റെയൊപ്പം ഇരിക്കുന്ന പലരും ഇത്തരത്തിൽ ഉപരിപഠനം നടത്തി വലിയ ഡിഗ്രികളും ഉയർന്ന ജോലികളും നേടിയവരും അതി സമർത്ഥരുമാണ്.

പഴയ ഒരു കാര്യം കൂടി പറയാം. മെഡിസിൻ പാസായി ഹൗസ് സർജൻസി തുടങ്ങിയ ആദ്യ ദിവസങ്ങളിൽ വാർഡിൽ രാത്രി ഡ്യൂട്ടി എടുക്കാൻ പേടിയായിരുന്നു. ഉറങ്ങാത്തവന് കാംപോസ് കൊടുക്കാൻ സിസ്റ്റർ പറയും. എഴുതാൻ അധികാരം നമുക്കാണെങ്കിലും പേടി കാരണം പല മരുന്നും എഴുതാനറയ്ക്കുന്പോൾ, ധൈര്യം തന്ന അന്നത്തെ ഹെഡ് സിസ്റ്റർമാറായിരുന്ന ഏലിക്കുട്ടി സിസ്റ്ററും സാവിത്രി സിസ്റ്ററും എന്നും എന്റെ ഗുരുസ്ഥാനത്തു തന്നെയാണ്. അവർ ഞങ്ങളുടെ ചില പ്രൊഫസർമാരുടെ സഹപാഠികളുമായിരുന്നു. അവരായിരുന്നു ആശുപത്രിയിൽ പ്രൊഫസർമാരുടെ ഏറ്റവും വിശ്വസ്തരും. ഞാനെഴുതിയ നോവലിൽ ഇരുവരും കഥാപാത്രങ്ങളാണ്.

ഏറ്റവുമടുത്ത സുഹൃത്ത് ഡോക്ടർ ഹേമചന്ദ്രൻറെ അച്ഛൻ ഡോക്ടറും അമ്മ നഴ്സും ആയിരുന്നു. ഹേമനെ പരിചയപ്പെട്ടപ്പോൾ ഞങ്ങൾക്കും കൂടി അമ്മയായ ആ അമ്മ നാട്ടിൽ നഴ്സമ്മ ആയിരുന്നു. മെഡിക്കൽ കോളേജിലെ പല അദ്ധ്യാപരുടെയും സുഹൃത്തുക്കളുടെയും ഭാര്യമാർ നഴ്‌സുമാരാണ്. ആശുപത്രിയിലെ സൗഹാർദ്ദം വീട്ടിലേയ്ക്കും പടർത്തിയവർ..!

×