കര്‍ഫ്യൂ അവസാനിച്ചെന്ന് കരുതി ആരും പുറത്തിറങ്ങി നടക്കരുതേ…നെഞ്ചുപൊട്ടി പറയുകയാണ്, എല്ലാവരും സര്‍ക്കാര്‍ പറയുന്നത് പാലിക്കുക; കാരണം ഞങ്ങള്‍ മരണം കണ്ട് മടുത്തൂ…കുവൈറ്റില്‍ നിന്ന് അപേക്ഷയുമായി മലയാളി നേഴ്‌സുമാര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, May 31, 2020

കുവൈറ്റ് സിറ്റി: സമ്പൂര്‍ണ കര്‍ഫ്യൂ പിന്‍വലിച്ച് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റില്‍. ഈ സാഹചര്യം ദുരുപയോഗം ചെയ്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു.

കൊവിഡ് രോഗികളുടെ ദുരവസ്ഥ ഏറ്റവും അടുത്തറിയുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. രോഗവ്യാപനത്തിന്റെ അപകടാവസ്ഥ ഏറ്റവും അടുത്തറിയാവുന്നതും അവര്‍ക്ക് തന്നെ. ഈ സാഹചര്യത്തില്‍ കര്‍ഫ്യൂ ഇളവുകള്‍ ദുരുപയോഗം ചെയ്ത് പുറത്തിറങ്ങരുതെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റിലെ ചില മലയാളി നേഴ്‌സുമാര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അവര്‍ അപേക്ഷിക്കുന്നു.

കൊവിഡ് രോഗി ഒരിറ്റ് ശ്വാസത്തിന് വേണ്ടി അനുഭവിക്കുന്ന അവസ്ഥ കണ്ടാല്‍ മാത്രമേ മനസിലാകൂവെന്ന് ഇവര്‍ പറയുന്നു. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അപേക്ഷിച്ചാണ് ഇവരുടെ വീഡിയോ അവസാനിക്കുന്നത്.

വീഡിയോയില്‍ നേഴ്‌സുമാര്‍ പറഞ്ഞത് (പ്രസക്ത ഭാഗങ്ങള്‍…)

കൊവിഡില്‍ നമ്മള്‍ പകച്ച് നില്‍ക്കുന്ന അവസ്ഥയാണ്. കുവൈറ്റ് ഭരണകൂടം അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ സൗകര്യങ്ങളും ചികിത്സകളും കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഇന്നൊരു ദിവസം കൊണ്ട് കര്‍ഫ്യൂ തീരുകയാണ്. നമുക്ക് പുറത്തുപോകാന്‍ സ്വാതന്ത്ര്യം കിട്ടിയെന്ന് എന്നാല്‍ ആരും വിചാരിക്കരുത്. ഞങ്ങള്‍ ഇത് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ നെഞ്ചിന്റെയുള്ളില്‍ നിന്ന് നിങ്ങളോട് കെഞ്ചി പറയുകയാണ്. നിങ്ങള്‍ അത്യാവശ്യമുള്ള കാര്യത്തിന് മാത്രമേ പുറത്ത് പോകാവൂ.

ഇന്നലെ ഞങ്ങള്‍ നൈറ്റ് ഡ്യൂട്ടിക്ക് വരുമ്പോള്‍ ‘വോക്കിംഗ് ടൈമില്‍’ നിരവധി പേര്‍ അങ്ങോട്ടും ഇങ്ങോട്ടുമായി പോകുന്നത് കണ്ടു. ആരും വേണ്ട വിധം മാസ്‌ക് ഉപയോഗിച്ചിട്ടില്ല. ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നതും കണ്ടു.

ഒരിറ്റ് ശ്വാസത്തിനായി രോഗി അനുഭവിക്കുന്ന അവസ്ഥ…അത് കണ്ടാലേ മനസിലാകൂ. അതുപോലെയാണ് രോഗികള്‍ അനുഭവിക്കുന്നത്. അത്തരമൊരു വീഡിയോ കണ്ടുകഴിഞ്ഞാല്‍ അത്യാവശ്യത്തിനല്ലാതെ നിങ്ങള്‍ പുറത്തുപോകില്ല. അതുകൊണ്ട് വീണ്ടും വീണ്ടും പറയുകയാണ്, സര്‍ക്കാര്‍ പറയുന്നത് അംഗീകരിച്ച് മുന്നോട്ടുപോകണം.

ഇന്നലെ തന്നെ ഒരു ബേസ്‌മെന്റില്‍ വീണു കിടന്ന നാല്‍പതുകാരനായ മലയാളിയുടെ അടുത്ത് കൊവിഡ് പേടിച്ച് ആരും അടുത്തു ചെന്നില്ല. ആംബുലന്‍സുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എത്തിച്ചപ്പോഴേക്കും മരിച്ചു. എന്തെങ്കിലും ചെയ്യാന്‍ സാധിക്കണമേയെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ, അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അതുകൊണ്ട് അത്യാവശ്യമുള്ള കാര്യത്തിന് മാത്രമേ പുറത്തു പോകാവൂ. നമ്മുടെ ജീവനാണ് വിലപ്പെട്ടത്. നമുക്കെല്ലാം കുടുംബമുണ്ട്. കുടുംബത്തിന് കൊടുക്കുന്ന അതേ പ്രാധാന്യമാണ് ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റിനും ഞങ്ങള്‍ കൊടുക്കുന്നത്.

ഞങ്ങള്‍ എട്ടും ഒമ്പതും പേര്‍ ഒരു ഷിഫ്റ്റിലുണ്ടായിരുന്നയിടത്ത് ഇപ്പോള്‍ മൂന്നും നാലും പേര്‍ മാത്രമായി. ഓരോ ദിവസും രണ്ടും മൂന്നും പേരായി കുറയുകയാണ്. ഒരുപാട് ഞങ്ങള്‍ കഷ്ടപ്പെടുന്നുണ്ട്. എട്ട് മണിക്കൂര്‍ ഡ്യൂട്ടി ചെയ്തിരുന്നയിടത്ത് 12 മണിക്കൂര്‍ ഡ്യൂട്ടിയായി.

നിങ്ങള്‍ കൂടി വിചാരിച്ചാല്‍ മാത്രമേ ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാകൂ. ‘നമുക്ക് രക്ഷപ്പെടേണ്ടേ…’. നെഞ്ചു പൊട്ടി പറയുകയാണ്. എല്ലാവരും സര്‍ക്കാര്‍ പറയുന്നത് പാലിക്കുക. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ടപോലെ ഉപയോഗിക്കുക. അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത്. കര്‍ഫ്യൂ അവസാനിച്ചെന്ന് കരുതി പുറത്തിറങ്ങി നടക്കരുത്. കാരണം ഞങ്ങള്‍ മരണം കണ്ട് മടുത്തു…

×